Latest News

ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ദിലീപിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളി നെയ്യാറ്റിന്‍കര രൂപത

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വിരുദ്ധവുമാണ്. അതിനാല്‍ ബിഷപ്പിനെ ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കുന്നത് ഒഴിവാക്കണം

ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ദിലീപിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളി നെയ്യാറ്റിന്‍കര രൂപത
X

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ജാമ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദിലീപ് ഉന്നയിച്ച വാദങ്ങളെ തള്ളി നെയ്യാറ്റിന്‍കര രൂപത. ദിലീപ് കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവലിന് യാതൊരു ബന്ധവുമില്ലെന്ന് നെയ്യാറ്റിന്‍കര രൂപത വ്യക്തമാക്കി. ദിലീപുമായോ, ബാലചന്ദ്രകുമാറുമായോ ബിഷപ്പിന് ബന്ധമില്ല. തെറ്റായ ആരോപണങ്ങളിലൂടെ ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നെയ്യാറ്റിന്‍കര രൂപത വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.

നെയ്യാറ്റിന്‍കര രൂപതയുടെ വാര്‍ത്താക്കുറിപ്പ്

'സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട കേസില്‍ നടന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലിന്റെ പേര് പരാമര്‍ശിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ കേസിലെ പ്രതിയുമായോ, സിനിമാനടന്‍ ആരോപണം ഉന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിന്‍കര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാര്‍ത്തകള്‍ വാസ്തവ വിരുദ്ധവുമാണ്. അതിനാല്‍ ബിഷപ്പിനെ ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കുന്നത് ഒഴിവാക്കണം.'

നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ട ശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്. ബിഷപ്പിന് പണം നല്‍കണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെ തന്നോട് ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ദിലീപിന്റെ ഈ വാദങ്ങളെ തള്ളി ബാലചന്ദ്രകുമാറും രംഗത്തെത്തിയിരുന്നു. വിഷയത്തിലേക്ക് ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാനാണെന്നും സത്യവാങ്മൂലം പോലിസ് അന്വേഷിക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. സംവിധായകന്‍ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നല്‍കിയതെന്നും കേസിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് നെയ്യാറ്റിന്‍കര രൂപതയുടെ പ്രതികരണവും.

Next Story

RELATED STORIES

Share it