Latest News

'ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള പ്രദേശം'; കടലുണ്ടിയെ കണ്ടറിഞ്ഞ് ഡോ. ഹരോള്‍ഡ് ഗുഡ്വിന്‍

ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള പ്രദേശം; കടലുണ്ടിയെ കണ്ടറിഞ്ഞ് ഡോ. ഹരോള്‍ഡ് ഗുഡ്വിന്‍
X

കോഴിക്കോട്: 'ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള പ്രദേശമാണിത്. തനതു പ്രത്യേകതകളും ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി രമണീയതയും, കലാസാംസ്‌കാരിക തനിമയും, ചരിത്ര പ്രാധാന്യവും, ഭക്ഷണവൈവിധ്യവും, ഗ്രാമീണ ജീവിത രീതികളുമെല്ലാം കൊണ്ട് സമൃദ്ധമായ നാട് ' ബേപ്പൂരിനെക്കുറിച്ച് വര്‍ണ്ണിക്കാന്‍ ഡോ.ഹരോള്‍ഡ് ഗുഡ്‌വിന് നൂറു നാവ്. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ജൂറി ചെയര്‍മാനും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം സ്ഥാപകനുമായ ഹരോള്‍ഡ് കടലുണ്ടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ പറഞ്ഞ വാക്കുകളാണിത്.


കടലുണ്ടി പഞ്ചായത്തിലെ കയര്‍ സൊസൈറ്റി, ഖാദി നെയ്ത്തു കേന്ദ്രം, ചെണ്ടുമല്ലി കൃഷി, കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഹരോള്‍ഡ് കൗതുകത്തോടെയാണ് കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയത്.

കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചും സുസ്ഥിര വികസനം സാധ്യമാകേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും വാചാലനായ ഹരോള്‍ഡിന് ചാലിയാറിലൂടെയുള്ള യാത്ര ഏറെ ഇഷ്ടമായി.

ചെണ്ടുമല്ലി കൃഷി കാണാനെത്തിയ ഹരോള്‍ഡിനെ പൂമാലയണിയിച്ചാണ് കര്‍ഷകര്‍ സ്വീകരിച്ചത്. പരമ്പരാഗത കയര്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഖാദി നെയ്ത്തു കേന്ദ്രത്തിലെത്തിയ ഹരോള്‍ഡിന് നെയ്ത്ത് ഹൃദ്യാനുഭവമായി മാറി.


സുസ്ഥിര വികസനത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര മേഖലയിലെ ജനകീയ ഇടപെടല്‍ സാധ്യമാക്കുന്ന മാതൃകാ പദ്ധതിയായ ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കുന്നതിനും ബേപ്പൂരിലെ സാര്‍വദേശീയ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി മാറ്റുന്നതിനും വേണ്ടി ആഗോള സുസ്ഥിര ടൂറിസം നേതാക്കള്‍ ബേപ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ആസൂത്രണസമിതി ഉപാധ്യാക്ഷന്‍ ഗംഗാധരന്‍ മാഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുരളി മുണ്ടേങ്ങാട്ട്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകലാ ലക്ഷ്മി, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ഹരോള്‍ഡിനൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it