Latest News

കരിപ്പൂര്‍: സിബിഐ റെയ്ഡിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ 5 ലക്ഷം പുറത്തെത്തിച്ചു

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒരുദിവസത്തെ കോഴയാകാം ഈ എട്ടുലക്ഷം രൂപയെന്നാണ് സി.ബി.ഐയുടെ നിഗമനം

കരിപ്പൂര്‍: സിബിഐ റെയ്ഡിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ 5 ലക്ഷം പുറത്തെത്തിച്ചു
X

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം സിബിഐ നടത്തിയ റെയ്ഡിനിടെ കസ്റ്റംസ് അഞ്ചുലക്ഷം രൂപ പുറത്തുകടത്തിയതായി സി.ബി.ഐയ്ക്ക് വിവരം ലഭിച്ചു. സി.ബി.ഐ. പരിശോധന ആരംഭിക്കുന്നതിനു തൊട്ടു മുന്‍പ്് പണം പുറത്തേക്ക് എത്തിച്ചതായാണ് വിവരം. സി.ബി.ഐ. സംഘമെത്തിയതറിഞ്ഞതോടെ കസ്റ്റംസിലെ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പണം കടത്താനുള്ള സംവിധാനമൊരുക്കിയത്. ആ സമയം കസ്റ്റംസ് ഹാളിലുണ്ടായിരുന്ന കള്ളക്കടത്ത് സംഘാംഗങ്ങളെയാണ് ഇതിനുപയോഗിച്ചത്. 50,000 മുതല്‍ ഒരുലക്ഷംവരെയുള്ള സംഖ്യകളാക്കി പലരുടെ കൈവശം നല്‍കി പണം പുറത്തെത്തിക്കുകയായിരുന്നു.


ഇത് മുന്‍കൂട്ടികണ്ട സി.ബി.ഐ. പരിശോധന പൂര്‍ത്തിയാക്കി പുറത്തുകടന്ന യാത്രക്കാരെ തിരിച്ചുവിളിച്ചു പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ടെര്‍മിനലില്‍ ഉപേക്ഷിച്ചനിലയിലും എക്‌സ്‌റേ പരിശോധനാ യന്ത്രത്തിന്റെ അരികില്‍ ഒളിപ്പിച്ചുവെച്ച രീതിയിലും മൂന്നുലക്ഷം രൂപ സി.ബി.ഐ. കണ്ടെടുത്തു. പുറത്തുകടത്താന്‍ സാധിക്കാതെവന്നപ്പോഴാണ് ഈ പണം ഒളിച്ചുവെച്ചതെന്ന് കരുതുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒരുദിവസത്തെ കോഴയാകാം ഈ എട്ടുലക്ഷം രൂപയെന്നാണ് സി.ബി.ഐയുടെ നിഗമനം. ആരോപണവിധേയരായ കസ്റ്റംസ് ഡ്യൂട്ടി ഓഫീസര്‍മാര്‍ ജോലികഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വീതംവെക്കാനായി സൂക്ഷിച്ചതാണ് തുകയെന്ന് കരുതുന്നു. സ്വര്‍ണം പിടിക്കുന്ന പുകമറയുള്ളതിനാല്‍ സി.ബി.ഐ. റെയ്ഡ് ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല. കസ്റ്റംസിന്റെ അഴിമതിയെക്കുറിച്ച് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ സി.ബി.ഐ ശേഖരിച്ചതായും സൂചനയുണ്ട്.




Next Story

RELATED STORIES

Share it