Latest News

ഗതാഗതകുരുക്കും കടൽ കയറലും; തലസ്ഥാനം ജക്കാർത്തയിൽ നിന്ന് മാറ്റാനൊരുങ്ങി ഇന്തോനീസ്യ

ഗതാഗതകുരുക്കും കടൽ കയറലും; തലസ്ഥാനം ജക്കാർത്തയിൽ നിന്ന് മാറ്റാനൊരുങ്ങി ഇന്തോനീസ്യ
X

ജക്കാർത്ത: കാലാവസ്ഥാ ഭീഷണിമൂലം ജക്കാർത്തയിലെ മെഗലോപോളിസിൽ നിന്ന് ബോർണിയോ ദ്വീപിലേക്ക് തലസ്ഥാനം മാറ്റാനൊരുങ്ങി ഇന്തോനീസ്യ. കാലാവസ്ഥ വ്യതിയാനങ്ങൾക്ക് പുറമെ ​ന​ഗരത്തിലെ ​ഗതാ​ഗതകുരുക്കും തലസ്ഥാനം മാറ്റാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ്. താങ്ങാവുന്നതിലും അധികം പാരിസ്ഥിതിക സമ്മര്‍ദം ഇപ്പോള്‍ ജക്കാര്‍ത്ത നേരിടുന്നുണ്ടെന്നും അതിനാല്‍ മാറ്റം അനിവാര്യമാണെന്നുമാണ് പ്രസിഡന്റ് ജോക്കോ വിദോദോ പറയുന്നത്. മലിനീകരണത്തിന്റെയും ഗതാഗതക്കുരുക്കിന്റെയും ഗുരുതരമായ പ്രശ്‌നങ്ങൾക്കൊപ്പം സമുദ്ര ജലനിരപ്പുയരുന്നതുമാണ് ജക്കാര്‍ത്തയെ അപകടത്തിലാക്കുന്നത്. യഥാർത്ഥത്തിൽ ചതുപ്പുനിലമായിരുന്ന ഭൂമിയിലെ മോശം നഗരാസൂത്രണവും നിയന്ത്രണാതീതമായ ജലസംഭരണികളും നഗരത്തിന്റെ 40 ശതമാനവും വെള്ളത്തിനടിയിലാക്കി. ജക്കാര്‍ത്തയില്‍ പ്രതിവർഷം 10-20 സെന്റിമീറ്റർ‌ ജലനിരപ്പുയരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും വലിയ നിരക്കാണിത്. പ്രതിരോധം തീര്‍ക്കാനുള്ള സര്‍ക്കാര്‍തല നടപടികള്‍ കൈകൊണ്ടിട്ടുണ്ടെങ്കിലും അതും വേണ്ട വേഗതയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ വിദോദോ തന്നെ നിരാശ പ്രകടിപ്പിക്കുന്നു.

അതുകൊണ്ട്, 1,000 കിലോമീറ്റർ അകലെയുള്ള ബൊർനിയോ ദ്വീപിന്റെ ഇന്തോനേഷ്യൻ ഭാഗമായ കലിമന്തനിലേക്ക് ഭരണപരമായ പ്രവർത്തനങ്ങൾ മാറ്റാനാണ് ഇന്തോനേഷ്യ തീരുമാനിച്ചിരിക്കുന്നത്. മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഭൂപ്രദേശമാണിത്. എന്നാല്‍ ജക്കാർത്ത വാണിജ്യ, സാമ്പത്തിക കേന്ദ്രമായി തുടരും. കൂടാതെ ഏകദേശം 10 ദശലക്ഷം പ്രദേശവാസികളും അവിടെത്തന്നെ താമസിക്കും.

പാർലമെന്‍റിന്‍റെ അനുമതികൂടെ ലഭിച്ചാല്‍ 40,000 ഹെക്ടർ സ്ഥലത്ത് പുതിയ തലസ്ഥാനത്തിന്റെ നിർമാണം അടുത്ത വർഷംതന്നെ ആരംഭിക്കും. 2024 ഓടെ ഏകദേശം 1.5 ദശലക്ഷം ഉദ്യോഗസ്ഥരെ പുതിയ ബ്യൂറോക്രാറ്റിക് സെന്ററിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it