Latest News

മധ്യപ്രദേശിലെ കര്‍ണിസേന നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയുടെ വീട് തകര്‍ത്തു

മധ്യപ്രദേശിലെ കര്‍ണിസേന നേതാവ് കുത്തേറ്റു മരിച്ചു; പ്രതിയുടെ വീട് തകര്‍ത്തു
X

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ വെളളിയാഴ്ച രാത്രി കര്‍ണിസേന നേതാവ് കുത്തേറ്റ് മരിച്ചു. ഇറ്റാര്‍സിയിലെ കര്‍ണി സേനയുടെ ടൗണ്‍ സെക്രട്ടറി രോഹിത് സിംഗ് രാജ്പുത്തിനെയാണ്(28) മുനിസിപ്പാലിറ്റി ഓഫിസിനു മുന്നില്‍വച്ച് കുത്തിക്കൊന്നത്. ആക്രമണം നടത്തിയ സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നു.

പഴയ തര്‍ക്കത്തിന്റെ പേരിലാണ് രോഹിത്തിനെ കുത്തിയതെന്ന് ഇറ്റാര്‍സി പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ആര്‍എസ് ചൗഹാന്‍ പറഞ്ഞു. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് സച്ചിന്‍ പട്ടേലിനും കുത്തേറ്റു. രണ്ട് പേരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രജ്പുത് മരിച്ചു. പട്ടേലിന്റെ നില ഗുരുതരമാണ്.

പ്രധാന പ്രതി 27 വയസ്സുള്ള രാഹു എന്ന രാഹുലാണ്. രോഹിത്തും സച്ചിനും മാര്‍ക്കറ്റ് പ്രദേശത്ത് ചായക്കടയ്ക്ക് സമീപം നില്‍ക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ മൂന്ന് പേര്‍ വഴക്കുണ്ടാക്കി. തര്‍ക്കത്തിനിടെ, അവരില്‍ ഒരാള്‍ പെട്ടെന്ന് ഒരു കത്തി പുറത്തെടുത്ത് രജ്പുതിനെ ആവര്‍ത്തിച്ച് കുത്തുകയായിരുന്നു.

മൂന്ന് പ്രതികളായ രാഹുല്‍ രാജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

അതേസമയം പ്രതിയായ അന്‍കിത്തിന്റെ വീട് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മദന്‍ രഘുവംശിയുടെ സാന്നിധ്യത്തില്‍ തകര്‍ത്തു. അനധികൃതനിര്‍മാണമെന്നായിരുന്നു ആരോപണം. മറ്റ് രണ്ട് പ്രതികളുടെ വീടുകളും ഉടന്‍ തകര്‍ക്കുമത്രെ.

അഞ്ച് ദിവസം മുമ്പ് ഇതേ മേഖലയില്‍ ബാങ്ക് ജീവനക്കാരനായ അഭിഷേക് മാളവ്യയെ ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.

Next Story

RELATED STORIES

Share it