Latest News

സൗദിയില്‍ മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 1.27 ലക്ഷം വിദേശികള്‍ക്ക്

കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 2,23,600 ഓളം പേരുടെ വര്‍ധന രേഖപ്പെടുത്തി

സൗദിയില്‍ മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 1.27 ലക്ഷം വിദേശികള്‍ക്ക്
X

റിയാദ് : സൗദി അറേബ്യയില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സ്വകാര്യ മേഖലയിലെ 1,27,200 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായതായി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അതോടൊപ്പം കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 2,23,600 ഓളം പേരുടെ വര്‍ധന രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലാ ജീവനക്കാരില്‍ 25.3 ശതമാനം സൗദികളാണ്. രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ആകെ 20.7 ലക്ഷം സ്വദേശി ജീവനക്കാരുണ്ട്. സ്വകാര്യ മേഖലാ ജീവനക്കാരില്‍ 74.7 ശതമാനം വിദേശികളാണ്. ജൂണ്‍ അവസാനത്തിലെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 61.3 ലക്ഷത്തോളം വിദേശ തൊഴിലാളികളാണുള്ളതെന്നും ഗോസി കണക്കുകള്‍ വ്യക്തമാക്കുന്നു.


ഈ വര്‍ഷം രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ഗോസി രജിസ്‌ട്രേഷനുള്ള 81.9 ലക്ഷം തൊഴിലാളികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണം 1.2 ശതമാനം തോതില്‍ വര്‍ധിച്ചു. ആദ്യ പാദത്തില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ 80.9 ലക്ഷമായിരുന്നു.


2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നത്. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2016 ല്‍ 18.1 ശതമാനവും 2017 ല്‍ 19.9 ശതമാനവും 2018 ല്‍ 21.8 ശതമാനവും 2019 ല്‍ 23.2 ശതമാനവും കഴിഞ്ഞ വര്‍ഷാവസാനത്തോടെ 24.2 ശതമാനവുമായി സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം ഉയര്‍ന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.7 ശതമാനമായി കുറയുകയും ചെയ്തു.

Next Story

RELATED STORIES

Share it