- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിഫ്ബി വിമര്ശനം: ഭരണഘടനാ സ്ഥാപനം പക്ഷപാതപരമായി പെരുമാറുന്നു; സിഎജിക്കെതിരേ മുന് ധനമന്ത്രി ഡോ. തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്കെതിരേ സിഎജി ഉന്നയിച്ച ആരോപണങ്ങള് രാഷ്ട്രീയപ്രേരിതവും പക്ഷപാതപരവുമാണെന്ന് മുന് ധനമന്ത്രി ഡോ. തോമസ് ഐസക്. സ്വകാര്യ ആനുവിറ്റി മാതൃകയില് പദ്ധതികള് ആസൂത്രണം ചെയ്യുന്നത് ആദ്യമല്ലെന്നും അത്തരം വായ്പകള് സര്ക്കാര് വായ്പയായി കണക്കാക്കാറില്ലെന്നും കിഫിബിയും അതേ മാതൃകയാണ് കൈക്കൊള്ളുന്നതെന്നും ഐസ്ക അവകാശപ്പെട്ടു. സ്വകാര്യ ആനുവിറ്റി വായ്പ സര്ക്കാര് വായ്പയായി കണക്കാക്കുന്നില്ലെങ്കില് കിഫിബിയും അങ്ങനെ കണക്കാക്കരുതെന്നാണ് ഐസക്കിന്റെവാദം. ഫേസ് ബുക്കിലാണ് തന്റെ വാദങ്ങള് അദ്ദേഹം കുറിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
കഴിഞ്ഞ ഇടതുപക്ഷ സര്ക്കാരിന്റെ ഏറ്റവും നല്ല ധനകാര്യ വര്ഷം 2019- 20 ആണ്. രണ്ട് മഹാപ്രളയങ്ങളെ നാട് അതിജീവിച്ച കാലം. സിഎജിയുടെ സ്റ്റേറ്റ് ഫിനാന്സ് ഓഡിറ്റ് റിപോര്ട്ട് 2019-20ല് ഇതിനു ആധാരമായ കണക്കുകള് നല്കിയിട്ടുണ്ട്. പ്രളയാനന്തര കേരളത്തിലെ സാമ്പത്തിക വളര്ച്ചാ നിരക്ക് 9.34% ആണ്. രാജ്യത്തിന്റേത് 7.21 % മാത്രം ആണ്. സംസ്ഥാന സര്ക്കാരിന്റെ ധനകമ്മി മുന്വര്ഷത്തെ 3.5 %ത്തില് നിന്ന് 2.8 % ആയി കുറഞ്ഞു. റവന്യൂ കമ്മി 2.2% ല് നിന്ന് 1.7% ആയി കുറഞ്ഞു. 2016 -17ല് ധനകമ്മി 4.2 % ഉം റവന്യു കമ്മി 2.4 % ആയിരുന്നു. അഥവാ 2016- 17 മുതല് കേരളത്തിന്റെ ധനകാര്യ സ്ഥിതി കൂടുതല് സുസ്ഥിരമായിത്തീര്ന്നു.
എന്നാല് എന്തായിരുന്നു മാധ്യമങ്ങളുടെ തലക്കെട്ട്. 'സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി'. 'കമ്മി കൂടി കേരളം കടക്കെണിയിലേക്ക്'. ഈ മറിമായം സി ആന്ഡ് എ ജി സൃഷ്ടിച്ചതാണ്. അങ്ങനെയങ്ങ് കേരളം മെച്ചപ്പെടാന് പാടില്ലല്ലോ. അതുകൊണ്ട് 'പോസ്റ്റ് ഓഡിറ്റ് കണ്ടെത്തല്' എന്നൊരു ഭാഗം കൂട്ടിച്ചേര്ത്തു. അതിലാണ് കിഫ്ബിയുടെയും പെന്ഷന് ഫണ്ടിന്റെയും വായ്പകള് കൂട്ടിച്ചേര്ത്ത് കേരളത്തെ കടക്കെണിയില് ആഴ്ത്തിയത്. ഇതായി പിന്നീട് മാധ്യമങ്ങളുടെ തലവാചകങ്ങള്. കേരളത്തിനിട്ടു ആപ്പ് പണിയാനുള്ള കുതന്ത്രങ്ങളില് നിന്ന് സിഎജി പിന്മാറിയിട്ടില്ല എന്ന് ചുരുക്കം.
