Big stories

യുഎന്‍ അഭയാര്‍ത്ഥിക്കാര്‍ഡുളള റോഹിന്‍ഗ്യരെ നാടുകടത്തുന്നു; പ്രതിഷേധിച്ച 71 അഭയാര്‍ത്ഥികളും അറസ്റ്റില്‍

യുഎന്‍ അഭയാര്‍ത്ഥിക്കാര്‍ഡുളള റോഹിന്‍ഗ്യരെ നാടുകടത്തുന്നു; പ്രതിഷേധിച്ച 71 അഭയാര്‍ത്ഥികളും അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹി യുഎന്‍ അഭയാര്‍ത്ഥി കമ്മീഷ്ണര്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ച 71 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു നീക്കി. മാര്‍ച്ച് 11നാണ് ഇവരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ നാടുകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേയായിരുന്നു പ്രതിഷേധം.

ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ മതപീഡനത്തിനു വിധേയരായ 40,000 ഓളം റോഹിന്‍ഗ്യരാണ് 2017ല്‍ അഭയാര്‍ത്ഥികളായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. അതില്‍ 17,000 പേര്‍ മാത്രമേ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമം (സിഎഎ) അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപീഡനത്തെത്തുടര്‍ന്ന് അതിര്‍ത്തി കടന്നെത്തുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ആനുകൂല്യ മുസ്‌ലിംകളായതിനാല്‍ റോഹിന്‍ഗ്യര്‍ക്ക് ലഭിക്കുകയില്ല. ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഹേതു അതാണ്.

മാര്‍ച്ച് 6ന് ജമ്മുവില്‍ 200ഓളം റോഹിന്‍ഗ്യരെ നാടുകടത്തുന്നതിനു മുന്നോടിയായി അറസ്റ്റ് ചെയ്ത് തടവിലടച്ചിരുന്നു. ഡല്‍ഹിയില്‍ യുഎന്‍ ഓഫിസില്‍ അറസ്റ്റിലായവരും ജമ്മുവില്‍ നിന്ന് വന്നവരാണ്. മാര്‍ച്ച് 10ാം തിയ്യതിയാണ് ഇവരെ നാടുകടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരേയായിരുന്നു യുഎന്‍ ഓഫിസിനു മുന്നിലെ പ്രതിഷേധം. തൊട്ടടുത്ത ദിവസം മാര്‍ച്ച് പതിനൊന്നിന് 71പേരെയും പോലിസ് അറസ്റ്റ് ചെയ്ത് തടവിലിട്ടു.

തടവറയിലേക്കയച്ച റോഹിന്‍ഗ്യരുടെ പട്ടിക വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുമെന്ന് വികാസ്പുരി തിലക് നഗര്‍ എസ്പി പറഞ്ഞു. അവരത് മ്യാന്‍മാര്‍ സര്‍ക്കാരിന് കൈമാറും. അവരുടെ വിലാസം പരിശോധിച്ചു കഴിഞ്ഞാല്‍ എല്ലാവരെയും മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കും.

എല്ലാ റോഹിന്‍ഗ്യരെയും രാജ്യത്തുനിന്ന് തിരിച്ചയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ 2017ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. റോഹിന്‍ഗ്യരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ വിദേശകാര്യ സഹമന്ത്രി കിരണ്‍ റിജിജു എല്ല സംസ്ഥാനങ്ങളിലേക്കും എഴുതിയിരുന്നു.

ഇപ്പോള്‍ തടവിലായിട്ടുള്ള എല്ലാവരും യുഎന്‍ അഭയാര്‍ത്ഥി കാര്‍ഡുള്ളവരാണെന്ന് റോഹിന്‍ഗ്യര്‍ പ്രതിനിധികള്‍ പറയുന്നു. യുഎന്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. പക്ഷേ, യുഎന്‍ ഓഫിസര്‍മാര്‍ കൈമലര്‍ത്തുകയായിരുന്നു. ജമ്മു ഐജി മുകേഷ് സിങ് പറയുന്നത് യുഎന്‍ അഭയാര്‍ത്ഥി കാര്‍ഡ് ലഭിച്ചതുകൊണ്ട് ആര്‍ക്കും അഭയാര്‍ത്ഥി പദവി ലഭിക്കില്ലെന്നാണ്. ഇന്ത്യ യുഎന്‍ അഭയാര്‍ത്ഥി കണ്‍വന്‍ഷനില്‍ ഇതുവരെയും ഒപ്പുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആര്‍ക്കും അഭയാര്‍ത്ഥിപ്പദവി അവകാശപ്പെടാനുമാവില്ല.

പീഡനങ്ങളും അനാവശ്യ അറസ്റ്റുകളും ഒഴിവാക്കാനാണ് ആഗോള തലത്തില്‍ യുഎന്‍ ഏജന്‍സികള്‍ അഭയാര്‍ത്ഥിക്കാര്‍ഡ് നല്‍കുന്നത്. പക്ഷേ, ഇന്ത്യയില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് അവര്‍ തന്നെ പറയുന്നു. 16,500 പേര്‍ക്കാണ് യുഎന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it