Latest News

'എന്റെ തൊഴില്‍ എന്റെ അഭിമാനം' സര്‍വ്വെ പൂര്‍ത്തീകരിച്ച് തൃശൂര്‍ ജില്ല: സംസ്ഥാനത്ത് ആദ്യം

എന്റെ തൊഴില്‍ എന്റെ അഭിമാനം സര്‍വ്വെ പൂര്‍ത്തീകരിച്ച് തൃശൂര്‍ ജില്ല: സംസ്ഥാനത്ത് ആദ്യം
X
തൃശൂര്‍: 'എന്റെ തൊഴില്‍ എന്റെ അഭിമാനം' കാംപയിന്റെ ഭാഗമായുള്ള സര്‍വ്വെ സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തീകരിച്ച് തൃശൂര്‍ ജില്ല. സര്‍വ്വെ പൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ഡി പി സി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവര്‍ സംയുക്തമായി നടത്തി.

എന്റെ തൊഴില്‍ എന്റെ അഭിമാനം കാംപയിന്റെ ഭാഗമായുള്ള സര്‍വ്വേയില്‍ നാല് ദിവസത്തിനുള്ളില്‍ 10,980 കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ കയറിയത് 9,95,158 സ്ഥലങ്ങളിലാണ്. ഇതില്‍ 8,30,859 വീടുകളില്‍ നിന്നായി 4,84,984 തൊഴില്‍ അന്വേഷകരെ കണ്ടെത്താനായി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് തൊഴില്‍ അന്വേഷകരില്‍ ഏറെയും. ഡിഗ്രി, ബിരുദാനന്തരബിരുദം, ഡിപ്ലോമ, ഐ.ടി.ഐ എന്നീ യോഗ്യതയുള്ളവരുടെയും വിവരങ്ങള്‍ സര്‍വ്വേയിലൂടെ ശേഖരിച്ചിട്ടുണ്ട്.

ഗ്രാമ,വാര്‍ഡ് തലങ്ങളില്‍ വിപുലമായ സംഘാടക സമിതികള്‍ രൂപീകരിച്ചാണ് സര്‍വ്വെ പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബശ്രീയ്ക്കായിരുന്നു സര്‍വ്വെയുടെ ചുമതല. ജാലകം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നടത്തിയ ഡിജിറ്റല്‍ സര്‍വ്വേയിലൂടെ അഭ്യസ്തവിദ്യരായവരുടെ കൃത്യമായ വിവരങ്ങള്‍ അതാതു തദ്ദേശസ്ഥാപനങ്ങളില്‍ ലഭ്യമായിട്ടുണ്ട്.

2026നകം ചുരുങ്ങിയത് 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (K-DISC) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് കേരള നോളജ് എക്കണോമി മിഷന്‍. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ വീടുകളില്‍ എത്തിക്കുകയും അഭ്യസ്ത വിദ്യരായവര്‍ക്ക് അവരവരുടെ അഭിരുചിക്കനുസരിച്ച് പ്രവര്‍ത്തന മേഖല കണ്ടെത്തുന്നതിനുള്ള അവസരം നല്‍കുകയും ചെയ്യുന്നതിനുള്ള വിവരശേഖരണം നടത്തുകയായിരുന്നു എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന്റെ ആദ്യപ്രവര്‍ത്തനം.

അഭ്യസ്തവിദ്യര്‍ക്ക് ലോകമെമ്പാടുമുള്ള നവതൊഴിലുകള്‍ സ്വന്തം നാട്ടിലോ വീട്ടിലോ ഇരുന്ന് ചെയ്യാനുള്ള അവസരം സൃഷ്ടിക്കുക പ്രത്യേകിച്ചും ഇടയ്ക്ക് വെച്ച് തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകള്‍, തൊഴില്‍ ഉപേക്ഷിച്ചോ, നഷ്ടപ്പെട്ടോ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ എന്നിവര്‍ക്കും ക്യാമ്പയിന്‍ പ്രയോജനപ്പെടും.

നാല് ദിവസം കൊണ്ട് 9 ലക്ഷത്തിലധികം വീടുകള്‍ കയറി എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക എന്ന ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിച്ച കുടുംബശ്രീ എന്യൂമറേറ്റര്‍മാരെ ഡി.പി.സി ചെയര്‍മാനും കണ്‍വീനറും പ്രത്യേകം അഭിനന്ദിച്ചു. സര്‍വ്വെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്ററും സ്‌റ്റേറ്റ് റിസോള്‍സ് ഗ്രൂപ്പ് മെമ്പറുമായ അനൂപ് കിഷോര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫീസ് സീനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എ കെ വിനീത എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it