- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനീതിയോട് മുട്ടുമടക്കില്ല- നുണപ്രചാരകര്‍ക്ക് മറുപടി നല്‍കി അബ്ദുന്നാസിര്‍ മഅ്ദനി
ബെംഗളൂരു: അന്തിച്ചര്‍ച്ചകളില്‍ തനിക്കെതിരേ നുണപ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കും ഹിന്ദുത്വരാഷ്ട്രീയക്കാര്‍ക്കുമെതിരേ കര്‍ശന നിലപാടുമായി മഅ്ദനിയുടെ ഫേസ് ബുക്ക് പോസ്റ്റ്. നുണപ്രചാരണം നടത്തുന്ന ആര്‍ വി ബാബു, മാധ്യമപ്രവര്‍ത്തകന്‍ വിനു ജോണ്‍ തുടങ്ങിയവരെ പേരെടുത്തുപറഞ്ഞാണ്് അദ്ദേഹം മറുപടി നല്‍കിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ബാബു വിനു ഇരട്ട സഹോദരങ്ങളോട്...
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെ ശാരീരികാസ്വസ്ഥതയില്‍ ആണുള്ളത്. ഇന്നലെ വൈകിട്ട് വരെയും ആശുപത്രിയിലായിരുന്നു.
നികൃഷ്ടവും നീചമായ ഗൂഢോദേശ്യത്തോട് കൂടിയതുമായ ചില വിഷലിപ്തമായ ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിക്കപ്പെട്ടത്. അറിഞ്ഞിരുന്നുവെങ്കിലും അതിന്റെ നിജസ്ഥിതി കേരളീയ സമൂഹത്തിന്റെ മുന്നില്‍ അറിയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ചുരുക്കം ചില വാക്കുകളിലൂടെ അക്കാര്യം എന്റെ പ്രിയ സഹോദരങ്ങളെ അറിയിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സത്യം വായില്‍ നിന്ന് അറിയാതെ പോലും വരാതിരിക്കുവാന്‍ ശ്രദ്ധിക്കാറുള്ള ഒരു 'മഹാന്റെ' വിടുവായത്തമാണ് മലയാളത്തിലെ പ്രമുഖ ചാനലായ മാതൃഭൂമിയിലൂടെയും മറ്റൊരു ന്യൂനപക്ഷ വിരുദ്ധ മാധ്യമത്തിലൂടെയും നാം ഇക്കാണുന്നത്.
ഈ കാളകൂട വിഷം ചീറ്റലില്‍ ആ 'മഹാന്‍' പറയുന്നത് 3 കാര്യങ്ങളാണ്.
1) എനിക്കെതിരെ 153.അ പ്രകാരം 51 കേസുകള്‍ ചുമത്തിയിട്ടുണ്ടായിരുന്നു.
2) ഹിന്ദു സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ മുസ് ലിമിന്റെ ബീജം കടത്തിവിടണമെന്ന് പ്രസംഗിച്ചതിനാണ് ഈ കേസുകളെല്ലാം എടുത്തത്.
3) ഈ കേസുകള്‍ എല്ലാം ഇടത് സര്‍ക്കാര്‍ പിന്‍വലിച്ചുവെന്ന്.
ബാബരി മസ്ജിദ് പ്രശ്‌നം കൊടുമ്പിരിക്കൊണ്ടിരുന്ന 1990 കാലഘട്ടത്തില്‍ എന്റെ ചില പ്രസംഗങ്ങളുടെ പേരില്‍ എനിക്കെതിരെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ മുപ്പതോളം കേസുകള്‍ ചുമത്തിയിട്ടുണ്ടായിരുന്നു. (30നെ 51 ആക്കിയത് ടിയാന്റെ സ്ഥിരം സ്വഭാവത്തിന്റെ ഭാഗം)
ഈ കേസുകള്‍ക്ക് കാരണമായെന്ന് സര്‍ക്കാര്‍ ഭാഗം വിശേഷിപ്പിച്ച ഒരൊറ്റ പ്രസംഗത്തിലോ 17 വയസ്സു മുതല്‍ പൊതുവേദികളില്‍ പ്രസംഗിക്കുവാന്‍ തുടങ്ങിയ എന്റെ ജീവിതത്തിലെ ഏതെങ്കിലും പ്രസംഗങ്ങളിലോ ഇന്നും കേരളത്തിലെ വിപണികളില്‍ സുലഭമായി ലഭിക്കുന്നതും യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നതുമായ എന്റെ ഒട്ടനവധി പ്രസംഗങ്ങളില്‍ ഏതെങ്കിലും ഭാഗത്തോ അങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ട് എന്ന് തെളിയിക്കാന്‍ ഈ 'വിഷമനുഷ്യനെ' ഞാന്‍ വെല്ലുവിളിക്കുന്നു.
