Latest News

സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനം; റിസര്‍വ് ബാങ്കിന് മുന്നില്‍ ഇന്ന് കേരളത്തിലെ ഭരണ- പ്രതിപക്ഷ സംയുക്ത പ്രതിഷേധം

സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിലും ധര്‍ണയിലുമാണ് ഇടതുപക്ഷ, കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത്‌

സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനം; റിസര്‍വ് ബാങ്കിന് മുന്നില്‍ ഇന്ന് കേരളത്തിലെ ഭരണ- പ്രതിപക്ഷ സംയുക്ത പ്രതിഷേധം
X

കോഴിക്കോട്: റിസര്‍വ് ബാങ്കിന് മുന്നില്‍ ഇന്ന് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ സംയുക്ത പ്രതിഷേധം നടക്കും. കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനത്തിനെതിരേയാണ് പ്രതിഷേധം. സഹകരണ മന്ത്രി വി എന്‍ വാസവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി കടകംപളളി സുരേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിലും ധര്‍ണയിലുമാണ് ഇടതുപക്ഷ, കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത്.

ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങളെന്നും സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്നും ബാങ്കിങ് ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴ് പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

സംസ്ഥാനത്തെ 1,625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000 വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ആര്‍ബിഐ നിലപാട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it