Latest News

ഐഐടി മുംബൈയില്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

ഐഐടി മുംബൈയില്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം
X

മുംബൈ: ഐഐടി മുംബൈയില്‍ ഈ വര്‍ഷം മുഖാമുഖമുളള ക്ലാസുകള്‍ ഉണ്ടാവില്ല. ഇതോടെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന ആദ്യത്തെ സ്ഥാപനമായി മാറി ഐഐടി മുംബൈ. കൊവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഐഐടി ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് ഐഐടി മുംബൈ ഡയറക്ടര്‍ പ്രഫ. സുഭാസിസ് ചൗധരി ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റിലൂടെ അറിയിച്ചു.

ഈ വര്‍ഷം പൂര്‍ണമായും പഠനം ഓണ്‍ലൈനിലായിരിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും സുരക്ഷയും പ്രതിസന്ധിയിലാക്കാന്‍ സാധ്യമല്ലെന്നും അക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും പ്രഫ. സുഭാസിസ് പറയുന്നു.

''കൊവിഡ് പകര്‍ച്ചവ്യാധിക്കാലം ഐഐടി മുംബൈയുടെ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന രീതിയെ സംബന്ധിച്ച് ചില പുനരാലോചനയ്ക്ക് കാരണമായി. അടുത്ത അക്കാദമിക് വര്‍ഷം വൈകലില്ലാതെ തുടങ്ങാന്‍ ഈ വര്‍ഷത്തെ പഠനം മുഴുവന്‍ ഓണ്‍ലൈനിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് വിശദാശങ്ങള്‍ സമയാസമയങ്ങളില്‍ കുട്ടികളെ അറിയിക്കും-പ്രഫ. ചൗധരി തുടര്‍ന്നു.

അതേസമയം സ്ഥാപനത്തിലെ വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളും സാമൂഹികമായും സാമ്പത്തികമായും മോശമായ സാഹചര്യത്തില്‍ നിന്ന് വരുന്നവരാണെന്നും അവരില്‍ പലര്‍ക്കും ലാപ്‌ടോപ്പും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമല്ലെന്നും ധനികരായ ഐഐടി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ സഹായിക്കണമെന്നും ചൗധരി അപേക്ഷിച്ചു. 5 കോടി രൂപയാണ് ഈ ഇനത്തില്‍ സ്ഥാപനത്തിനു വേണ്ടിവരികയെന്നാണ് കണക്കാക്കിയിയിരിക്കുന്നത്.

Next Story

RELATED STORIES

Share it