ഒപ്പം എനിക്കെതിരെ ചുമത്തപ്പെട്ട ഒരൊറ്റ കേസെങ്കിലും ഇടതുഗവണ്മെന്റ് പിന്‍വലിച്ചിട്ടുണ്ടെന്ന് തെളിയിക്കാനും.
അങ്ങനെ ചെയ്താല്‍ ആ നിമിഷം ഞാന്‍ പിഡിപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാകുകയും ഏതെങ്കിലും കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും. എനിക്കെതിരെ ചുമത്തപ്പെട്ട മുഴുവന്‍ കേസുകളിലും ഞാന്‍ നിയമത്തിന്റെ മുന്നില്‍ ഹാജരായിട്ടുണ്ട്. എല്ലാ കേസുകളിലും അതാത് കോടതികള്‍ എന്നെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുള്ളതാണ്.
ബഹു. സുപ്രിംകോടതി, കര്‍ണാടക ഹൈക്കോടതി, കേരള ഹൈക്കോടതി തുടങ്ങിയ നീതിപീഠങ്ങളിലെല്ലാം എന്നെ നിരപരാധിയായി വിട്ടയച്ചിട്ടുള്ള വിവിധ കോടതികളുടെ 30 വിധിപകര്‍പ്പുകളും പലപ്പോഴായി ഹാജരാക്കിയിട്ടുള്ളതും ഇതെല്ലാം ഞാനിപ്പോഴും സൂക്ഷിച്ചിട്ടുള്ളതുമാണ്.
ഇനി ഏഷ്യാനെറ്റിലെ അന്തിച്ചര്‍ച്ച വിശാരദനോട്,
യശശ്ശരീരനായ ടി എന്‍ ഗോപകുമാര്‍ ഉള്‍പ്പെടെയുള്ള പരിണതപ്രജ്ഞരും മാന്യന്മാരുമായ മാധ്യമപ്രവര്‍ത്തകര്‍ ഏഷ്യാനെറ്റില്‍ തന്നെ നിരവധി തവണ എന്റെ പ്രസംഗങ്ങളെയും പൊതുപ്രവര്‍ത്തനങ്ങളെയും ഞാന്‍ മുന്നോട്ട് വെക്കുന്ന മര്‍ദ്ദിതപക്ഷ രാഷ്ട്രീയം എന്ന ആശയത്തെയും വിലയിരുത്തിയിട്ടുള്ളതാണ്.
ഒരു കൊടുംവിദ്വേഷ പ്രസംഗകനെ അറസ്റ്റ് ചെയ്ത ദിവസം താങ്കള്‍ക്കുണ്ടായ സ്വാഭാവികമായ അസഹ്യതയില്‍ നിന്ന് പ്രത്യേകിച്ച് യാതൊരു കാരണമോ ചര്‍ച്ചയില്‍ പങ്കെടുത്ത ആരെങ്കിലും എന്നെ പറ്റി പരാമര്‍ശിക്കുന്ന സാഹചര്യമോ ഇല്ലാതെ തന്നെ താങ്കള്‍ പറഞ്ഞ വിഷലിപ്തമായ ആ വാക്കുകള്‍ ആരെ സുഖിപ്പിക്കാനായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല.
