Latest News

കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രാദേശികതലത്തില്‍ നിശ്ചയിക്കാന്‍ ജാഗ്രത പോര്‍ട്ടലില്‍ സംവിധാനം

കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രാദേശികതലത്തില്‍ നിശ്ചയിക്കാന്‍ ജാഗ്രത പോര്‍ട്ടലില്‍ സംവിധാനം
X

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തന്നെ നിശ്ചയിക്കാന്‍ ജാഗ്രതാപോര്‍ട്ടലില്‍ സംവിധാനം ഏര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് പ്രദേശം ശാസ്ത്രീയമായി കൃത്യതയോടെ അടയാളപ്പെടുത്തുന്നതിനും പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടും. ജാഗ്രതാ പോര്‍ട്ടലില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഈ സംവിധാനം വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിചയപ്പെടുത്തി.

നിലവില്‍ ദുരന്ത നിവാരണ വിഭാഗവും ആരോഗ്യ വിഭാഗവും പോലിസും ഉള്‍ക്കൊള്ളുന്ന ജില്ലാതല സമിതി അവലോകനം ചെയ്താണ് രോഗം സ്ഥിരീകരിക്കുന്ന മേഖലകള്‍ ഉള്‍പ്പെടുത്തി കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത്. പുതിയ സംവിധാനത്തില്‍ വാര്‍ഡ് തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍ടികള്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ പങ്കാളിത്തം കൈവരും. പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്നതാണ് ആര്‍ആര്‍ടികള്‍.

ആര്‍ആര്‍ടികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. രോഗ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനും അവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനും ആര്‍ആര്‍ടികള്‍ ഇടപെടണം. ഓരോ പ്രദേശത്തേയും കൊവിഡ് പോസിറ്റീവ് കേസുകള്‍ ആര്‍ആര്‍ടികള്‍ക്ക് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അതത് സമയങ്ങളില്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. രോഗികളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ടവരെ കണ്ടെത്തി അവരുടെ പേരുവിവരങ്ങളും പോര്‍ട്ടലില്‍ ചേര്‍ക്കും. രോഗികളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെടുന്നവരുടെയും സ്ഥലങ്ങള്‍ അടയാളപ്പെടുത്തി മാപ്പ് തയ്യാറാക്കാന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഇങ്ങനെ തയ്യാറാക്കുന്ന മാപ്പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. രോഗം ഭേദമാവുന്നവരുടെ പേരുകള്‍ പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്യുന്നതിനനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണ്‍ ഇളവ് അനുവദിക്കാനും സാധിക്കും.

കൊവിഡ് രോഗത്തിനെതിരേ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട പ്രായമായവരെയും മറ്റു രോഗങ്ങളുള്ളവരെയും നിരീക്ഷിക്കാനും പോര്‍ട്ടലില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ പ്രായമായവരുടേയും മറ്റ് ഗുരുതര രോഗങ്ങളുള്ളവരുടേയും വിവരങ്ങള്‍ ശേഖരിച്ച് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി വരികയാണ്. ഇവരുടെ ആരോഗ്യനില ആര്‍.ആര്‍.ടികള്‍ വഴി വിലയിരുത്തും. ശരീരത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിനായി പള്‍സ് ഓക്സി മീറ്റര്‍ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.ജില്ലാ തലത്തില്‍ ടെലി മെഡിസിന്‍ സൗകര്യവും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള ഘട്ടങ്ങളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാവും. വീഡിയോ കോണ്‍ഫറന്‍സില്‍ ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, അഡീഷനല്‍ ഡിഎംഒ ഡോ. ആശാ ദേവി പങ്കെടുത്തു.

Jagratha portal system to determine the containment zone locally




Next Story

RELATED STORIES

Share it