- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേണിയും ഉച്ചാലും പിന്നെ പോരുന്നോനും
മനുഷ്യന്റെ പ്രകൃതിയുമായുള്ള ചേര്‍ത്തുവെപ്പാണ് കേണികള്‍. ആദിവാസി ജീവിതത്തിന്റെ കലര്‍പ്പില്ലാത്ത അടയാളമാണ് ഇവ.
കെ എന്‍ നവാസ് അലി
അപ്പോള്‍ കറന്നെടുത്ത പൈമ്പാല് പോലെ ഭൂമിയുടെ മാറില്‍ നിന്നും കലര്‍പ്പില്ലാത്ത തെളിനീര് കുടിക്കണമോ? വരിക, ഇവിടെ പാക്കത്തേക്ക്. വയനാടന്‍ മല കയറി, കുറുവ ദ്വീപിന്റെ ഓരം ചേര്‍ന്ന്, വന്‍മരങ്ങള്‍ കാവല്‍ നില്‍ക്കുന്ന നാട്ടുവഴിയോരം കടന്ന് ചെറിയൊരു യാത്ര. പാക്കം എന്ന കുറുമ രംജവംശത്തിന്റെ ആസ്ഥാനത്ത് എത്തിയാല്‍ അവിടെ പ്രാചീനകാലം മുതല്‍ സംരക്ഷിക്കപ്പെടുന്ന തെളിനീരുറവ കാണാം. അതാണ് കേണി. അതില്‍ നിന്നും ഭൂമി ചുരത്തുന്ന തെളിനീര് ആവോളം കോരിക്കുടിക്കാം. ഇത് ഭൂമിയുടെ മാറ് തുറന്നെടുക്കുന്ന കുഴല്‍ക്കിണറിലെ ചോരയൂറുന്ന വെള്ളം പോലെയോ, മാലിന്യം തള്ളി മലിനപ്പെടുത്തിയ പുഴവെള്ളം പിന്നെ പൗഡറിട്ട് മാറ്റിയെടുത്ത സര്‍ക്കാര്‍ വെള്ളം പോലെയോ അല്ല. ഇത് വിശുദ്ധമായ ഇടമാണ്. ചെരുപ്പ് ഊരിയിട്ട് പുല്‍ക്കൊടിയെപ്പോലും നോവിക്കാതെ വേണം കേണിക്ക് അടുത്തെത്താന്‍. അവിടെ പനംകുറ്റിയില്‍ നിറഞ്ഞ് തുളുമ്പി മെല്ലെ ഒഴുകുന്ന വെള്ളം ഇരു കൈകൊണ്ടും ഒരിക്കലെങ്കിലും കോരിക്കുടിക്കണം. അത് ഒഴുകി വരുന്നത് ഭൂമിയുടെ മാറില്‍ നിന്നാണ്, പ്രാചീന കാലത്തു നിന്നാണ്.
വറ്റാത്ത ഉറവയാണ് കേണിയുടെ സവിശേഷത. മൂത്ത പന മുറിച്ച് കുറ്റിയിലെ ചേറ് നീക്കി ഉറവയിലേക്ക് ഇറക്കും. അതോടെ പനംകുറ്റി നിറഞ്ഞ് തെളിനീര് തടസ്സമില്ലാതെ ഒഴുകും. മനുഷ്യന്റെ പ്രകൃതിയുമായുള്ള ചേര്‍ത്തുവെപ്പാണ് കേണികള്‍. ആദിവാസി ജീവിതത്തിന്റെ കലര്‍പ്പില്ലാത്ത അടയാളമാണ് ഇവ. നേരം പുലര്‍ന്നാല്‍ കേണിയില്‍ ചെന്ന് ഒരു കുടം വെള്ളം നിറച്ച് വീട്ടിലെത്തിച്ച ശേഷം മാത്രമേ കുറുമ വീടുകളില്‍ പാചകം തുടങ്ങാറുള്ളൂ. ചെരുപ്പിട്ട് കേണിക്കടുത്ത് പോകാറില്ല. ഒരുകാലത്ത് വയനാട്ടിലെങ്ങും ഇത്തരം കേണികള്‍ ധാരളമുണ്ടായിരുന്നു. പണിയരും കാട്ടുനായ്ക്കരും കുറുമരുമൊക്കെ ആരാധനയുടെ ഭാഗമായി കേണികളെ പരിഗണിച്ചു. വെള്ളം മലിനപ്പെടുന്നത് പാപമായി കരുതി. കുടിക്കാന്‍ മാത്രമാണ് കേണിയിലെ വെള്ളം ഉപയോഗിക്കുക. ശുദ്ധിയില്ലാത്തവര്‍ കേണിയില്‍ പോയി വെള്ളമെടുക്കാറില്ല. നിലത്തിരുന്ന് കുടംകൊണ്ട് കോരിയെടുക്കാന്‍ തക്കമുള്ള ആഴമേ കേണികള്‍ക്കുള്ളൂ. എടുക്കുന്ന വെള്ളത്തിന് ആനുപാതികമായി അത്രയും വെള്ളം ഒരു മിനിട്ടിനുള്ളില്‍ തന്നെ ഊറിയെത്തുമെന്നതും കേണിയുടെ സവിശേഷതയാണ്. വയനാട്ടില്‍ പലയിടത്തും ഇപ്പോഴും കേണികള്‍ പരിപാലിച്ച് പോരുന്നുണ്ട്. കുറുമരുടെ രാജാവായ പോരുന്നോന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങുകളും കേണിയിലെ വെള്ളം കൊണ്ടാണ് തുടങ്ങുക.
