Latest News

ഹൂഥി ആക്രമണം: ജിസാനില്‍ പെട്രോളിയം ടെര്‍മിനലിന് തീപ്പിടിച്ചു

ജിസാനു പുറമെ സൗദിയിലെ മറ്റിടങ്ങളിലും ഹൂഥികള്‍ ആക്രമണം നടത്തി. ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളും ഹൂത്തി ഭീകരര്‍ ലക്ഷ്യമാക്കിയതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു

ഹൂഥി ആക്രമണം: ജിസാനില്‍ പെട്രോളിയം ടെര്‍മിനലിന് തീപ്പിടിച്ചു
X
റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ ഹൂഥികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പെട്രോളിയം ടെര്‍മിനലിന് തീപ്പിടിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് ജിസാനില്‍ ആക്രമണമുണ്ടായത്. ജിസാനില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണ ടെര്‍മിനലിനുനേരെ ആക്രമണ ശ്രമം നടന്നതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു. ടെര്‍മിനലിലെ ഒരു ടാങ്കിനു തീപ്പിടിച്ചതായും ആളപായമില്ലെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.


ജിസാനു പുറമെ സൗദിയിലെ മറ്റിടങ്ങളിലും ഹൂഥികള്‍ ആക്രമണം നടത്തി. ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളും ഹൂത്തി ഭീകരര്‍ ലക്ഷ്യമാക്കിയതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പട്ടണമായ ഖമീസ് മുഷൈത്തിനുനേരയും ഡ്രോണുകളിലൊന്ന് വന്നതായി സഖ്യസേന വക്താവ് അറിയിച്ചു. രാജ്യത്തെ വിവിധ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ എട്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ദക്ഷിണ സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണ ശ്രമങ്ങളുണ്ടായത്.


ഹൂഥികളുടെ ആക്രമണങ്ങള്‍ സൗദി അറേബ്യയെ മാത്രമല്ല, പെട്രോളിയം കയറ്റുമതിയെയും ഊര്‍ജ വിതരണത്തെയും സ്വതന്ത്ര്യ ആഗോള വ്യാപാരത്തെയും ലക്ഷ്യമിടുകയാണെന്ന് സൗദി അറേബ്യ ആരോപിച്ചു. യെമനിലെ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശക്തമായ ആക്രമണമുണ്ടായത്. സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അപലപിച്ചു.


സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയും തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ടും അടിക്കടി നടത്തുന്ന ആക്രണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികളെടുക്കണമെന്ന് ജി.സി.സി മേധാവി നാഇഫ് അല്‍ ഹജ്‌റഫ് പറഞ്ഞു. അറബ് പാര്‍ലമെന്റും, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും യുഎഇ, ബഹ്‌റൈന്‍, ജോര്‍ദാന്‍ അടക്കമുള്ള രാജ്യങ്ങളും ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.




Next Story

RELATED STORIES

Share it