Latest News

മനുഷ്യാവകാശം, പൗരത്വം, ദേശീയത; മനുഷ്യാവകാശ ദിനത്തില്‍ ചില ചിതറിയ ആലോചനകള്‍

മനുഷ്യാവകാശം ദേശീയതാ നിരപേക്ഷമായി നമുക്ക് നിര്‍വചിക്കാനാവുമോയെന്നതാണ് പുതിയ കാലം ഉറ്റുനോക്കുന്നത്. അതങ്ങനെയാണെങ്കില്‍ മാത്രമേ അഭയാര്‍ത്ഥിപ്രശ്‌നത്തിലും പൗരത്വ നഷ്ടത്തിനും പ്രതിവിധി കാണാനാവൂ- ഡിസംബര്‍ 10 ലോക മനുഷ്യാവകാശ ദിനം

മനുഷ്യാവകാശം, പൗരത്വം, ദേശീയത; മനുഷ്യാവകാശ ദിനത്തില്‍ ചില ചിതറിയ ആലോചനകള്‍
X

ഡിസംബര്‍ പത്ത് മനുഷ്യാവകാശ ദിനമാണ്. ആദ്യകാലങ്ങളില്‍ അത് കേവലമൊരു ദിനാചരണം മാത്രമായിരുന്നുവെങ്കില്‍ ഇന്നത്തെ ഇന്ത്യയില്‍ മനുഷ്യാവകാശമെന്നത് ജീവന്മരണ പ്രശ്‌നമായി മാറിയിരിക്കുന്നു.

കശ്മീരില്‍ ജീവന്‍ നഷ്ടപ്പെടുന്നവരും ആക്രമിക്കപ്പെടുന്നവരുമായ സാധാരണ ജനങ്ങള്‍, നാഗാലാന്‍ഡില്‍ സൈനികാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന പ്രദേശവാസികള്‍, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോലിസ് നടപടികള്‍ക്ക് വിധേയരാകുന്ന ദലിത്, ആദിവാസി ജനവിഭാഗങ്ങള്‍... എന്നിങ്ങനെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നവരുടെ പട്ടിക നീളുകയാണ്.

ജാതികൊണ്ടും സമ്പത്തുകൊണ്ടും പദവികൊണ്ടും അധികാരം കൊണ്ടും അതുപോലുള്ള നിരവധി വ്യത്യസ്തതകള്‍കൊണ്ട് താഴെത്തലത്തിലാവുകയെന്നതാണ് ഒരാളെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാക്കുന്നതില്‍ പ്രധാന കാരണങ്ങളില്‍ ചിലത്.

ആദ്യ ഘട്ടത്തില്‍ മനുഷ്യാവകാശം ഭരണഘടനാപരമായ നിയമ വ്യവസ്ഥയ്ക്കുള്ളിലുള്ള ഒരവകാശമായാണ് നാം കണ്ടിരുന്നത്. നിയമം എന്ത് പറയുന്നു. നിയമമനുസരിച്ച് ഒരു കാര്യം ശരിയാണോ എന്നൊക്കെയാണ് നാം പരിശോധിച്ചിരുന്നത്. പില്‍ക്കാലത്ത് സംഭവങ്ങളുടെ സങ്കീര്‍ണതകള്‍ വര്‍ധിക്കുകയും ചൂഷണവും അതിക്രമവും ശക്തമാവുകയും ഇരകള്‍ തിരിച്ചടിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചിന്തകളില്‍ ചില പുതുക്കലുകള്‍ വേണമെന്നായി. ആക്രമണം നടത്തുന്നയാളും ആക്രമണത്തിനിരയാകുന്നയാളും ഒരു പോലെയാണോ? ആക്രമണത്തിന് നേതൃത്വം നല്‍കുന്നയാളോട് തിരിച്ചടിക്കുന്നയാള്‍ നിയമപരമായി തെറ്റുകാരനായിരിക്കുമ്പോള്‍ത്തന്നെ അയാളെ അക്രമിയോടെന്നപോലെ മാത്രം പെരുമാറാനാവുമോ? അങ്ങനെ പെരുമാറിയാല്‍ അത് യാഥാര്‍ത്ഥ്യങ്ങളോടുള്ള ശരിയായ സമീപനമായിരിക്കുമോ? ന്യായമായിരിക്കുമോ?... ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ ഫ്യൂഡല്‍ സേനകള്‍ക്കെതിരേ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് ഈ ആലോചനകള്‍ ആവശ്യമായത്.

മനുഷ്യാവകാശം നിയമത്തെപ്പോലെത്തന്നെ നീതിയിലധിഷ്ടിതമായിരിക്കണമെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ആലോചിക്കാന്‍ തുടങ്ങിയതിന്റെ ഒരു സാഹചര്യമിതാണ്. നക്‌സലൈറ്റ്, മാവോവാദി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ ഈ ഘട്ടം ആദ്യം കടന്നുവരുന്നത്. ആന്ധ്രയിലെ അഭിഭാഷകരായ ബാലഗോപാലും കണ്ണബീരാനുമൊക്കെ തങ്ങളുടെ പ്രസ്ഥാനങ്ങളെ ഈ ചോദ്യങ്ങളിലൂടെയാണ് നയിച്ചത്. തിരിച്ചടിക്കുന്നവര്‍ക്ക് മനുഷ്യാവകാശത്തിന് അര്‍ഹതയുണ്ടോയെന്ന ചോദ്യം സാധാരണക്കാരേക്കാള്‍ നിയമവ്യവസ്ഥ തന്നെയാണ് ചോദിച്ചുകൊണ്ടിരുന്നത്.

