Latest News

ഗവര്‍ണറുടെ മാധ്യമവിലക്കിനെതിരേ പത്രപ്രവര്‍ത്തക യൂനിയന്‍; നാളെ രാജ്ഭവന്‍ മാര്‍ച്ച് നടത്തും

ഗവര്‍ണറുടെ മാധ്യമവിലക്കിനെതിരേ പത്രപ്രവര്‍ത്തക യൂനിയന്‍; നാളെ രാജ്ഭവന്‍ മാര്‍ച്ച് നടത്തും
X

തിരുവനന്തപുരം: ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതരേ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്ത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് യൂനിയന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 11.30ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.

ഗവര്‍ണര്‍ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ചു അനുമതി നല്‍കി പേര് പരിശോധിച്ച് അകത്തുകയറ്റിയ ശേഷമാണ് കൈരളി, മീഡിയാ വണ്‍ സംഘത്തെ വാര്‍ത്താസമ്മേളന ഹാളില്‍ നിന്നും ഇറക്കിവിട്ടത്.

ബോധപൂര്‍വം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിത്.വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ച് ജയ്ഹിന്ദ് ടിവി മെയില്‍ നല്‍കിയിരുന്നെങ്കിലും അനുമതി നല്‍കിയില്ല. വിമര്‍ശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധവുമായ നിലപാട് ഗവര്‍ണര്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ തവണ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ മാധ്യമവിലക്കുണ്ടായ ഘട്ടത്തില്‍ തന്നെ ഇത് ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് യൂനിയന് പോവേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും യൂനിയന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it