Latest News

ഭൂമി അഴിമതിക്കേസ്: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

ഭൂമി അഴിമതിക്കേസ്: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
X

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്. മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസിലാണ് നടപടി. പ്രദീപ് കുമാര്‍, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് ആക്ടിവിസ്റ്റുകളുടെ ഹരജിയെ തുടര്‍ന്നാണ് മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, സെക്ഷന്‍ 218 പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശത്തിലുള്ളത്. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളാണ് പരാതിയിലുള്ളത്.

മുഡ ഭൂമി കുംഭകോണത്തില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ സ്‌നേഹമയി കൃഷ്ണയും ആരോപിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചതിനാല്‍ പുതിയ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ല. തന്റെ ഭാര്യക്ക് നഷ്ടപരിഹാരം ലഭിച്ച ഭൂമി 1998ല്‍ സഹോദരന്‍ മല്ലികാര്‍ജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ 2004ല്‍ മല്ലികാര്‍ജുന ഇത് അനധികൃതമായി സംഭരിക്കുകയും സര്‍ക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിച്ചു. 1998ല്‍ ഭൂമി വാങ്ങിയതായി കാണിച്ചിരുന്നു. 2014ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി ഈ മാസം ആദ്യം ബംഗളൂരു മുതല്‍ മൈസൂരു വരെ ഒരാഴ്ചത്തെ പദയാത്ര നടത്തിയിരുന്നു.

Next Story

RELATED STORIES

Share it