Latest News

പാകിസ്താനെതിരേ ബംഗ്ലാദേശിന് ചരിത്ര വിജയം; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി

പാകിസ്താനെതിരേ ബംഗ്ലാദേശിന് ചരിത്ര വിജയം; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി
X

റാവല്‍പിണ്ടി: പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ് ചരിത്രമെഴുതിയപ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മാറ്റം. ഇംഗ്ലണ്ടിനെ പിന്തള്ളി ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് കയറി. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ബംഗ്ലാദേശ് ചരിത്രത്തില്‍ ആദ്യമായി പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ ചരിത്ര ജയം നേടിയ ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയം നേടിയാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു തൂത്തുവാരിയത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആറ് കളികളില്‍ നിന്നു മൂന്ന് വീതം ജയവും തോല്‍വിയുമായി ബംഗ്ലാദേശ് നേരിയ പോയിന്റിന്റെ മുന്‍തൂക്കത്തിലാണ് നാലാമതായത്. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. ഇംഗ്ലണ്ടിനു 45 പോയിന്റും ബംഗ്ലാദേശിനു 45.83 പോയിന്റും. പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

പാകിസ്താന്‍ തുടരെ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട് പാകിസ്ഥാന്‍ എട്ടാം സ്ഥാനത്തേക്ക് വീണു. വെസ്റ്റ് ഇന്‍ഡീസാണ് അവസാന സ്ഥാനത്ത്. ഏഴില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമാണ് പാകിസ്താന്. വിന്‍ഡീസാകട്ടെ 9 ടെസ്റ്റുകളില്‍ നിന്നു ഒരു ജയവും ആറ് തോല്‍വിയുമാണ് നേരിട്ടത്.


ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും തോറ്റതോടെ നാണക്കേടിലായി പാകിസ്താന്‍ ക്രിക്കറ്റ് ടീം. ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങള്‍ക്കെതിരെയും സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന രണ്ടാമത്തെ മാത്രം ടീമാണു പാകിസ്താന്‍. ബംഗ്ലദേശാണ് നാട്ടില്‍ എല്ലാ ടീമുകള്‍ക്കെതിരെയും ടെസ്റ്റ് തോറ്റ ആദ്യ ടീം. നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക് പാകിസ്താനെ തള്ളിയിട്ടതും അതേ ബംഗ്ലദേശ് ആണ്.

സ്വന്തം നാട്ടില്‍ ഒടുവില്‍ കളിച്ച പത്ത് ടെസ്റ്റുകളില്‍ ഒരിക്കല്‍ പോലും വിജയിക്കാന്‍ പാക്ക് ടീമിനു സാധിച്ചിട്ടില്ല. 10 ടെസ്റ്റില്‍ ആറു സമനിലകളും നാലു തോല്‍വിയുമാണ് പാകിസ്താനുള്ളത്. പാകിസ്താന്‍ സ്വന്തം നാട്ടില്‍ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത് 1303 ദിവസം മുന്‍പാണ്. 2021 ഫെബ്രുവരി എട്ടിന് ദക്ഷിണാഫ്രിക്കയെയാണ് പാകിസ്താന്‍ അവസാനം തോല്‍പിച്ചത്.





Next Story

RELATED STORIES

Share it