പോരുന്നോന്‍
ഒരു കാലത്ത് എന്തിനും പോരുന്നോനായിരുന്നു കുറുമരുടെ രാജാവ്. കാട്ടുമൃഗങ്ങളെ എതിരിട്ട് കൃഷി കാക്കാന്‍ പോരുന്നവന്‍, ഗോത്രത്തിലെ തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണാന്‍ പോരുന്നവന്‍, വനഭൂമിയില്‍ വിളയിറക്കി മണ്ണു പൊന്നാക്കാന്‍ പോരുന്നവന്‍. അങ്ങിനെ എന്തിനും പോരുന്നവനായ നേതാവിനെ അവര്‍ പോരുന്നവന്‍ എന്നു തന്നെ വിളിച്ചു. ഇത് പോരുന്നോനായി മാറി. കാടിനകത്ത് കോട്ട കെട്ടി, അതിനുമപ്പുറം കൊട്ടാരം പണിത്, വെണ്ണക്കല്ലുകള്‍ കൊണ്ട് ദൈവത്തറകള്‍ തീര്‍ത്ത്, വയലുകളില്‍ ഗന്ധകശാല നെല്ലു വിളയിച്ച് പാക്കം ദേശം വാണിരുന്നവരാണ് മുള്‍കുറുമരുടെ പോരുന്നോന്‍. ഗോത്രത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ് പോരുന്നോനാവുക. എങ്കിലും സ്ഥാനമേനിക്ക് പ്രാധാന്യം നല്‍കുന്ന പതിവുമുണ്ട്. ചിലപ്പോള്‍ പ്രായം കുറഞ്ഞവരും പോരുന്നോനാവാം. പോരുന്നോന് സ്ഥാനമേല്‍ക്കണമെങ്കില്‍ ഏറെ ആചാരങ്ങളുണ്ട്. വില്ലിപ്പകുലം, വേങ്കടകുലം,വടക്കേകുലം,കാതികുലം എന്നിങ്ങളെ നാലാണ് കുറുമരുടെ കുലങ്ങള്‍. പോരുന്നോന്റെ മൂപ്പ് തീരുമാനിക്കുന്നതും കുലം അനുസരിച്ചാണ്.
ഊരാളികള്‍ ഇളകിയാടുന്ന ഉച്ചാല്‍
കുംഭമാസം അടുക്കുന്നതോടെ പാക്കത്ത ഉച്ചാലിനുള്ള ഒരുക്കം തുടങ്ങും. ചെറിയമല, കണ്ടാമല,പടമല,കുറിച്ചാട്ട് എന്നിവടിങ്ങളില്‍ നിന്നെല്ലാമുള്ള കുറുമര്‍ ഉച്ചാലിന് പാക്കത്ത് എത്തും. കുഭം ഒന്നു മുതലുള്ള ദിവസങ്ങളിലാണ് ഉച്ചാല്‍ നടക്കുക. കാടിനോടു ചേര്‍ന്നുള്ള ഗുളികമുത്തപ്പന്റെ തറയില്‍ പൊതിച്ച തേങ്ങളും വെല്ലവുമായി എല്ലാവരുമെത്തും. മേക്കട്ടി കെട്ടിയ സ്ത്രീകളും വെള്ളയുടുത്ത പുരുഷന്‍മാരും കുട്ടികളും എല്ലാവരുമുണ്ടാവും. പോരുന്നോന്‍ നിയമിക്കുന്ന കുട്ടികള്‍ തേങ്ങ പാതയുടച്ച് നേര്‍ച്ചക്കാര്‍ക്ക് തിരികെ കൊടുക്കും. പാതി ഉച്ചാലിന് പായസം വെക്കാനുള്ളതാണ്. തേങ്ങയും വെല്ലവും മാത്രം ചേര്‍ത്തുണ്ടാക്കുന്ന ഉച്ചാല്‍ പായസം ചിരട്ടയില്‍ മാത്രമേ വിളമ്പൂ. ഉച്ചാലിന്റെ അന്ന് ഋതുമതിയാവാത്ത പെണ്‍കുട്ടികള്‍ മദിപ്പുരയുടെ ചുമര് മുഴുവന്‍ ചുണ്ണാമ്പും കരിയും ചേര്‍ത്ത് കളമെഴുതും. വെളിച്ചപ്പാട് എത്തിയാണ് പോരുന്നോനെ വലിയപുയിലേക്ക് വിളിക്കുക. പുല്‍പ്പായയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന പോരുന്നോന് എല്ലാവരും കാണിക്കയിടും. ഇത് മുള കൊണ്ടുണ്ടാക്കിയ പോളയില്‍ സൂക്ഷിച്ച് ദൈവപ്പുരയിലെ ചിലവുകള്‍ക്ക് എടുക്കാനുള്ളതാണ്. പിന്നെ വെളിച്ചപ്പാട് പാക്കത്തെയ്യമായി ഉറഞ്ഞുതുള്ളും. അന്നേരം എല്ലാവരും പാക്കത്തെയ്യത്തെ വണങ്ങി നില്‍ക്കും. ഈ ചടങ്ങുകളെല്ലാം നടക്കുമ്പോള്‍ കുഴലും തപ്പയുമൊക്കെയായി അപ്പുറത്ത് വട്ടക്കളി നടക്കുന്നുണ്ടാവും. മാന്‍തോലിട്ട തപ്പ കൊട്ടുന്നതിന്റെ ശബ്ദം പ്രദേശമാകെ മുഴങ്ങികൊണ്ടേയിരിക്കും. സ്വയം മറന്നു പൊടിയില്‍ മുങ്ങി ഊരാളികള്‍ കളിച്ചുകൊണ്ടേയിരിക്കും. വെളിച്ചപ്പാട് ദൈവംതുള്ളി എത്തുമ്പോള്‍ മാത്രമാവും കളി അവസാനിക്കുക. അപ്പോള്‍ പോരുന്നോനെത്തി ഊരാളികള്‍ക്കു നടുവില്‍ നിന്നിട്ടു ചോദിക്കും, കുടുംബത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പഴേപോലുള്ള ആചാരം വേണ്ടേ? പാക്കത്തെയ്യം പറയും പുതിയ പഷാക്കാരം നമ്മക്ക് ബേണ്ട. ഇങ്ങിനെ ചോദ്യങ്ങളും ഉത്തരവുമായുള്ള നെഗലും യോഗവും കഴിഞ്ഞ് ഉരാളികള്‍ക്ക് നെല്ല് ദാനമായി നല്‍കും. ഉച്ചാലിന്റെ രണ്ടാം ദിവസമാണ് ഉച്ചാല്‍ നായാട്ട്. വനത്തിലുള്ളില്‍ ആദിവാസികള്‍ ഉച്ചാലിനായി അതിരിട്ട കണ്ടികളുണ്ട്. ഓരോ കോളനി മുപ്പന്റെയും അധീനതയിലാണ് കണ്ടികള്‍. പാതിരി, വേമം നെയ്ക്കുപ്പ എന്നിങ്ങെയുള്ള കണ്ടികളില്‍ അവിടെ നിന്നുള്ളവരേ കയറൂ. കടവുകാരും തേട്ടക്കരുമായി രണ്ടു വിഭാഗമാണ് വേട്ടക്കിറങ്ങുക. തേട്ടക്കാര്‍ പന്നിയെയോ മാനിനെയോ ഒക്കെ ഓടിച്ച് വില്ലു കുലച്ചു നില്‍ക്കുന്ന കടവുകാരുടെ മുന്നിലെത്തിക്കും. കടവുകാരുടെ കത്തിയമ്പ് ലക്ഷ്യത്തിലെത്തുന്നതോടെ വേട്ടമൃഗം വീണിരിക്കും. എത്ര പേരുണ്ടോ അത്രയും കഷണമായി ഇറച്ചി വീതിക്കും. ഇതാണ് പതിവ്. മുന്നുറ് ആളുണ്ടെങ്കിലും വീതിക്കണം. അതുകൊണ്ട് മുന്നൂറു വെപ്പ് എന്നാണ് വീതംവെക്കലിനു പറയുന്നത്. ഇപ്പോള്‍ വര്‍ഷങ്ങളായി ഉച്ചാലിന് വേട്ടയില്ല. വനംവകുപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ വേട്ടയാടല്‍ ഒഴിവാക്കിയിട്ടുണ്ട്.
