Latest News

എസ്ഡിപിഐ നേതാക്കളെ അന്യായമായി പ്രതിചേര്‍ക്കാനുള്ള പോലിസ് നീക്കം അനുവദിക്കില്ല: പി അബ്ദുല്‍ ഹമീദ്

അഷ്‌കറിനെ നാലു ദിവസം അന്യായമായി കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് മൊഴിയെന്ന പേരില്‍ നേതാക്കളുടെ പേരുകള്‍ പറയിച്ച് വീഡിയോ റെക്കോഡ് ചെയ്തിരിക്കുകയാണ്

എസ്ഡിപിഐ നേതാക്കളെ അന്യായമായി പ്രതിചേര്‍ക്കാനുള്ള പോലിസ് നീക്കം അനുവദിക്കില്ല: പി അബ്ദുല്‍ ഹമീദ്
X

പാലക്കാട്: ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പാലക്കാട് പോലിസ് നടത്തുന്ന നീക്കം അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് തിരക്കഥയ്‌ക്കൊത്ത് കേസന്വേഷണവും അറസ്റ്റും നടത്തിയ പോലിസാണ് ശ്രീനിവാസന്‍ വധക്കേസില്‍ ജില്ലയിലുടനീളം അറസ്റ്റും റെയ്ഡും നടത്തി ഭീകരാന്തരീക്ഷം സൃഷടിക്കുകയും ജില്ലയിലെ പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുകയും ചെയ്യുന്നത്.

അഷ്‌കര്‍ എന്ന യുവാവിനെ നാലു ദിവസം അന്യായമായി കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് മൊഴിയെന്ന പേരില്‍ നേതാക്കളുടെ പേരുകള്‍ പറയിച്ച് വീഡിയോ റെക്കോഡ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് സൗത്ത് സ്‌റ്റേഷന്‍ കോംപൗണ്ടിലുള്ള ട്രാഫിക് സ്‌റ്റേഷനിലും എസ്പി ഓഫിസിനു സമീപമുള്ള കെട്ടിടത്തിലുമാണ് അഷ്‌കര്‍, ആദം, നാസര്‍ എന്നീ യുവാക്കളെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. സിഐ ശശിധരന്‍, സിപിഒ സുനില്‍, നെന്മാറ സിഐ ദീപക് കുമാര്‍ എന്നിവരാണ് തെറിയഭിഷേകം നടത്തി അഷ്‌കറിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

കുനിച്ച് നിര്‍ത്തി മുട്ട് കൈകൊണ്ട് മുതുകില്‍ ഇടിക്കുക, അടി വയറ്റില്‍ ചവിട്ടുക, മര്‍ദ്ദനമേറ്റ് മറിഞ്ഞു വീണ അഷ്‌കറിന്റെ തലയുടെ പിന്‍ഭാഗത്ത് അടിയ്ക്കുക, സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി സ്‌പ്രേ ചെയ്യുക തുടങ്ങിയ ക്രൂരമായ പീഢനങ്ങളാണ് മൂന്ന് ഉദ്യോഗസ്ഥരും തുടര്‍ന്നത്. അന്യായമായി കസ്റ്റഡിയിലെടുത്ത തന്നെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് മര്‍ദ്ദിച്ചതെന്നും അഷ്‌കര്‍ പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എസ് പി അമീര്‍ അലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് പറയാനാണ് പോലിസ് ആവശ്യപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനത്തില്‍ അവശനായ തന്നോട് ഉദ്യോഗസ്ഥര്‍ പറഞ്ഞുതരുന്നതു പോലെ പറയാന്‍ ആവശ്യപ്പെട്ടു. അപ്രകാരം പറയിച്ച് വീഡിയോ റെക്കോഡ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്ത അഷ്‌കറിനെ കാണാന്‍ മാതാവും ഭാര്യയും കുട്ടികളും പോലിസ് സ്‌റ്റേഷനിലെത്തിയെങ്കിലും ഗെയ്റ്റ് അടച്ചിട്ട് ഒരു രാത്രി മുഴുവനും അവരെ അഷ്‌കറിനെ കാണാന്‍ പോലും അനുവദിക്കാതെ പുറത്ത് നിര്‍ത്തിയ പോലിസ് നടപടി മനുഷ്യത്വ വിരുദ്ധവും പരിഷ്‌കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്നതുമാണ്.

