Latest News

നെഹ്രുവിന് വേണമെങ്കില്‍ ഗോവ മണിക്കൂറുകള്‍ക്കുള്ളില്‍ വിമോചിപ്പിക്കാമായിരുന്നു; കോണ്‍ഗ്രസ്സിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി

നെഹ്രുവിന് വേണമെങ്കില്‍ ഗോവ മണിക്കൂറുകള്‍ക്കുള്ളില്‍ വിമോചിപ്പിക്കാമായിരുന്നു; കോണ്‍ഗ്രസ്സിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി
X

പനാജി; 1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടി മണിക്കൂറുകള്‍ക്കുള്ളില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന് ഗോവയെ മോചിപ്പിക്കാമായിരുന്നുവെന്നും എന്നാല്‍ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാന്‍ 15 വര്‍ഷമെടുത്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്രുവിനെ മാത്രമല്ല, കോണ്‍ഗ്രസ്സിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമിച്ചു.

ഫെബ്രുവരി 14ന് നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മപുസയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി. കോണ്‍ഗ്രസ് ഗോവയെ തങ്ങളുടെ ശത്രുവായിട്ടാണ് കാണുന്നതെന്നും ഇപ്പോഴും അതേ പെരുമാറ്റം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഗോവയിലെ യുവാക്കളുടെ രാഷ്ട്രീയ സംസ്‌കാരവും അഭിലാഷങ്ങളും കോണ്‍ഗ്രസിന് ഒരിക്കലും മനസ്സിലായിട്ടില്ല. അവര്‍ക്ക് ഗോവയോട് എപ്പോഴും ശത്രുതയുണ്ടായിരുന്നു'- പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ഗോവ ബിജെപി.

കോണ്‍ഗ്രസ്സ് നിരവധി ചരിത്രങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വര്‍ഷത്തിനു ശേഷമാണ് ഗോവ സ്വതന്ത്രമായതെന്ന് പലര്‍ക്കും അറിയില്ല. (സ്വാതന്ത്ര്യത്തിന് ശേഷം) ഇന്ത്യക്ക് ശക്തമായ കരസേനയും ഒരു നാവികസേനയുമുണ്ടായിരുന്നു. ജോലി (ഗോവയുടെ വിമോചനം) ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുമായിരുന്നു, പക്ഷേ 15 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല''- 1987ല്‍ ഗോവ സംസ്ഥാന പദവി നേടി, 1961 ഡിസംബര്‍ 19ന് മോചിപ്പിക്കപ്പെട്ടു- പ്രധാനമന്ത്രി പറഞ്ഞു.

ഗോവയുടെ വിമോചനത്തിനായി ജനങ്ങള്‍ പോരാടുകയും സത്യാഗ്രഹികള്‍ വെടിയുണ്ടകള്‍ നേരിടുകയും ചെയ്തപ്പോഴാണ് കോണ്‍ഗ്രസ് ഗോവയെ കൈവിട്ടതെന്ന് പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി. ഗോവയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചുവപ്പുകോട്ടയില്‍ നടത്തിയ പ്രസംഗത്തിലും ഇതേ കാര്യം പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it