Latest News

കാരുണ്യ ഫാര്‍മസി; അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങി

കാരുണ്യ ഫാര്‍മസി; അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങി
X

തിരുവനന്തപുരം; സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കാരുണ്യ ഫാര്‍മസികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്. ആശുപത്രികള്‍ക്ക് കീഴിലുള്ള ഫാര്‍മസികളിലും കൃത്യമായ ഇടവേളകളില്‍ പര്‍ച്ചേസ് കമ്മിറ്റികള്‍ കൂടി സൂപ്രണ്ടുമാര്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാരുണ്യ ഫാര്‍മസിയില്‍ മന്ത്രി നേരിട്ട് നടത്തിയ പരിശോധനയില്‍ മരുന്നുകള്‍ ലഭ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഫാര്‍മസിയില്‍ ലഭ്യമല്ലാത്ത മരുന്നുകളുടെ വിവരങ്ങള്‍ കെ.എം.എസ്.സി.എല്‍ന് നല്‍കിയിരുന്നില്ലെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഡിപ്പോ മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പരിശോധന നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

എല്ലാ കാരുണ്യ ഫാര്‍മസികളിലേയും ഡിപ്പോ മാനേജര്‍മാര്‍ ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ഇന്‍ഡന്റ് കെ.എം.എസ്.സി.എല്‍.നെ അടിയന്തരമായി അറിയിക്കേണ്ടതാണ്. ഡോക്ടര്‍മാരും, വകുപ്പുമേധാവികളും, ആശുപത്രി സൂപ്രണ്ടുമാരും യോഗം ചേര്‍ന്ന് മരുന്നുകളുടേയും ശസ്ത്രക്രിയ്ക്ക് ആവശ്യമായ ഇംപ്ലാന്റുകളുടേയും അനുബന്ധ സാമഗ്രികളുടേയും ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. ഇത് ആശുപത്രി മേധാവികള്‍ ഉറപ്പ് വരുത്തണം. ഡോക്ടര്‍മാരും തങ്ങള്‍ നല്‍കുന്ന ലിസ്റ്റിനനുസരിച്ചുള്ള ജനറിക് മരുന്നുകള്‍ എഴുതണം. പുതിയ മരുന്നുകള്‍ ഡോക്ടര്‍മാര്‍ എഴുതുന്നതനുസരിച്ച് ഉടന്‍ തന്നെ ആ കുറിപ്പുള്‍പ്പെടെ ഇന്‍ഡന്റ് നല്‍കാനും അടുത്ത പര്‍ച്ചേസില്‍ ഉള്‍പ്പെടുത്താനും ഡിപ്പോ മാനേജര്‍മാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it