Latest News

കരിങ്ങോള്‍ച്ചിറ അപ്രോച്ച് റോഡ്: ബിജെപിയുടെ അനാവശ്യ സമരത്തിനെതിരേ ജനരോഷം ശക്തമാകുന്നു

കരിങ്ങോള്‍ച്ചിറ അപ്രോച്ച് റോഡ്: ബിജെപിയുടെ അനാവശ്യ സമരത്തിനെതിരേ ജനരോഷം ശക്തമാകുന്നു
X

മാള: വര്‍ഷങ്ങളായി തടസ്സപ്പെട്ട് കിടക്കുന്ന കരിങ്ങോള്‍ച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടത്തിയ നികത്തലിനെതിരെ ബിജെപിക്കാര്‍ സമരം ചെയ്യുന്നതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഉപയോഗശൂന്യമായി കിടക്കുന്ന ഭാഗം റോഡ് നിര്‍മ്മാണത്തിനായി നികത്തുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച പണി കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചപ്പോഴാണ് വീണ്ടും പ്രതിഷേധവുമായി ബിജെപിപ്രവര്‍ത്തകര്‍ എത്തിയത്.

പൊതുമരാമത്ത് അധികൃതര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭൂമി ഏറ്റെടുക്കാതെ പാലം നിര്‍മ്മാണം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇവിടെ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നത്. ഒരു പതിറ്റാണ്ടോളമായി അധികൃതര്‍ക്ക് മുന്നില്‍ കീറാമുട്ടിയായി മാറിയ പ്രശ്‌നമാണിപ്പോള്‍ സര്‍ക്കാര്‍ അധീനതയിലുള്ള കുഴി നികത്തി പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. ഈ സമവായ നടപടിക്കെതിരെ രംഗത്ത് വന്ന ബിജെപിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്.

കൂടാതെ കരിങ്ങോള്‍ച്ചിറ പ്രദേശത്ത് വേനല്‍കാലത്ത് കുടിവെള്ള സ്രോതസുകളില്‍ ഉപ്പ് വെള്ളം കയറുന്നത് പരിഹരിക്കാനും ഈ ഭാഗത്തെ നികത്തല്‍ സഹായിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. കരിങ്ങോള്‍ച്ചിറ ചാലിന്റെ പടിഞ്ഞാറ് ഭാഗത്ത് ഉള്ള മാലിന്യം തള്ളുന്ന കുഴിയാണ് പൊതുമരാമത്ത് അധികൃതര്‍ റോഡ് നിര്‍മ്മാണത്തിനായി മണ്ണിട്ട് മൂടിയത്. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ഈ കുഴി വലിയ അപകട ഭീഷണി സൃഷ്ടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കുഴി നികത്തിയത് വഴി അപകട ഭീഷണി ഒഴിവാക്കാനും സാധിച്ചിട്ടുണ്ട്.

കൂടാതെ കുടിവെള്ള സ്രോതസുകളില്‍ ഉപ്പ് വെള്ളം കയറാതിരിക്കുന്നതിനായി വര്‍ഷം തോറും ഇവിടെ ബണ്ട് കെട്ടുന്നത് ഒഴിവാക്കാനും ഇത് മൂലം സാധിക്കും. ബണ്ട് കെട്ടുന്നതിനായി പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ചിലവഴിക്കുന്ന തുക ഇനി മുതല്‍ മറ്റ് വികസന ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും സാധിക്കും. ഇങ്ങനെ നാട്ടുകാര്‍ക്ക് നിരവധി പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള ബിജെപി നീക്കം അപലപനീയമാണെന്നും ജനവിരുദ്ധ നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍, പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് വൈപ്പിന്‍കാട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it