Latest News

കണ്ണൂര്‍ വിസി നിയമനത്തില്‍ അനധികൃതമായി ഇടപെട്ടു; ചെന്നിത്തലയുടെ പരാതിയില്‍ മന്ത്രി ബിന്ദുവിന് ലോകായുക്ത നോട്ടിസ്

കണ്ണൂര്‍ വിസി നിയമനത്തില്‍ അനധികൃതമായി ഇടപെട്ടു; ചെന്നിത്തലയുടെ പരാതിയില്‍ മന്ത്രി ബിന്ദുവിന് ലോകായുക്ത നോട്ടിസ്
X

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തില്‍ അനധികൃതമായി ഇടപെട്ടുവെന്ന ചെന്നിത്തലയുടെ പരാതിയില്‍ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്ത നോട്ടീസ്. വൈസ് ചാന്‍സിലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി ആര്‍ ബിന്ദു കത്തെഴുതിയത് അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണ്.

അതിനാല്‍, മന്ത്രിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയില്‍ ഫയല്‍ചെയ്ത ഹരജിയില്‍ സര്‍ക്കാരിന്റെയും മന്ത്രി ബിന്ദുവിന്റെയും വിശദീകരണം ആവശ്യപ്പെട്ട് ജസ്റ്റിസ്. സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുണ്‍ ആര്‍ റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

വിശദീകരണം നല്‍കാന്‍ കേസില്‍ ഹാജരായ ലോകയുക്ത അറ്റോണി റ്റി എ ഷാജിയ്ക്കാണ് നിര്‍ദേശം നല്‍കിയത്. കേസ് ഈ മാസം പതിനെട്ടിലേക്ക് മാറ്റി. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.


Next Story

RELATED STORIES

Share it