Latest News

ഐഎന്‍ടിയുസി നേതാവ് രാമഭദ്രൻ കൊലപാതകം: സിപിഎമ്മുകാരായ 18 പ്രതികളിൽ 14 പേർ കുറ്റക്കാർ

ഐഎന്‍ടിയുസി നേതാവ് രാമഭദ്രൻ കൊലപാതകം: സിപിഎമ്മുകാരായ 18 പ്രതികളിൽ 14 പേർ കുറ്റക്കാർ
X

തിരുവനന്തപുരം: ഐ എന്‍ ടി യു സി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ സി പി എം കൊല്ലം ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കര്‍ അടക്കമുള്ള 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

അതേസമയം, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ് ജയമോഹന്‍ അടക്കം നാല് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്നുകണ്ട് ഇവരെ വെറുതേവിട്ടു. ജയമോഹന്‍, റിയാസ്, മാര്‍ക്‌സണ്‍ യേശുദാസ്, റോയിക്കുട്ടി എന്നിവരെയാണ് വെറുതേവിട്ടത്.

സി പി എം ജില്ലാ കമ്മറ്റിയംഗം ബാബു പണിക്കരെ കൂടാതെ അഞ്ചല്‍ ഏരിയാ സെക്രട്ടറിയായിരുന്ന പി എസ് സുമേഷ്, ഗിരീഷ് കുമാര്‍, അഫ്‌സല്‍, നജുമല്‍ ഹസന്‍, മുന്‍ മന്ത്രി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് മാര്‍ക്‌സണ്‍ യേശുദാസ്, അഞ്ചല്‍ ഭാരതീപുരം ബിജുഭവനില്‍ ഷിബു,കാവുങ്കല്‍ സ്‌നേഹ നഗര്‍ സ്വദേശി വിമല്‍, നെടിയറ സുധീഷ് ഭവനില്‍ സുധീഷ്, ഭാരതീപുരം കല്ലും പുറത്ത് വീട്ടില്‍ ഷാന്‍, പട്ടത്താനം കാവുതറ സ്വദേശി രഞ്ജിത് തുടങ്ങിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 30ന് വിധിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കളിയായവര്‍ക്ക് പുറമേ ഗൂഢാലോചനയ്ക്കും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതികളാക്കിയത്.

രാമഭദ്രന്‍ വധക്കേസില്‍ ആദ്യം കേസന്വേഷിച്ച ഡിവൈ.എസ്.പി വിനോദ് കുമാര്‍ കൂറുമാറിയത് വലിയ വിവാദമായിരുന്നു. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ച ഡിവൈ എസ് പി വിനോദ് കുമാര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 2019ലാണ് സിബിഐ കേസില്‍ കുറ്റപത്രം നല്‍കിയത്. 126 സാക്ഷികളുണ്ടായിരുന്ന കേസില്‍ സിപിഎം പ്രവര്‍ത്തകരായ സാക്ഷികളും കൂറുമാറിയിരുന്നു.

2010 ഏപ്രില്‍ 10ന് രാത്രി നടന്ന കൊലപാതകത്തിന്റെ വിചാരണ ഏറെ വൈകിയാണ് തുടങ്ങിയത്. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ രാമഭദ്രന്റെ കുടുംബം കോടതിയെ സമീപിച്ചതോടെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ 16 സിപിഎം പ്രവര്‍ത്തകരെ പ്രതികളായി അറസ്റ്റ് ചെയ്തു. എന്നാല്‍, ഇടതുഭരണ കാലത്ത് നടത്തിയ അന്വേഷണത്തില്‍ നീതി ലഭിച്ചില്ലെന്ന് കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ ഹരജി നല്‍കിയാണു സി ബി ഐ അന്വേഷണത്തിന് അനുമതി നേടിയത്.

സി ബി ഐ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം 21 ആയി. ഇതില്‍ രണ്ടുപേര്‍ മാപ്പുസാക്ഷികളായി. രണ്ടാം പ്രതിയും സി പി എം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ ജെ പത്മന്‍ വിചാരണക്കാലത്ത് ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതി സി പി എം മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന പി എസ് സുമന്‍ പിന്നീട് ബി ജെ പിയില്‍ ചേര്‍ന്നതും വിവാദമായിരുന്നു.

കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഐ എന്‍ ടി യു സി പ്രാദേശിക നേതാവുമായിരുന്ന രാമഭദ്രന്‍ (44) വീടിനുള്ളില്‍ ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മുന്നിലാണു കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയും സി പി എം പ്രവര്‍ത്തകനുമായിരുന്ന ഗിരീഷും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കം രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഗിരീഷിനെ ചിലര്‍ മര്‍ദിച്ചതിനു പകരമായി സി പി എം പ്രവര്‍ത്തകര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ നെട്ടയം രാമഭദ്രനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.

Next Story

RELATED STORIES

Share it