Latest News

കെ-റെയില്‍: ബിജെപി ഇരട്ടവേഷം അഴിച്ചുവയ്ക്കണം

കെ-റെയില്‍: ബിജെപി ഇരട്ടവേഷം അഴിച്ചുവയ്ക്കണം
X

കെ സുനില്‍കുമാര്‍

കൊച്ചി: സില്‍വര്‍ ലൈന്‍ ഒരു സ്റ്റാന്റ് എലോണ്‍ പദ്ധതിയാണ്. അത് കേരളത്തെ കടക്കെണിയിലെത്തിക്കുകയും ഭാവി റെയില്‍വേ വികസനത്തെ പിന്നോട്ടടിപ്പിക്കുകയും ചെയ്യും. ഇതിനെതിരേ സമരം ചെയ്യുന്ന ബിജെപിക്കാര്‍ തങ്ങളുടെ ഇരട്ടവേഷം അഴിച്ചുവയ്ക്കണം. അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ ഇടപെടുത്തി ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും. അതിനാണ് മുരളീധരനെപ്പോലുള്ളവര്‍ ശ്രമിക്കേണ്ടത്. സുനില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

നിലവിലുള്ള കാസര്‍കോട് തിരുവനന്തപുരം റെയില്‍വെ ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നിക്ഷേപ പൂര്‍വ നടപടികള്‍ക്കാണ് 2019ല്‍ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന് (KRDCL) കേന്ദ്ര റെയില്‍വെ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് പോലെ പുതിയ റെയില്‍പാതക്കല്ല. ബ്രോഡ്‌ഗേജിലാണ് കാസര്‍കോട് തിരുവനന്തപുരം പാത നിലവിലുള്ളത്. അതിനോട് ചേര്‍ന്ന് ബ്രോഡ്‌ഗേജില്‍ അര്‍ധ അതിവേഗ ട്രെയിനുകള്‍ ഓടിക്കുക എന്നതായിരുന്നു കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന് നല്‍കിയ പ്രൊപ്പോസല്‍.

അതാണിപ്പോള്‍ നിലവിലുള്ള റെയില്‍ പാതയുമായി ഒരു ബന്ധവുമില്ലാത്ത, സ്റ്റാന്റേഡ് ഗേജില്‍ ഓടുന്ന സില്‍വര്‍ ലൈന്‍ എന്ന സ്റ്റാന്റ്എലോണ്‍ പദ്ധതിയായി മാറിയിരിക്കുന്നത്. സ്റ്റാന്റേഡ് ഗേജില്‍ ഓടുന്ന സില്‍വര്‍ ലൈന്‍ ട്രെയിനുകള്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് തുടങ്ങി കാസര്‍കോട്ടും തിരിച്ച് കൊച്ചുവേളിയിലും യാത്ര അവസാനിപ്പിക്കും. നിലവിലെ പാതകളുമായി അതിനെ ബന്ധിപ്പിക്കാന്‍ കഴിയില്ല.

ജപ്പാനില്‍ നിന്ന് വിദേശ ധനസഹായം കിട്ടണമെങ്കില്‍ സ്റ്റാന്റേഡ് ഗേജില്‍ തന്നെ റെയില്‍പാത നിര്‍മിക്കണമെന്നാണ് സര്‍ക്കാരും ഡോ. തോമസ് ഐസക്കിനെ പോലുള്ള പണ്ഡിതരും പറയുന്ന ന്യായം. ജപ്പാനില്‍ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയും ട്രെയിനുകളും വിദേശ വായ്പയുടെ പേരില്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കുന്നു. ഭാവിയില്‍ കേരളത്തിന്റെ റെയില്‍വെ വികസനത്തിനുള്ള വിലങ്ങുതടിയായി സില്‍വര്‍ലൈന്‍ മാറുകയും സംസ്ഥാനത്തെ ഭീമമായ കടക്കെണിയില്‍ വീഴ്ത്തുകയും ചെയ്യും. അത് സൃഷ്ടിക്കാന്‍ പോകുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വലിയ ആഘാതങ്ങള്‍ വേറെയും.

റെയില്‍വെ ബോര്‍ഡിനെയും കേരളത്തിലെ ജനങ്ങളെയും കബളിപ്പിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കാതിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് ബിജെപിക്കാര്‍ തെരുവില്‍ സമരം ചെയ്യേണ്ട ആവശ്യമില്ല. വി മുരളീധരന്‍ എന്ന കേന്ദ്രമന്ത്രി കേരളത്തില്‍ വന്ന് ഈ പൊരിവെയിലത്ത് കുടിയൊഴിക്കല്‍ ഭീഷണി നേരിടുന്നവരുടെ വീടുകള്‍ കയറിയിറങ്ങി നടക്കേണ്ട ആവശ്യമില്ല. ബിജെപിക്കാര്‍ ഇത്തരം ഇരട്ടവേഷങ്ങള്‍ അഴിച്ചുവെക്കണം. പകരം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് നിര്‍ദ്ദേശിക്കണം.

റെയില്‍വെക്ക് 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള കെ റെയില്‍ ലിമിറ്റഡിനെ കൂടി സാമ്പത്തികമായി തകര്‍ക്കുന്ന പദ്ധതി നിര്‍ത്തിവെക്കാന്‍ റെയില്‍വെ ബോര്‍ഡ് തീരുമാനിക്കുക. എന്നിട്ട് നിലവിലുള്ള റെയില്‍ പാതക്ക് സമാന്തരമായി മൂന്നാമത്തെയോ നാലാമത്തെയോ പാത നിര്‍മിച്ച് ബ്രോഡ്‌ഗേജില്‍ അതിവേഗ ട്രെയിനുകള്‍ ഓടിച്ച് കേരളത്തെ അന്തര്‍ സംസ്ഥാന റെയില്‍ പാതകളുമായി ബന്ധിപ്പിച്ച് യാത്രാ സൗകര്യം കൂട്ടുക. കേരളത്തിലെ തെക്ക് വടക്ക് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കുക. നിലവിലുള്ള ലൈനുകള്‍ ആധുനികവല്‍ക്കരിക്കുകയും ഡബ്‌ളിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യണം.

എങ്കില്‍ സില്‍വര്‍ലൈന്‍ എന്ന വെള്ളാനക്ക് വേണ്ടിയുള്ള കുറ്റിയടിക്കലും കുടിയൊഴിപ്പിക്കലും അവസാനിപ്പിക്കാന്‍ കഴിയും. കേരളത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളുമെല്ലാം മെച്ചപ്പെടുത്താന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാനുണ്ട്. പ്രളയാനന്തര കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്ത ഭീഷണികളെ നേരിടാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഗ്രാമീണ മേഖലയിലും നഗരങ്ങളിലും മലയോരത്തും തീരദേശത്തും ഉണ്ടായിരിക്കുന്ന കോവിഡനന്തര തൊഴിലില്ലായ്മയും സാമ്പത്തിക ദുരിതങ്ങളും വിലക്കയറ്റവും അടക്കമുള്ള ജനങ്ങള്‍ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്.

Next Story

RELATED STORIES

Share it