Latest News

നിര്‍മയ്ക്കു വേണ്ടി ട്രയിന്‍ റദ്ദാക്കിയെന്ന് പ്രചാരണം; ഗുജറാത്തില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ ബസ് തകര്‍ത്തു, 10 പേര്‍ അറസ്റ്റില്‍

നിര്‍മയ്ക്കു വേണ്ടി ട്രയിന്‍ റദ്ദാക്കിയെന്ന് പ്രചാരണം; ഗുജറാത്തില്‍  ഇതര സംസ്ഥാനത്തൊഴിലാളികള്‍ ബസ് തകര്‍ത്തു, 10 പേര്‍ അറസ്റ്റില്‍
X

ഭവ്‌നഗര്‍: ട്രയിന്‍ സര്‍വ്വീസ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഭവ്‌നഗര്‍ നിര്‍മ ലിമിറ്റഡ് കെമിക്കല്‍ പ്ലാന്റിന്റെ ഉടമസ്ഥതയിലുളള ബസ് ഇതര സംസ്ഥാന തൊഴിലാളികള്‍ തകര്‍ത്തു. സംഭവത്തില്‍ 10 ഇതര സംസ്ഥാനത്തൊഴിലാളികള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലേക്ക് പോകേണ്ട ശ്രമിക് ട്രയിന്‍ അവസാന സമയത്ത് റദ്ദാക്കിയതിനെതിരേ പ്രതിഷേധിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ ബസ്സ് തകര്‍ത്തത്. ട്രയിന്‍ സര്‍വ്വീസ് റദ്ദാക്കിയതിനു പിന്നില്‍ നിര്‍മ കമ്പനിയാണെന്ന പ്രചാരണമാണ് പ്രശ്‌നങ്ങള്‍ക്കുപിന്നിലെന്ന സൂചനയുണ്ട്.

ഭവ്‌നഗര്‍ കാല തല്‍വ പ്രദേശത്തെ നിര്‍മയുടെ പ്ലാന്റിനടുത്താണ് ഇന്ന് കാലത്ത് അനിഷ്ടസംഭവങ്ങള്‍ നടന്നത്. അമ്പതോളം കുടിയേറ്റത്തൊഴിലാളികളുമായി റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മടങ്ങുന്നതിനിടയിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഒമ്പത് മണിക്കു പോകേണ്ട ട്രയിന്‍ കയറാന്‍ തൊഴിലാളികളെ കാലത്ത് 6 മണിക്കുതന്നെ റയില്‍വേ സ്റ്റേഷനിലെത്തിച്ചിരുന്നു. പക്ഷേ, അവസാന നിമിഷം ട്രയിന്‍ റദ്ദാക്കുകയായിരുന്നു. അതോടെ തൊഴിലാളികള്‍ പ്രക്ഷുബ്ദരായി. അവര്‍ ബസ്സിന്റെ സൈഡ്ഗ്ലാസ് തകര്‍ത്തു.

ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യങ്ങളോട് യുപി സര്‍ക്കാര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് അവസാന നിമിഷമാണ് ട്രയിന്‍ റദ്ദാക്കിയത്. നാളെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിയെന്ന് ഭവ്‌നഗര്‍ കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തൊഴിലാളികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച ഒരു വാര്‍ത്തയാണ് പ്രശ്‌നം സൃഷ്ടിച്ചതെന്ന സൂചനയുമുണ്ട്. നിര്‍മ പ്ലാന്റിലെ തൊഴിലാളികള്‍ കഴിഞ്ഞ 50 ദിവസമായി ഫാക്ടറിയോട് ചേര്‍ന്നുള്ള ഒരു കോളനിയിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം അവരുടെ രജിസ്‌ട്രേഷനും മെഡിക്കല്‍ പരിശോധനയും ആരംഭിച്ചിരുന്നു. അതിനിടയിലാണ് തൊഴിലാളികള്‍ക്കു പോകേണ്ട ട്രയിന്‍ സര്‍വ്വീസ് റദ്ദാക്കിയത്. അടുത്ത നാല് ദിവസത്തിനുള്ളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുമെന്നതിനാല്‍ നിര്‍മ ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കാനാണ് ട്രയിന്‍ റദ്ദാക്കിയതെന്ന് തൊഴിലാളികള്‍ കരുതിയിരുന്നു. അതായിരുന്നു അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമെന്നാണ് ചിലര്‍ കരുതുന്നത്. വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് അറിവില്ല.

Next Story

RELATED STORIES

Share it