Latest News

കെ റെയില്‍ മംഗലാപുരം വരെ നീട്ടണമെന്ന് കേരളം; വിഷയത്തില്‍ കേരള-കര്‍ണാടക ചര്‍ച്ച നടക്കും

തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ കെ റെയില്‍ പാത കര്‍ണാടകയിലെ മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു

കെ റെയില്‍ മംഗലാപുരം വരെ നീട്ടണമെന്ന് കേരളം; വിഷയത്തില്‍ കേരള-കര്‍ണാടക ചര്‍ച്ച നടക്കും
X

തിരുവനന്തപുരം: കെ റെയില്‍ കര്‍ണാടകിയിലെ മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യത്തില്‍ കേരള-കര്‍ണാടക ചര്‍ച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചര്‍ച്ച നടക്കുക. ഈ മാസം തന്നെ ചര്‍ച്ച ഉണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ സില്‍വര്‍ ലൈന്‍ പാത മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ആദ്യം ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയായത്. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയ ശേഷമേ മറ്റു ചര്‍ച്ചകളുമായി മുന്നോട്ടു പോകൂ. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യത്തില്‍ ഇപ്പോള്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകില്ല. തലശ്ശേരി-മൈസൂരു, നിലമ്പൂര്‍ -നഞ്ചന്‍കോട് പാതയുടെ കാര്യവും വിഷയത്തില്‍ ചര്‍ച്ചയാകും.

ചര്‍ച്ചയില്‍ അതിവേഗ റെയില്‍വേ ഇടനാഴി എന്ന ആവശ്യം തമിഴ്‌നാട് മുന്നോട്ടുവച്ചിരുന്നു. കോയമ്പത്തൂര്‍, ചെന്നൈ, മധുര, തൂത്തുക്കൂടി നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയില്‍വേ ഇടനാഴി വേണം. അയല്‍ സംസ്ഥാനങ്ങളെ കൂടി ബന്ധിപ്പിക്കണമെന്ന ആവശ്യവും തമിഴ്‌നാട് മുന്നോട്ടു വച്ചു. കേന്ദ്ര വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കാന്‍ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

കോവളം റാവിസ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കേന്ദ്രവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൗണ്‍സില്‍ നടക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നുണ്ട്. കൗണ്‍സിലില്‍ പങ്കെടുക്കാനായി ഇന്നലെ കോവളത്തെത്തിയ അമിത് ഷായെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. സ്വീകരണത്തോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറിയിരുന്നു.

അതേസമയം, കെ റെയില്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് ബിജെപി ഭരിക്കുന്ന കര്‍ണാടകയിലേക്ക് പാത നീട്ടാനുള്ള നീക്കവുമായി കേരളം മുന്നോട്ട് വന്നത്.

Next Story

RELATED STORIES

Share it