ഉച്ചാല്‍ ചാലി
ഉച്ചാലിന്റെ തലേ ദിവസമാണ് ചാലി കെട്ടി മീന്‍പിടിക്കാനിറങ്ങുക. കുറുവപ്പുഴയോരത്ത് ഗ്രാമം മുഴുവനെത്തും. പോരുന്നോന്‍ ഊരാളികളെ നാലായി തിരിച്ച് പലവഴിക്കു വിടും. പുഴയില്‍ വീതികുറഞ്ഞ സ്ഥലത്ത് ചപ്പും മണ്ണുമിട്ട് കെട്ടി അതിനിടയില്‍ മിന്‍കൂട കെട്ടിവച്ചാണ് മീന്‍വേട്ട. തോടന്‍ വള്ളിയോ കാരക്കാമൂടോ ഇടിച്ചു പിഴിഞ്ഞ് നഞ്ചുണ്ടാക്കി കെട്ടിനു മുകളില്‍ കലക്കും. നഞ്ചില്‍ മയങ്ങി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മീനിനെ നൂലമ്പെയ്ത് പിടിച്ച് വലിച്ചെടുക്കും. കൂടയില്‍ കുരുങ്ങിയ മിന്‍കൂടി കിട്ടുമ്പോള്‍ ഉച്ചാല്‍ ചാലി കെങ്കേമമാവും. പെണ്‍കുട്ടികള്‍ക്ക് നല്ല ആണിനെ കിട്ടാന്‍ ചാലിക്ക് നേര്‍ച്ചയാക്കുന്ന പതിവുമുണ്ട്. പെണ്‍കുട്ടികളെ മൂപ്പന്‍ കുമ്പാര കല്ലിലിരുത്തി രണ്ടുകുടന്ന വെള്ളം വായിലും നെറുകയിലും ഇറ്റിക്കും. അതു കഴിഞ്ഞാല്‍ അഛനും അമ്മയും മൂപ്പന് ദക്ഷിണ നല്‍കും.
വയനാടിന്റെ അധിപരും അവകാശികളും
വയനാടിന്റെ അധിപരാണ് ഇവിടുത്തെ ആദിവാസികള്‍. കുടിയേറ്റക്കാര്‍ മണ്ണ് കൈയ്യേറി അതിരിട്ട് വന്‍കിട തോട്ടങ്ങളൊരുക്കി എസ്റ്റേറ്റ് ഉടമകള്‍ എന്ന വരേണ്യവര്‍ഗ്ഗമായി അധീശത്വം സ്ഥാപിക്കുന്നതിനു എത്രയോ മുന്‍പ് ഈ നാടിനെ അറിഞ്ഞവരാണ് ഇവിടുത്തെ കുറുമരും കുറിച്യരും. സര്‍ക്കാര്‍ രേഖകളില്‍ വയനാട് ജില്ലയാണെങ്കില്‍ കുറുമര്‍ അതിനും മുന്‍പേ ഈ നാടിനെ അഞ്ച് ഇടങ്ങളായി തിരിച്ചിരുന്നു. കാരമനാട്, പാക്കനാട്, കല്ലുനാട്, നെരിയനാട്, ചെല്ലുപ്പനാട് എന്നിങ്ങനെയാണ് അവ. പാറക്ക് മേലെ, പാറക്ക് താഴെ എന്നും തരംതിരിവുകളുണ്ട്. സുല്‍ത്താന്‍ ബത്തേരി ഉള്‍പ്പടെയുള്ള ഇടങ്ങള്‍ പാറക്ക് മേലെയും അമ്പലവയല്‍ പ്രദേശങ്ങള്‍ പാറക്കു താഴെയുമാണ്. റവന്യു രേഖകളുടെ തരംതിരിവിനും അപ്പുറമാണ് ആദിവാസികളുടെ വയനാട്. അത് ഗന്ധകശാല വിളയുന്ന പാടങ്ങള്‍ അതിരിടുന്ന വയല്‍നാടാണ്. ഭൂതകാലത്തു നിന്നും പ്രവഹിക്കുന്ന കേണിയുടെ കുളിരും ഉച്ചാലിന്റെ ആര്‍പ്പും തുടിയുടെ താളവും പോരുന്നോന്റെ അധികാരവും വാഴുന്നതാണ് അവരുടെ നാട്.
RELATED STORIES
എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാം; ആശാ ലോറന്‍സ് ...
15 Jan 2025 10:04 AM GMTമാനസിക പീഡനം മൂലം യുവതി മരിച്ച സംഭവം; വനിതാ കമ്മീഷന് കേസെടുത്തു
15 Jan 2025 9:48 AM GMTമരണസര്‍ട്ടിഫിക്കറ്റ് എവിടെ?, നെയാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കാമെന്ന് ...
15 Jan 2025 9:40 AM GMTമരുന്നുക്ഷാമം ഉടന്‍ പരിഹരിക്കുക; എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMT