Latest News

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പും ലൈംഗിക പീഡനവും ; അഭിഭാഷകക്കും യുവാവിനുമെതിരേ പരാതിയുമായി 14 യുവതികള്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പും ലൈംഗിക പീഡനവും ; അഭിഭാഷകക്കും യുവാവിനുമെതിരേ പരാതിയുമായി 14 യുവതികള്‍
X

പത്തനംതിട്ട: വിദേശത്തും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവാവിനെതിരേ പരാതി. തൊടുപുഴ സ്വദേശി സനീഷിനെതിരേ 14 യുവതികളാണ് പോലിസില്‍ പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. ഇതില്‍ ഒരു യുവതിയുടെ അശ്ലീല വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയില്‍ പറയുന്നു. മയക്ക് മരുന്ന് നല്‍കിയാണ് ദൃശ്യം ചിത്രീകരിച്ചത്. പ്രതി സനീഷിന്റെ കൂട്ടാളി നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയ്ക്കുമെതിരെ യുവതികള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പ്രതിയായ സനീഷ് ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.


എറണാകുളം വൈറ്റിലയില്‍ റോയല്‍ ഗാര്‍മെന്റ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്ന സനീഷ് ഇതിന്റെ മറവിലാണ് തട്ടിപ്പും പീഡനവും നടത്തിയത്. സനീഷിന്റെ കൂട്ടാളിയായ അഭിഭാഷകയ്ക്ക് വരുന്ന വിവാഹ മോചന കേസുകളിലെ യുവതികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. അഭിഭാഷകയാണ് യുവതികളെ സനീഷിന്റെ അടുത്തേക്ക് അയച്ചിരുന്നത്.


വിവാഹ മോചനത്തിന് വരുന്ന യുവതികളോട് വിദേശത്തും റെയില്‍വേയിലും ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കില്‍ സനീഷിനെ സമീപിക്കാന്‍ അഭിഭാഷക ആവശ്യപ്പെടും. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം ആദ്യ ഘട്ടത്തില്‍ പണവും പിന്നെ പാസ്‌പോര്‍ട്ടുകളും പ്രതികള്‍ കൈവശപ്പെടുത്തും. മൂന്നും നാലും ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കി കഴിഞ്ഞാല്‍ പിന്നീട് വിളിച്ച് വരുത്തി മയക്ക് മരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. അശ്ലീല ദൃശ്യങ്ങളും പകര്‍ത്തും. തട്ടിപ്പ് മനസിലാക്കി പണം തിരിച്ച് ചോദിച്ചാല്‍ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നതായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്.


സംഭവത്തില്‍ സനീഷിനൊപ്പം അഭിഭാഷകക്കെതിരേയും യുവതികള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനില്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. 17 ഓളം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് അഭിഭാഷക അയച്ച് കൊടുത്തിരുന്നു. ഇതോടെയാണ് തട്ടിപ്പും പീഡനവും പുറത്തുവന്നത്.




Next Story

RELATED STORIES

Share it