Latest News

വരവൂർ വ്യവസായ പാർക്കിൽ ജൂൺ മാസത്തോടെ വ്യവസായ പ്രവർത്തനം

വരവൂർ വ്യവസായ പാർക്കിൽ ജൂൺ മാസത്തോടെ വ്യവസായ പ്രവർത്തനം
X

തൃശൂർ: വരവൂർ വ്യവസായ പാർക്കിൽ എഗ്രിമെന്റ് വെച്ച് സ്ഥലം ഏറ്റെടുത്തിട്ടുള്ള വ്യവസായികൾ ജനുവരി മാസത്തിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ജൂൺ മാസത്തോടെ വ്യവസായ പ്രവർത്തനം ആരംഭിക്കണമെന്നും പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ വ്യവസായ പാർക്കിൽ ഏറ്റെടുക്കപ്പെട്ട പ്ലോട്ടുകളിൽ എത്രയും പെട്ടെന്ന് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്ന വിഷയം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഗ്രിമെന്റ് വെച്ച് സ്ഥലം ഏറ്റെടുത്തിട്ടുള്ള വ്യവസായികൾക്ക് എന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് മന്ത്രി യോഗത്തിൽ ആരാഞ്ഞു. പ്ലോട്ട് നമ്പർ 7 അനുവദിച്ചിട്ടുള്ള സംരംഭകൻ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാമെന്നും, 5 മാസത്തിനകം സംരംഭം ആരംഭിക്കുമെന്നും യോഗത്തെ അറിയിച്ചു. പ്ലോട്ട് നമ്പർ 30 അനുവദിച്ചിട്ടുള്ള സംരംഭകൻ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സംരംഭം ആരംഭിച്ചിട്ടുള്ളതായി യോഗത്തെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി വ്യവസായികൾ അറിയിച്ചു. ഇത് പരിഹരിക്കുന്നതിന് സിംഗിൾ വിൻഡോ വഴി അപേക്ഷ സമർപ്പിക്കുന്നതിന് യോഗം നിർദ്ദേശിച്ചു.

എസ്റ്റേറ്റിലേക്കുള്ള ഇലക്ട്രിക്കൽ വർക്കുകൾ, ഇന്റേണൽ റോഡ്, വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പൂർത്തിയാക്കിയിട്ടുളളതായി വ്യവസായ വികസന പ്ലോട്ടിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള കിറ്റ്കോ യോഗത്തെ അറിയിച്ചു. പ്രദേശത്തിന്റെ പ്രത്യേകത മൂലം പല പ്ലോട്ടുകളിലും മണ്ണ് കൂടി കിടക്കുന്നതായും, ചില സ്ഥലത്ത് കുഴികൾ ഉള്ളതായും കിറ്റ്കോ അറിയിച്ചു. ഇത് ഡെവലപ്മെന്റിനെ ബാധിക്കുന്നതായും അധികൃതർ പറഞ്ഞു. ഉയരത്തിലുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് കെഎൽഡിസിക്ക് അനുമതി നൽകുന്നതിനുള്ള അനുമതി വ്യവസായ വാണിജ്യ ഡയറക്ടർ നൽകിയിട്ടുള്ളതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ.കെ എസ് കൃപകുമാർ അറിയിച്ചു. പ്ലോട്ടുകൾ അനുവദിച്ചുള്ള വ്യവസായികളുമായി അടിയന്തിരമായി ഒരു യോഗം വിളിച്ച് പരസ്പര സഹകരണത്തോടെ മണ്ണിന്റെ പ്രശ്നം പരമാവധി പരിഹരിച്ചതിന് ശേഷം ബാക്കി മണ്ണ് ലേലം ചെയ്യുന്നതിനുള്ള നടപടി എടുക്കാൻ മന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് ജില്ല വ്യവസായ കേന്ദ്രത്തിൽ മണ്ണിന്റെ പ്രശ്നമുള്ള വ്യവസായികളുടെ യോഗം ചേരും.

തൃശൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജിയോളജിസ്റ്റ് സംഗീത സന്തോഷ്, കെഎൽഡിസി പ്രോജക്ട് എഞ്ചിനീയർ ഷാജി സികെ, കെഎസ്ഇബി സബ് എഞ്ചിനീയർ ജേക്കബ് ജോസഫ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ശ്യാംജിത്ത് കെ, കിറ്റ്ക്കോ സീനിയർ കൺസൾട്ടൻ്റ് ഭാമ എഎച്ച്, വ്യവസായ പാർക്കിൽ പ്ലോട്ടുകൾ ലഭിച്ച സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it