അത്തരമൊരു സന്ദര്‍ഭം അഡ്വ. കണ്ണബീരാന്‍ വിവരിക്കുന്നുണ്ട്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട രണ്ട് മുന്‍കാല നക്‌സലൈറ്റുകള്‍ക്കുവേണ്ടി കണ്ണബീരാന്‍ ഹാജരായതാണ് സന്ദര്‍ഭം. അദ്ദേഹം വാദിക്കുന്നതിനിടയില്‍ ചിലര്‍ ഒരു ചോദ്യമുയര്‍ത്തി. നിയമവ്യവസ്ഥ അംഗീകരിക്കാത്തവര്‍ക്കുവേണ്ടി കണ്ണബീരാന്‍ ഹാജരാവുന്നതു ശരിയോ? അവരുടെ നിയമമനുസരിച്ചല്ല ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിച്ചാണ് താന്‍ വാദിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മനുഷ്യാവകാശവും നിയമവും തമ്മില്‍ ഇടപെടുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ നാം അഭിമുഖീകരിക്കേണ്ടിവരുന്നത്.

മനുഷ്യാവകാശവും പൗരത്വവുമാണ് പില്‍ക്കാലത്ത് മനുഷ്യാവകാശപ്രവര്‍ത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കുടിയേറ്റം സര്‍വവ്യാപിയാവുകയും രാജ്യങ്ങള്‍ത്തന്നെ അപ്രത്യക്ഷമാവുകയും അഭയാര്‍ത്ഥികളാവല്‍ ഒരു നിത്യപ്രശ്‌നമാവുകയും ചെയ്തതോടെ മനുഷ്യാവകാശത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. പൗരത്വവും മനുഷ്യാവകാശവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും ഒരു അഭയാര്‍ത്ഥിക്ക് എത്രത്തോളം മനുഷ്യാവകാശം ലഭിക്കുമെന്ന ചോദ്യത്തെ അഭിസംബോധന ചെയ്താല്‍ മതി ഇത് അടുത്ത് ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍.

ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തോടൊപ്പം ആദ്യം നഷ്ടപ്പെടുന്നത് മനുഷ്യാവകാശമാണ്. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ വന്‍കരയിലെ വിവിധ രാജ്യങ്ങളിലും ഏറ്റവും പ്രധാനമായി ഉയരുന്ന ചോദ്യമാണ് ഇത്. പൗരത്വമില്ലെങ്കില്‍ ഒരാള്‍ക്ക് മനുഷ്യാവകാശങ്ങളൊന്നും ലഭിക്കുകയില്ല.

ഒറ്റ നോട്ടത്തില്‍ മനുഷ്യാവകാശം മറ്റൊന്നുമായി ബന്ധമില്ലാത്ത കേവല അവകാശമാണെന്നാണ് നമുക്ക് തോന്നുകയെങ്കിലും അത് ചില ഘടനയ്ക്കുള്ളില്‍ മാത്രമാണ് സാധ്യമാവുന്നത്. അതില്‍ പ്രധാനം ദേശീയതയും പൗരത്വവും തന്നെ. ഇതില്‍ പൗരത്വം -പൂര്‍ണ പൗരത്വം തന്നെയായിരിക്കണമെന്നില്ല. ഭാഗികമായി പൗരത്വ അവകാശങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടാലും മതി.

ഒരുപക്ഷേ, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്ന ജനതകളിലൊന്ന് നമ്മുടേതാണ്. ഇരകളുടെ മനുഷ്യാവകാശ നഷ്ടം അവരുടെ പൗരത്വവുമായുള്ള ബന്ധത്തിനനുസരിച്ചാണ് സംവിധാനം ചെയ്യപ്പെടുന്നത്. പൗരത്വം എത്ര പൂര്‍ണമാണോ അത്രത്തോളം മനുഷ്യാവകാശങ്ങളും പൂര്‍ണമാവും. പൗരത്വത്തിന് വംശീയ സങ്കല്‍പ്പങ്ങളുമായും ബന്ധമുണ്ട്.

പുതിയ കാലത്ത് ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പൗരത്വ നഷ്ടവുമായി അടുത്ത ബന്ധമാണ് ഉള്ളത്. സിഎഎ, എന്‍ആര്‍സി പോലുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ അകമ്പടിയോടെ ഇത് വരുന്നതും മറ്റൊന്നും കൊണ്ടല്ല.

മനുഷ്യാവകാശം ദേശീയതാ നിരപേക്ഷമായി നമുക്ക് നിര്‍വചിക്കാനാവുമോയെന്നതാണ് പുതിയ കാലം ഉറ്റുനോക്കുന്നത്. അതങ്ങനെയാണെങ്കില്‍ മാത്രമേ അഭയാര്‍ത്ഥിപ്രശ്‌നത്തിലും പൗരത്വ നഷ്ടത്തിനും പ്രതിവിധി കാണാനാവൂ.

Next Story

RELATED STORIES

Share it