Latest News

ഒഡീഷ കൊവിഡിനെ പിടിച്ചുകെട്ടുന്നതെങ്ങിനെ?

ഒഡീഷ കൊവിഡിനെ പിടിച്ചുകെട്ടുന്നതെങ്ങിനെ?
X

കെ സഹദേവന്‍

കൊവിഡ് പ്രതിരോധത്തിന് നിരവധി മാതൃകകളുണ്ട്. കേരളം ഒരു മാതൃകയാണ്. അതേസമയം താരതമ്യേന ദരിദ്രസംസ്ഥാനമായ ഒഡീഷയില്‍ കേരളത്തേക്കാള്‍ മെച്ചപ്പെട്ട പ്രതിരോധം നടപ്പാക്കിയിരിക്കുന്നു. ഇതുവരെ 1,981 മരണങ്ങളാണ് അവിടെയുണ്ടായത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് രംഗത്തെ പരിചയസമ്പത്തും ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്തിയുമാണ് അവര്‍ ആ നേട്ടം കൈക്കൊണ്ടത്. അതേ കുറച്ചാണ് കെ സഹദേവന്‍ എഴുതുന്നത്.

കൊവിഡിനെ നേരിടാന്‍ പോലിസിനെയല്ല, ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും ആണ് ഒഡീഷ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഒഡീഷ സംസ്ഥാനത്ത് ഇതുവരെയുള്ള കൊവിഡ് കേസുകള്‍ 4,01,341 ആണ്. ആക്ടീവ് കേസുകള്‍ 39,840. നാളിതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊവിഡ് മരണങ്ങള്‍ 1,981. കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ ഒഡീഷ മുന്നില്‍ നില്‍ക്കുന്നതെന്തുകൊണ്ടാണ്?

രണ്ട് കാരണങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്.

അതിലൊന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് രംഗത്തുള്ള സംസ്ഥാനത്തിന്റെ പരിചയ സമ്പത്താണ്. ആവര്‍ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ നേടിയെടുത്ത അനുഭവസമ്പത്ത് കൊവിഡിനെ പിടിച്ചു കെട്ടാന്‍ ഒഡീഷ സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നു.

രണ്ടാമത്തെ സുപ്രധാന കാരണം, അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ടതാണ്. കൊവിഡിനെ നേരിടാന്‍ ഗ്രാമ സര്‍പാഞ്ചുകള്‍ക്ക് (പഞ്ചായത്ത് പ്രസിഡണ്ടിന് തുല്യം) ജില്ലാ ഭരണാധികാരിയുടെ അധികാരം നല്‍കി എന്നതാണ് ഒഡീഷ സര്‍ക്കാര്‍ വലിയൊരു കാര്യം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് സെക്ഷ്ഷന്‍ 51 അനുസരിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. ഇത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു എന്നതാണ്. ക്വാറന്റൈനുകളില്‍ കഴിയേണ്ട ആളുകളെ 14 ദിവസത്തേക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കി പരിപാലിക്കാന്‍ ഗ്രാമീണ മേഖലയില്‍ തന്നെ സൗകര്യമൊരുക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. കൊവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് 200 കോടി രൂപ സര്‍ക്കാര്‍ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുകയുണ്ടായി.

കൊവിഡ് ഹോസ്പിറ്റലുകളുടെയും ഐസിയു ബെഡുകളുടെയും എണ്ണം ഇക്കാലയളവില്‍ കൂട്ടിക്കൊണ്ടിരുന്നു. ഓക്‌സിജന്‍ ക്ഷാമം മുന്നില്‍ കണ്ടുകൊണ്ട് അവയ്ക്കുള്ള സംവിധാനങ്ങള്‍ ഒഡീഷ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. 510 മെട്രിക് ടണ്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം നേരിടുന്ന സംസ്ഥാനങ്ങളിലേക്കായി ഒഡീഷ സര്‍ക്കാര്‍ അയച്ചുകൊടുത്തതും വാര്‍ത്തയായിരുന്നു.

ഒരു കാര്യം കൂടി പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്, കൊവിഡിനെ നേരിടാന്‍ പോലീസിനെയല്ല, ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും ആണ് ഒഡീഷ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

തങ്ങളുടെ പഞ്ചായത്ത് പരിധിയില്‍ ജില്ലാ ഭരണാധികാരിയുടെ അധികാരം ലഭിച്ചതിലൂടെ എങ്ങിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്നാണ് സുന്ദര്‍ഗഢ് ജില്ലയിലെ ബിര്‍കേര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സംയുക്ത വിശദീകരിക്കുന്നത്. അധികാര വികേന്ദ്രീകരണം ദേശീയ ദുരന്തങ്ങളെ നേരിടുന്നതില്‍ എത്രമാത്രം ഫലപ്രദമാണ് എന്നതിന്റെ തെളിവുകൂടിയാണ് സംയുക്തയുടെ വിശദീകരണം.

ഒഡീഷ കോവിഡിനെ പിടിച്ചുകെട്ടുന്നതെങ്ങിനെ? ---------- ഒഡീഷ സംസ്ഥാനത്ത് ഇതുവരെയുള്ള കോവിഡ് കേസുകൾ 4,01,341 ആണ്. ആക്ടീവ്...

Posted by Sahadevan K Negentropist on Saturday, April 24, 2021


Next Story

RELATED STORIES

Share it