ആദ്യം കിഫ്ബി വായ്പകള് എടുക്കാം. ഇത് സംബന്ധിച്ച് പൂര്ണ വിശദീകരണം കഴിഞ്ഞ വര്ഷം നല്കിയതാണ്. നിയമസഭയും ആ നിലപാട് ശരിവച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ആനുവിറ്റി മാതൃകയില് പദ്ധതികള് ഏറ്റെടുത്ത് നടത്താറുണ്ട്. റോഡോ പാലമോ പോലുള്ള നിര്മാണ പ്രവര്ത്തികള് ടെണ്ടര് ചെയ്യുമ്പോള്ത്തന്നെ പതിനഞ്ചോ ഇരുപതോ വര്ഷംകൊണ്ട് പൂര്ണ തുക നല്കി തീര്ക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കും. കോണ്ട്രാക്ടര് വായ്പ എടുത്ത് പണിതു കൊള്ളണം. ഈ വായ്പയുടെ പലിശ കൂടി കണക്കാക്കിയിട്ടാണ് കരാറുകാര് ടെണ്ടറില് തുക കോട്ട് ചെയ്യുക. ഇവിടെ പൂര്ണ ബാധ്യത സര്ക്കാരിന്റേതാണ്. ഗഡുക്കളായെ കൊടുത്തു തീര്ക്കൂ എന്നു മാത്രം. എന്നു വച്ച് കേന്ദ്ര സര്ക്കാരോ ഏതെങ്കിലും സംസ്ഥാന സര്ക്കാരോ ആനുവിറ്റി കരാര് തുക വായ്പയായി ബഡ്ജറ്റ് കണക്കില് ഉള്പ്പെടുത്തിയിട്ടുണ്ടോ? 2019 അവസാനത്തില് കേന്ദ്ര സര്ക്കാറിന് ഇത്തരത്തില് ഏതാണ്ട് ഒരു ലക്ഷം കോടി രൂപയ്ക്കുള്ള 93 പദ്ധതികള് ഉണ്ടായിരുന്നു. എല്ലാ സംസ്ഥാന സര്ക്കാരുകള്ക്കും കൂടി പതിനായിരത്തില്പരം കോടി രൂപയുടെ ഇത്തരം പദ്ധതികള് ഉണ്ടായിരുന്നു. കിഫ്ബിയുടെ കാര്യത്തില് എന്ന പോലെ ഈ പദ്ധതികളില് ഏതെങ്കിലും ഒന്നിനെക്കുറിച്ച് സിഎജി ഇതുവരെ വിമര്ശനം ഉന്നയിച്ചിട്ടുണ്ടോ?
കിഫബിയും ഒരു ആനുവിറ്റി മാതൃകയില് ഉള്ള പരിപാടിയാണ്. ബഡ്ജറ്റ് പ്രസംഗങ്ങളില് പ്രഖ്യാപിച്ച ഏതാണ്ട് 70,000 കോടിയോളം രൂപ വരുന്ന പദ്ധതികള് ഏറ്റെടുത്ത് നടപ്പിലാക്കാന് കിഫ്ബിയെ ചുമതലപ്പെടുത്തുന്നു. ഇതിനു ആനുവിറ്റി പേയ്മെന്റ് ആയി കിഫബിക്ക് മോട്ടോര് വാഹന നികുതിയുടെ പകുതിയും പെട്രോള് സെസ്സ് തുകയും നല്കുമെന്ന് സര്ക്കാര് നിയമം മൂലം ഉറപ്പ് നല്കുന്നു. കിഫ്ബി ഒരു വമ്പന് അനുവിറ്റി സ്കീം മാത്രമാണ്. സിആന്ഡ്എജി ഇരട്ടത്താപ്പ് കാണിക്കുകയാണ്.