നീതിക്കുവേണ്ടി നിലകൊള്ളേണ്ട പോലിസ് സംവിധാനം ആര്‍എസ്എസ് താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ കുറേ നാളുകളായി പാലക്കാട് പോലീസ് ആര്‍എസ്എസ് ഇംഗിതത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഗുജറാത്താണ് പാലക്കാട് എന്ന് ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളും ഇതോടൊപ്പം കൂട്ടിവായിക്കണം. അടുത്ത കാലത്തായി ജില്ലയില്‍ ആര്‍എസ്എസ് നടത്തുന്ന അക്രമങ്ങളും കൊലവിളികളും നിയന്ത്രിക്കാന്‍ പോലിസ് തയ്യാറല്ല. സക്കീര്‍ ഹുസൈന്‍ എന്ന യുവാവിനെ ആര്‍എസ്എസ് അക്രമികള്‍ വെട്ടി നുറുക്കി. ഭാഗ്യം കൊണ്ടുമാത്രമാണ് ജീവന്‍ അവശേഷിച്ചത്. ഇന്നും പരസഹായത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. പിന്നീട് സുബൈറിനെ വിഷു ദിനത്തില്‍ സ്വന്തം പിതാവിന്റെ മുമ്പിലിട്ട് വെട്ടി നുറുക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണവും ഗൂഢാലോചനയും നടത്തിയിട്ട് പോലിസ് ആ വഴിക്ക് അന്വേഷണം നടത്തുന്നില്ല. ആയുധവും വാഹനവും നല്‍കിയവരെ പ്രതി ചേര്‍ത്തിട്ടില്ല. സുബൈര്‍ ശ്രീനിവാസന്‍ കൊലപാതകങ്ങളില്‍ പോലിസ് നടപടികളും അറസ്റ്റും വിലയിരുത്തുന്ന ഏതൊരാള്‍ക്കും പോലിസിന്റെ ആര്‍എസ്എസ് വിധേയത്വവും പക്ഷപാതിത്വവും വ്യക്തമാകും.

എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫിറോസിന്റെ വീട്ടിലേക്ക് ആര്‍എസ്എസ്സുകാര്‍ പെട്രോള്‍ ബോംബെറിഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താനോ പ്രതികളെ പിടികൂടാനെ പോലിസ് തയ്യാറായിട്ടില്ല. ആര്‍എസ്എസ്സിനെ സഹായിക്കുന്ന പോലീസ് നിലപാടിന് ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളാണ് പാലക്കാട് ജില്ലയിലുള്ളത്.

നിരവധി പ്രവര്‍ത്തകരെ പോലിസ് അന്യായമായി കസ്റ്റഡിയിലെടുത്ത്് പീഡിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിവര ശേഖരണം നടത്തിവരികയാണ്. നിരപരാധികളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കും. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ പിണറായി വിജയന്‍ ആഭ്യന്തരം കൈയാളുമ്പോഴാണ് ആര്‍എസ്എസ് തിരക്കഥയനുസരിച്ച് പാലക്കാട് പോലിസ് പെരുമാറുന്നത്. പോലീസിന്റെ പക്ഷപാതപരമായ നീക്കത്തിനെതിരേ നിയമപരമായും ജനാധിപത്യപരമായും പോരാടുമെന്ന് പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എസ്പി അമീര്‍ അലി, ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപുറം, പോലിസിന്റെ അന്യായ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ അഷ്‌കര്‍ അലി എന്നിവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it