Latest News

കര്‍ണാടക മോഡല്‍ ഹിജാബ് വിലക്ക് തലസ്ഥാനത്തും; ശംഖുമുഖം സെന്റ് റോച്ചസ് സ്‌കൂള്‍ ഹിജാബ് വിലക്കിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

സ്‌കൂളിനുള്ളിലെ ഹിജാബ് വിലക്ക് നീക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരും

കര്‍ണാടക മോഡല്‍ ഹിജാബ് വിലക്ക് തലസ്ഥാനത്തും; ശംഖുമുഖം സെന്റ് റോച്ചസ് സ്‌കൂള്‍ ഹിജാബ് വിലക്കിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം
X

തിരുവനന്തപുരം: ശംഖ്മുഖം തോപ്പ് സെന്റ് റോച്ചെസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഹിജാബിന് വിലക്ക്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ പ്രധാനഗേറ്റിന് മുന്‍പില്‍ അധ്യാപകര്‍ തടഞ്ഞു. ഏതാനും ദിവസങ്ങളായി ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ കോമ്പൗണ്ടില്‍ തടയുന്നുണ്ട്. സംഭവമറിഞ്ഞ് രക്ഷിതാക്കളും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും സ്‌കൂളിന് പുറത്ത് തടിച്ച് കൂടി. തുടര്‍ന്ന് ശംഖുമുഖം പോലിസെത്തി രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ സ്‌റ്റേഷനില്‍ വച്ച് സംസാരിക്കാമെന്ന പോലിസിന്റെ ആവശ്യം രക്ഷിതാക്കള്‍ നിരാകരിച്ചു. തങ്ങള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റുമായാണ് സംസാരിക്കേണ്ടതെന്ന നിലപാടില്‍ രക്ഷകര്‍ത്താക്കള്‍ ഉറച്ച് നിന്നു.

കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ കൂടി പശ്ചാത്തലത്തില്‍ പ്രതിഷേധം കനക്കുമെന്ന് കണ്ടതോടെ, സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കളുമായി ചര്‍ച്ചക്ക് സന്നദ്ധമായി. അതിനിടെ, വനിത രക്ഷകര്‍ത്താക്കളുമായേ ചര്‍ച്ചയുള്ളൂ എന്നായി മാനേജ്‌മെന്റ്. എന്നാല്‍ പുരുഷന്മാരായ രക്ഷകര്‍ത്താക്കളെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യത്തില്‍ ഒടുവിലാണ് മാനേജ്‌മെന്റ് വഴങ്ങിയത്.

സ്‌കൂള്‍ മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയില്‍ സ്‌കൂളിനുള്ളില്‍ ഹിജാബ് ധരിക്കുന്നതില്‍ തീരുമാനമുണ്ടായില്ല. വര്‍ഷങ്ങളായി സ്‌കൂള്‍ ക്ലാസില്‍ ഹിജാബ് അനുവദിച്ചിരുന്നില്ലെന്നും അതിനാല്‍ ഇനി സ്‌കൂള്‍ യൂനിഫോമിന് വിരുദ്ധമായി ഹിജാബ് ധരിക്കാന്‍ അനുവദിക്കാനാവില്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. എന്നാല്‍ സ്‌കൂളിലെ രണ്ടാം ഗേറ്റിനുള്ളില്‍ വരെ ഹിജാബ് ധരിക്കാമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, സ്‌കൂള്‍ ക്ലാസിനുള്ളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് വരെ പ്രതിഷേധിക്കുമെന്നാണ് രക്ഷകര്‍ത്താക്കളുടെ തീരുമാനം. പ്രദേശിക രാഷ്ട്രീയ കക്ഷികളും സാമൂഹിക മത നേതാക്കളുമായും ആലോചിച്ച് സമരം ശക്തമാക്കുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഹിജാബ് വിലക്കിനെതിരെ ജില്ലാ കലക്ടര്‍, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തുടങ്ങിയവര്‍ക്ക് രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിരുന്നു.

നേരത്തെ പല വട്ടം സ്‌കൂളിനകത്ത് ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. മെയിന്‍ ഗേറ്റിനകത്ത് വച്ച് ഹിജാബോ ഷാളോ ധരിച്ചിട്ടുണ്ടെങ്കില്‍ അത് ഊര് ബാഗില്‍ വയ്ക്കണമെന്നാണ് മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശമെന്ന് രക്ഷകര്‍ത്താവ് വള്ളക്കടവ് റാഫി തേജസ് ന്യൂസിനോട് പറഞ്ഞു.

കുട്ടികളുടെ ഇടയില്‍ വിവേചനം ഒഴിവാക്കാനാണ് ഹിജാബ് വിലക്കാന്‍ കാരണമെന്നാണ് മാനേജ്‌മെന്റിന്റെ ന്യായം. അതേസമയം, കൃത്യമായി മത ചിഹ്നഹങ്ങള്‍ ഉപയോഗിക്കുന്ന അധ്യാപികമാരാണ് സ്‌കൂളിലുള്ളതെന്ന് രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും പറയുന്നു.

രക്ഷിതാക്കള്‍ വിലക്കിനെതിരേ രംഗത്ത് വരുമ്പോള്‍, ടിസി തരാം മറ്റ് സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്തോളൂ എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇവിടെ നിങ്ങളുടെ കുട്ടികള്‍ പഠിക്കാന്‍ വരണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നത്. ബീമാപള്ളി, വള്ളക്കടവ് ഭാഗത്തെ നിരവധി മുസ്്‌ലിം കുട്ടികള്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെട്ടു എന്നാണ് അറിയാന്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it