Latest News

കൊവിഡ് രണ്ടാംഘട്ടത്തിലും കേരളം തോറ്റിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

കൊവിഡ് രണ്ടാംഘട്ടത്തിലും കേരളം തോറ്റിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ
X

പരിയാരം ഗവ. ആയുര്‍വേദ ആശുപത്രി അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു



കണ്ണൂര്‍: കൊവിഡിന്റെ രണ്ടാം ഘട്ടത്തിലും കേരളം തോറ്റിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ കൊവിഡ് കാലത്ത്മരണ നിരക്ക് ഏറെ കുറവാണ്. അത് 0.4 ശതമാനമായി പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. കെട്ടിടങ്ങള്‍ നിര്‍മിക്കല്‍ മാത്രമല്ല, രോഗപ്രതിരോധവും ഏറെ പ്രധാനമാണ്. പരിമിതികള്‍ക്കപ്പുറത്തേക്ക്നേട്ടങ്ങള്‍ കൈവരിക്കാനും പാവങ്ങള്‍ക്ക് ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളെ ഉന്നത നിലവാരത്തിലേക്കുയര്‍ത്താനും സാധിച്ചു. കൊവിഡിന്റെ രോഗ പ്രതിരോധ ചികിത്സയില്‍ ആയുര്‍വേദത്തിന് ഏറെ പ്രധാന്യമുണ്ട്. കൊവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ രംഗത്ത് നടത്തിയ പുനര്‍ജനി ചികില്‍സാ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിനായിമൂന്ന് പിജി സീറ്റുകള്‍ അനുവദിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ഉത്തര മലബാറില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ അമ്മയും കുഞ്ഞും ആശുപത്രി ആരംഭിക്കുന്നത്. 14.45 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. ആദ്യഘട്ടത്തില്‍ നാലുനിലകളിലായി, ജനറല്‍ വാര്‍ഡില്‍ 40 പേരെയും പേ വാര്‍ഡില്‍ 10 പേരെയും കിടത്തി ചികില്‍സിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.

പ്രസൂതി തന്ത്ര സ്ത്രീരോഗ കൗമാര ഭൃത്യ വിഭാഗങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപി, ഐപി സൗകര്യങ്ങള്‍, അലോപ്പതി ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍, അലോപ്പതി നഴ്‌സ്, ഫാര്‍മസിസ്റ്റ് സേവനങ്ങള്‍, എമര്‍ജന്‍സി കെയര്‍, ഗര്‍ഭിണി പരിചരണം, ഗര്‍ഭാശയ രോഗ ചികില്‍സ, ലേബര്‍ സിസേറിയന്‍ സൗകര്യം, പ്രസവാനന്തര പരിചരണം, നവജാത ശിശു പരിചരണം, ആധുനിക പരിശോധന സൗകര്യങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാ ചികില്‍സകളും പരിചരണങ്ങളും ഇവിടെ ലഭിക്കും. ഇതിനു പുറമെ ബിഎഎംഎസ് വിദ്യാര്‍ഥികള്‍ക്കും ഹൗസ് സര്‍ജന്‍മാര്‍ക്കും ക്ലിനിക്കല്‍ പോസ്റ്റിങിനും, പിജി വിദ്യാര്‍ഥികള്‍ക്ക് പ്രസൂതി തന്ത്ര, സ്ത്രീ രോഗ കൗമാര ഭൃത്യ വിഷയങ്ങളില്‍ പ്രൊജക്ട് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകും.

ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഓണ്‍ലൈനായി ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി. പൊതുമരാമത്ത് കെട്ടിടവിഭാഗം തലശ്ശേരി എക്‌സി. എന്‍ജിനീയര്‍ ജിഷ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ടി തമ്പാന്‍, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണന്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍ തിരുമംഗലത്ത്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയ് ജി, സൂപ്രണ്ട് ഡോ. എസ് ഗോപകുമാര്‍ പങ്കെടുത്തു.

Kerala has not lost in the second phase of covid: Health Minister KK Shailaja

Next Story

RELATED STORIES

Share it