കിഫ്ബി ഏറ്റെടുക്കുന്ന പദ്ധതികള്ക്ക് പണം നല്കേണ്ടത് സംസ്ഥാന സര്ക്കാര് അല്ലെ? അത് സംസ്ഥാന സര്ക്കാരിന്റെ ഡയറക്ട് വായ്പ അല്ലെ? അതുകൊണ്ട് അത് സംസ്ഥാന സര്ക്കാരിന്റെ പ്രത്യക്ഷ ബാധ്യത അല്ലെ? എന്നൊക്കെയാണ് സി എ ജി ചോദിക്കുന്നത്? ഇതൊക്കെ തന്നെ അല്ലെ സ്വകാര്യ ആനുവിറ്റി സ്കീമുകളുടെ സ്ഥിതി എന്നതാണ് ഞങ്ങളുടെ മറുചോദ്യം. കരാറുകാര്ക്ക് കൊടുക്കാനുള്ള തുക സര്ക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാണ്. എന്നുവച്ച് സിഎജി ഇന്നുവരെ അതിനെ എവിടെയെങ്കിലും സര്ക്കാര് വായ്പയായി ഉള്പ്പെടുത്തണം എന്ന് ശഠിച്ചിട്ടുണ്ടോ?
കിഫ്ബിയുടെ കാര്യത്തില് നാലില് ഒന്ന് പ്രോജക്ട് എങ്കിലും വരുമാനദായകമാണ്. വൈദ്യുതി ബോര്ഡിന്, കെ ഫോണിന്, വ്യവസായ ഭൂമിക്ക് തുടങ്ങിയവക്ക് നല്കുന്ന വായ്പക്ക്് കിഫ്ബിക്ക് തിരിച്ചടവ് ഉണ്ട്. അതും നിയമം മൂലം സര്ക്കാരില് നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേര്ത്താല് കിഫ്ബി ഒരിക്കലും കടക്കെണിയില് ആവില്ല. ഇതിനു എന്താണ് ഇത്ര ഉറപ്പ് എന്ന് ന്യായമായും ചോദിക്കാം. കാരണം ഓരോ പ്രോജക്ട് എടുക്കുമ്പോഴും അതിന്റെ ബാധ്യതകള് എന്തെല്ലാമാണ് കൊടുക്കേണ്ടി വരിക എന്ന് കൃത്യമായി കംപ്യുട്ടര് വഴി ഗണിച്ചെടുക്കാന് ആവും. അതുപോലെ കിഫ്ബിക്ക് വരും വര്ഷങ്ങളില് ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്ക് കൂട്ടാന് ആവും. ഭാവിയില് ഒരു ഘട്ടത്തിലും കിഫ്ബിയുടെ ബാധ്യതകള് വരുമാനത്തെ അധികരിക്കില്ല എന്ന് ഉറപ്പു വരുത്തിക്കൊണ്ട് മാത്രമേ കിഫ്ബി ഡയറക്ടര് ബോര്ഡ് പ്രോജക്ടുകള് അംഗീകരിക്കൂ. അസറ്റ് ലയബിലിറ്റി മാച്ചിങ് മോഡല് നടത്താന് കഴിയുന്ന സോഫ്റ്റ് വെയര് അടിസ്ഥാനത്തില് ആണ് കിഫ്ബി പ്രവര്ത്തിക്കുന്നത്, ഇതുകൊണ്ടാണ് കിഫ്ബി സസ്ഥാനത്തെ കടക്കെണിയിലാക്കും എന്നും മറ്റുമുള്ള ആക്ഷേപങ്ങള് അസംബന്ധം ആണെന്ന് പറയുന്നത്.
നിയമപ്രകാരം കൊടുക്കേണ്ടതിന് അപ്പുറം ഒരു പൈസയും സര്ക്കാര് കിഫ്ബിക്ക് ഭാവിയില് കൊടുക്കേണ്ടിവരില്ല. ആ നിയമം ആവട്ടെ ഭരണകക്ഷിയും പ്രതിപക്ഷവും ഏകകണ്ഠമായി പാസ്സാക്കിയതാണ്.
കിഫ്ബി ഈ നൂതന രീതിയില് സംസ്ഥാനത്ത് പശ്ചാത്തല സൗകര്യ സൃഷ്ടിയില് വലിയ കുതിപ്പ് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നു വര്ഷത്തിനുള്ളില് കേരളത്തിന്റെ മുഖച്ഛായ മാറും. ഇത് അട്ടിമറിക്കാനുള്ള ചില താല്പ്പര്യങ്ങളുടെ കൈക്കോടാലി ആവുകയാണ് സിഎജി.
ഇനി പെന്ഷന് ഫണ്ട് കമ്പനിയെക്കുറിച്ച്. പാവങ്ങള്ക്ക് ഉള്ള പെന്ഷന് മുടക്കം കൂടാതെ മാസം തോറും കൊടുത്ത് വരികയാണ്. എന്തെങ്കിലും കാരണവശാല് ഖജനാവില് ഇതിനുള്ള പണം ഇല്ലാതെ വന്നാല് തല്ക്കാലം വായ്പ എടുത്ത് പെന്ഷന് നല്കുന്നതിനാണ് ഈ കമ്പനി . ഇത് ഓഫ്ബഡ്ജറ്റ് കടമെടുപ്പാണ് എന്ന വിമര്ശനം ശരിയാണ്. ബഡ്ജറ്റില് പറഞ്ഞ സ്കീമുകള്ക്ക് പൊതുമേഖലാ സഥാപനങ്ങള് വഴി താല്ക്കാലികമായി പണം കണ്ടെത്തുന്നതിനെയാണ് ഓഫ് ബഡ്ജറ്റ് ബോറോവിങ് എന്ന് പറയുന്നത്. കേന്ദ്ര സര്ക്കാര് ഓരോ വര്ഷവും രണ്ടും മൂന്നും ലക്ഷം കോടി രൂപ ഇങ്ങനെ വായ്പ എടുക്കുന്നുണ്ട്. രണ്ടു വര്ഷം മുന്പ് മുതലാണ് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്മ്മല സീതാരാമന് ബഡ്ജറ്റില് ഇത് സംബന്ധിച്ച കണക്ക് പ്രത്യേകം നല്കാന് തുടങ്ങിയത്. എന്നാല് ഇന്നുവരെ ഒരിക്കല് പോലും കേന്ദ്ര സര്ക്കാരിന്റെ വായപാ തുകയില് ഓഫ് ബഡ്ജറ്റ് വായ്പകള് ഉള്പ്പെടുത്തിയിട്ടില്ല. സിഎജിയും ഇതിനെ ചോദ്യം ചെയ്തിട്ടില്ല. അപ്പോഴാണ് കേരളത്തില് സര്ക്കാരിന് നേരെ കുതിര കയറാന് വരുന്നത്.
ഒരു ഭരണഘടനാ സ്ഥാപനം നിഷിപ്ത താല്പര്യങ്ങളുടെ ചട്ടുകമായി ഇതുപോലെ അധഃപതിക്കരുത്. ഏതായാലും കഴിഞ്ഞ റിപോര്ട്ടില് പറഞ്ഞ വിദേശവായ്പ യൂനിയന് ലിസ്റ്റില് ആണ് തുടങ്ങിയ പല മഠയത്തരങ്ങളും ഇത്തവണ ഉപേക്ഷിച്ചത് ഏതായാലും നന്നായി.
RELATED STORIES
നെയ്യാറ്റിൻകര ഗോപൻ്റെ മരണം: മരണസർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല;...
29 Jan 2025 9:46 AM GMTഅന്യ ജാതിക്കാരനെ കല്യാണം കഴിച്ചു; സഹോദരിയെ കുത്തികൊന്ന് യുവാവ്
2 Dec 2024 10:11 AM GMTട്രെയിനില് നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം; പ്രതി ടി എസ്...
14 Oct 2024 7:36 AM GMTകര്ണാടക കലബുര്ഗിയില് സൂഫിവര്യന്റെ ദര്ഗ തകര്ത്തു
11 Oct 2024 6:55 AM GMTകര്ണാടകയിലെ രണ്ട് മുന് മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പില് കുടുക്കി;...
10 Oct 2024 12:42 PM GMTകാസര്കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; പോലിസിനെതിരേ പരാതിയുമായി...
10 Oct 2024 8:21 AM GMT