Latest News

കോഴിക്കോട്ടുകാരെ മനസ്സും വയറും നിറയ്ക്കാൻ ഇനി കാദർക്ക മെസ്സിലില്ല

കോഴിക്കോട്ടുകാരെ മനസ്സും വയറും നിറയ്ക്കാൻ ഇനി കാദർക്ക മെസ്സിലില്ല
X

കോഴിക്കോട്: 25 രൂപയ്ക്ക് മനസ്സും വയറും നിറച്ച കോഴിക്കോട്ടുകാരുടെ കാദർക്ക മെസ് ഹൗസിൽ ഇനി ഖാദര്‍ക്കയുടെ പുഞ്ചിരിയില്ല. കോഴിക്കോട് ടൗണില്‍ സ്ഥിരമായി വരുന്നവരെ സംബന്ധിച്ചിടത്തോളം 'ഖാദര്‍ക്ക മെസ് ഹൗസ്' നെ പരിചയപ്പെടുത്തേണ്ടതില്ല. വൻ തുക നൽകി ബ്രാൻ്റിങ് ചെയ്ത് ആളുകളെ ആകർഷിക്കുന്ന ഇക്കാലത്ത്, യാതൊരു പരസ്യത്തിന്റെയും ആവശ്യമില്ലാതെ, ഭക്ഷണം കഴിച്ചവരുടെ വാമൊഴിയിലൂടെയാണ് ഖാദര്‍ക്ക മെസ് ഹൗസ് വളര്‍ന്നത്. 2006 ല്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിക്ക് അടുത്തുള്ള റോഡിലും പിന്നീട് അമാന്‍ ബുക്ക് സ്റ്റാള്‍ നിലനില്‍ക്കുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ ഒരു വീട്ടിലും തുടങ്ങിയ കാദർക്ക മെനിലെ നിറപുഞ്ചിരിയായ കാദർക്ക ഏവരെയും ദുഖത്തിലാഴ്ത്തി മടങ്ങി. ആ വലിയ മനസ്സിൻ്റെ രുചിയും സ്‌നേഹവും അറിയാത്തവർ കോഴിക്കോട്ടെത്തുന്നവർ കുറവായിരിക്കും. കുറച്ച് വര്‍ഷങ്ങളായി കണ്ണങ്കണ്ടിയുടെ അടുത്തുള്ള റോഡിലൂടെ കുറച്ച് ഉൾറോഡിലാണ് മെസ് പ്രവർത്തിച്ചിരുന്നത്. വളവും തിരിവുമൊക്കെയായാലും ഉച്ചയ്ക്ക് ചോറ് തിന്നാന്‍ അവിടെ വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയേ ചെയ്തിട്ടുള്ളൂ.

ഖാദര്‍ക്ക മെസ് ഹൗസില്‍ നിന്നു ഭക്ഷണം കഴിക്കുന്ന ആരും ഒരു വറ്റു പോലും പാഴാക്കാറില്ല. കാരണം അവനവന് ആവശ്യമുള്ള ചോറും പച്ചക്കറിയും മീന്‍കറിയും മോരും ആവശ്യത്തിന് എടുത്ത് കഴിക്കാന്‍ ഓരോ ടേബിളിലും ഓരോ പാത്രങ്ങളിലായി അവ എടുത്ത് വയ്ക്കുകയാണ് പതിവ്. ആവശ്യത്തിന് എടുത്ത് കഴിക്കാം. മറ്റു ഹോട്ടലുകളില്‍ സപ്ലയര്‍മാര്‍ ചോറ് വിളമ്പുമ്പോള്‍ കുറച്ച് കൂടിപ്പോയാല്‍, അല്ലെങ്കില്‍ കറി കൂടിപ്പോയാല്‍ മുഴുവന്‍ തിന്നാതെ പാഴാക്കുന്ന രീതി അതുകൊണ്ട് തന്നെ ഇവിടെ കാണില്ല. അത് പോലെ ചൂടുവെള്ളവും, കഞ്ഞിവെള്ളവും ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാനും ടേബിള്‍ ഉണ്ടാവും. ഭക്ഷണം കഴിച്ചതിന് ബില്‍ കൊടുക്കുന്ന സംവിധാനവും ഇവിടെ ഇല്ല. കഴിച്ച് കഴിഞ്ഞ് പോവുമ്പോള്‍ നമ്മള്‍ പറയുന്നതാണ് ബില്‍. അതും ചോറിന് 25 രൂപ മാത്രം. ഇനി കാഷ് എടുക്കാന്‍ മറന്നെന്നു പറഞ്ഞാല്‍ അത് സാരമില്ല, പിന്നെ തന്നാല്‍ മതി മോനേ എന്ന് കാദർക്ക പറയും. വെള്ളിയാഴ്ചകളില്‍ 60 രൂപയ്ക്ക് ചിക്കൻ ബിരിയാണിയും. അതും ആവശ്യമുള്ളവര്‍ക്ക് റൈസ് വയറ് നിറയുന്നത് വരെ നല്‍കും. അൺലിമിറ്റഡിൻ്റെ കാദർക്ക മോഡൽ ഇന്ന് നാടെങ്ങും പരന്നു കിടക്കുകയാണ്. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ തിലകൻ്റെ കഥാപാത്രം പറയുന്നതു പോലെ ഹോട്ടലിലെത്തുന്നവരുടെ മനസ്സും വയറും നിറച്ചാണ് കാദർക്ക മെസ്സ് വിടുന്നത്.

കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ സാധാരണക്കാരായ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ബസ് ജീവനക്കാര്‍, എന്നിങ്ങനെ ഖാദര്‍ക്കാന്റെ സ്‌നേഹം രുചിക്കാത്തവര്‍ അപൂര്‍വ്വമാണ്. ഭക്ഷണം കഴിച്ച ഒരാള്‍ക്ക് പോലും ഒരിക്കല്‍ പോലും നെഗറ്റീവ് പറയാന്‍ സാധിക്കില്ല. ഖാദര്‍ക്കാനെ പോലെ തന്നെയാണ് അവിടുത്തെ ജോലിക്കാരും. എല്ലാവരും എല്ലാ ജോലിയും ചെയ്യും. ഖാദര്‍ക്കയും അങ്ങനെ തന്നെ, കാഷ് കൗണ്ടറില്‍ ഇരിക്കാതെ ഓരോ ടേബിളിന്റെയും അടുത്ത് വന്ന് അവിടെ എന്താ കിട്ടാത്തത്,. ഇവിടെ എന്താ വേണ്ടത് എന്ന് ചോദിച്ച് അത് അവിടുത്തെ ജീവനക്കാരോട് വിളിച്ച് പറയുന്നത് കേള്‍ക്കാന്‍ തന്നെ ഒരു രസമാണ്. അങ്ങനെ ദിവസേന നൂറുക്കണക്കിന് ആളുകള്‍ക്ക് മനസ്സ് നിറച്ച് ചോറ് കൊടുത്ത ഖാദര്‍ക്കയുടെ സ്‌നേഹവും, ആ പുഞ്ചിരിയും ഇനിയില്ല. പ്രിയപ്പെട്ട ഖാദര്‍ക്കാ... നിങ്ങള്‍ക്ക് പേര് അറിയാത്ത, പരിചയമില്ലാത്ത ഒരുപാട് പേരുടെ പ്രാര്‍ത്ഥനകളില്‍ നിങ്ങള്‍ ഉണ്ടാവും.

Next Story

RELATED STORIES

Share it