Latest News

കൊവിഡ് 19: രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു; മൂന്നിലൊന്നും മഹാരാഷ്ട്രയില്‍

കൊവിഡ് 19: രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു; മൂന്നിലൊന്നും മഹാരാഷ്ട്രയില്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

അവസാന കണക്കെടുക്കുമ്പോള്‍ ഇന്ത്യയില്‍ 3,09,324 കൊവിഡ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1,46,192 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. 1,54,150 പേര്‍ രോഗമുക്തി നേടി, 8,882 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ മൂന്നു രാജ്യങ്ങളേയുളളൂ, റഷ്യ, ബ്രസീല്‍, യുഎസ്. ജൂണ്‍ 2 ന് 2,07,112 പേര്‍ക്ക് രോഗബാധയുണ്ടായിരുന്നെങ്കില്‍ 10 ദിവസം കൊണ്ട് ഒരു ലക്ഷം കടന്നു.

വ്യാപകമായ കൊവിഡ് പരിശോധനയുടെ അഭാവത്തില്‍ ഈ കണക്കുകള്‍ക്ക് വലിയ പ്രാധാന്യമൊന്നും ശാസ്ത്രസമൂഹം കല്‍പ്പിക്കുന്നില്ല. ഐസിഎംആര്‍ കണക്കനുസരിച്ചുതന്നെ ലോഗലക്ഷണമില്ലാത്തവര്‍ 28ശതമാനം വരും. ചിലരുടെ കേസില്‍ ചെറിയ അസ്വസ്ഥതയോടെ ആശുപത്രി വാസമില്ലാതെ തന്നെ രോഗം മാറിപ്പോവുകയും ചെയ്യും. ചിലര്‍ക്ക് ആശുപത്രിവാസം വേണ്ടിവരും. ചിലര്‍ക്ക്് വെന്റിലേറ്ററുകളം വേണം. കൊവിഡ് മരണനിരക്ക്് 2.85ശതമാനമായാണ് കണക്കാക്കുന്നത്.

ലോക്ക് ഡൗണ്‍ പിന്‍വലിച്ചശേഷം കൊവിഡ് ബാധ സ്ഥിരമായി വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. വിമാനങ്ങള്‍ വരാന്‍ അനുവദിച്ചതും തീവണ്ടി ഗതാഗതം തുടങ്ങിയതും വന്‍തോതിലുള്ള അന്തര്‍സംസ്ഥാനതൊഴിലാളികളുടെ കടന്നുവരവും കൊവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിപ്പിച്ചു.

ഇന്ത്യയിലെ രോഗവിമുക്തിയുടെ തോത് നിലവില്‍ 49.47 ആണ്. രോഗം ബാധിക്കുന്നവരുടെ എണ്ണവും രോഗവിമുക്തി നേരിടുന്നവരുടെ എണ്ണവും താരതമ്യപ്പെടുത്തുമ്പോള്‍ രോഗവിമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ശുഭസൂചനയായാണ് കണക്കാക്കുന്നത്. രോഗവ്യാപനത്തിന്റെ തോത് കുറയുന്നുവെന്നതിന്റെ സൂചനയുമാണ്. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് രോഗവിമുക്തരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുന്നത്.

കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,199 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതോടെ രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ 1,01,141ഉം തമിഴ്‌നാട്ടില്‍ 40,698 ഉം ഡല്‍ഹിയില്‍ 34,687 മായി. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 127 പേര്‍ രോഗം വന്ന് മരിച്ചു. മുംബൈയില്‍ വെള്ളിയാഴ്ച 1,366 പേര്‍ക്ക് രോഗബാധയുണ്ടായി. 90 മരണവും റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it