Latest News

പോലിസുകാരന്‍ ഉള്‍പ്പെട്ട നായാട്ടു സംഘം പിടിയില്‍

പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ വനമേഖലകളില്‍ സ്ഥിരമായി വന്യമൃഗ വേട്ട നടത്തി മാംസം വില്‍ക്കുന്ന സംഘമാണ് ഇവരെന്ന് വനം അധികൃതര്‍ പറഞ്ഞു.

പോലിസുകാരന്‍ ഉള്‍പ്പെട്ട നായാട്ടു സംഘം പിടിയില്‍
X

പാലക്കാട് : സിവില്‍ പോലിസ് ഓഫിസര്‍ ഉള്‍പ്പെട്ട നായാട്ടു സംഘം പിടിയില്‍. നെല്ലിയാമ്പതി വനം റെയ്ഞ്ചില്‍ പെട്ട പോത്തുണ്ടി സെക്ഷനിലെ തളിപ്പാടത്തു നിന്നും ജൂണ്‍ 11ന് മാംസം എടുത്ത് ഉപേക്ഷിച്ച നിലയില്‍ മ്ലാവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രധാന പ്രതികളായ നിലമ്പൂര്‍ ചോക്കാട് കല്ലന്‍ കുന്നേല്‍ വീട്ടില്‍ റസല്‍(47), കരുവാരകുണ്ട് ചിറ്റങ്ങാടന്‍ ഹൗസ് ജംഷീര്‍ എന്ന കുഞ്ഞിപ്പ (33) എന്നിവരെയാണ് നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ശിവപ്രസാദ്, നെല്ലിയാമ്പതി വനം റെയ്ഞ്ച് ഓഫീസര്‍ കൃഷ്ണദാസ്, സെക്ഷന്‍ ഫോറസ്റ്റര്‍ സജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കേസില്‍ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


കേസില്‍ ഇനി പിടികൂടാനുള്ള കരുവാരകുണ്ട് സ്വദേശികളും പ്രധാന പ്രതികളുമായ ഉമ്മര്‍, മന്നാന്‍, സഹദ്, എന്നിവര്‍ ഒളിവിലാണ്. മറ്റൊരു പ്രതിയായ ഷാഫി പൂക്കോട്ടുപാടം പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നിലമ്പൂര്‍ ചോക്കാട് കരുവാരക്കുണ്ട് എന്നീ ഭാഗങ്ങളില്‍നിന്ന് നാടന്‍ തോക്ക്, കാട്ടിറച്ചി, വന്യമൃഗങ്ങളുടെ മാംസം കടത്താന്‍ ഉപയോഗിച്ച ടവേര കാര്‍, പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ എന്നിവ സഹിതമാണ് പ്രതികളെ പിടികൂടിയത്.


പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ വനമേഖലകളില്‍ സ്ഥിരമായി വന്യമൃഗ വേട്ട നടത്തി മാംസം വില്‍ക്കുന്ന സംഘമാണ് ഇവരെന്ന് വനം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ വയനാട് പുല്‍പ്പള്ളിയില്‍ വേട്ട നടത്തി മാംസം വീട്ടില്‍ സൂക്ഷിച്ചത് വനംവകുപ്പ് പിടിച്ചെടുത്തു. വനം വകുപ്പിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിനായി ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞദിവസം വേട്ട നടത്തിയ കാട്ടുമൃഗത്തിന്റെ മാംസം തൊണ്ടിയായി ലഭിച്ചത്.


കാട്ടുമൃഗങ്ങള്‍ സ്ഥിരമായി ഇറങ്ങാറുള്ള വനമേഖലയോട് ചേര്‍ന്ന് റബ്ബര്‍, കാപ്പി തോട്ടങ്ങളില്‍ രാത്രി സമയങ്ങളിലാണ് ഇവര്‍ വേട്ടയാടി മാംസം അടങ്ങിയ പ്രധാന ഭാഗങ്ങള്‍ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോവുകയാണ് പതിവ്. രാത്രിയിലുള്ള സഞ്ചാരത്തില്‍ പോലീസിന്റെയോ മറ്റോ പരിശോധന ഉണ്ടായാല്‍ സംഘത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ഷാഫി തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് വാഹന പരിശോധന ഒഴിവാക്കിയാണ് പിടിയില്‍പ്പെടാതെ രക്ഷപ്പെട്ടിരുന്നത്.




Next Story

RELATED STORIES

Share it