മദനിയുടെ മനുഷ്യാവകാശത്തിന് വേണ്ടി ശബ്ദിച്ചുപോയത് വന്‍ഖേദമുള്ള കാര്യമാണ് എന്ന് പ്രേക്ഷകരുടെ മുന്‍പില്‍ അന്തിച്ചര്‍ച്ചയില്‍ പുലമ്പിയ താങ്കള്‍ മനസ്സിലാക്കേണ്ടത് ഒമ്പതര കൊല്ലത്തെ അകാരണമായ കഠിനപീഡനങ്ങള്‍ക്ക് ശേഷം ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒറ്റയൊരെണ്ണം പോലും തെളിയിക്കാന്‍ കഴിയാതെ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് കോയമ്പത്തൂര്‍ വിചാരണക്കോടതി വെറുതെവിട്ടതും ആ വിധി മേല്‍കോടതികള്‍ എല്ലാം ശരിവെച്ചതും ഇപ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ കഠിന രോഗങ്ങളോട് മല്ലടിച്ചു കൊണ്ടിരിക്കുമ്പോഴും താങ്കളുടെ പുതിയ യജമാനന്മാര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികാര രാഷ്ട്രീയത്തിനും നീതിനിഷേധത്തിനുമെതിരെ 12 വര്‍ഷമായി നിയമപോരാട്ടം നടത്തി പിടിച്ചുനിന്ന് കൊണ്ടിരിക്കുന്നതും താങ്കളുടെ മഹത്തായ ഔദാര്യം കൊണ്ടല്ല മറിച്ച് കേരളത്തിലെ ജാതിമതഭേദമന്യേയുള്ള ഒരുപാട് നല്ല മനുഷ്യരുടെ പിന്തുണ കൊണ്ട് മാത്രമാണ്.
പിന്നെ താങ്കള്‍ പറഞ്ഞല്ലോ 'മദനി അവസാന കാലത്ത് അനുഭവിക്കുന്നത് അര്‍ഹിക്കുന്നത് തന്നെയാണ്' എന്ന്.
നല്ല ആരോഗ്യവും പ്രസരിപ്പുമുണ്ടായിരുന്ന കാലത്ത് കോയമ്പത്തൂരിലെ സെഷന്‍സ് കോടതിയിലെ ജഡ്ജി തനികാചലം കോടതിമുറിക്കുള്ളില്‍ തികഞ്ഞ പക്ഷപാതിത്തം കാണിച്ചപ്പോള്‍ 'നിങ്ങള്‍ ഒരു നിഷ്പക്ഷനായ ജഡ്ജി അല്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ നിങ്ങളുടെ മുന്നില്‍ വിചാരണ നടത്താന്‍ എനിക്ക് താല്‍പര്യമില്ല. വെറുതെ വിചാരണ നടത്തി സമയം കളയേണ്ട. എനിക്ക് തൂക്കുമരം തന്നേക്കൂ' എന്ന് വിളിച്ചുപറഞ്ഞ അതേ മനസ്സ് തന്നെയാണ് മദനിക്കിപ്പോഴുമുള്ളത്.
അനീതിക്ക് മുന്നില്‍ മുട്ടുമടക്കില്ല എന്നത് ജീവിതത്തിലെ ഉറച്ച തീരുമാനമാണ്!
തങ്കളുടെ യജമാനന്മാര്‍ക്ക് കടുത്തനീതിനിഷേധത്തിലൂടെ എന്റെ ആരോഗ്യവും ജീവിതത്തിന്റെ ഏറിയ ഭാഗവുമൊക്കെ നഷ്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ എന്റെ ആശയപ്രതിബദ്ധതയും ഇച്ഛാശക്തിയും ഒരിഞ്ചുപോലും നഷ്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് കൊണ്ട് തന്നെ എന്റെ 'അവസാനകാല അനുഭവ'ത്തിന്റെ പേരില്‍ താങ്കള്‍ കൂടുതല്‍ ആഹ്ലാദിക്കേണ്ടതില്ല.
താങ്കള്‍ ഉള്‍പ്പടെയുള്ള അനീതിയുടെ ഒരു കാവല്‍ക്കാരുടെ മുന്നിലും ജീവന് വേണ്ടി കൈകൂപ്പി യാചിക്കില്ല തന്നെ!
താങ്കള്‍ ഉണ്ട ചോറൊക്കെ മറന്ന് ഇപ്പോള്‍ ഉണ്ടു കൊണ്ടിരിക്കുന്നതും ഇനി താങ്കളുടെ 'അവസാന കാലം' വരെ ഉണ്ണാനിരിക്കുന്നതുമായ ചോറിന് ശക്തമായ 'നന്ദി' കാണിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കളുടെ പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍ സമ്മാനിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞുകൊണ്ടേയിരിക്കും അത് സഹിക്കാന്‍ വിധിക്കപ്പെട്ട കേരളീയ സമൂഹത്തിന്റെ ഗതികേട് തുടര്‍ന്നുകൊണ്ടേരിക്കുകയും ചെയ്യും...
അബ്ദുന്നാസിര്‍ മഅ്ദനി
ബെംഗളൂരു
RELATED STORIES
കാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT