Latest News

സ്പ്രിംഗ്ലര്‍: കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഐടി സെക്രട്ടറിയുടെ നടപടി അപഹാസ്യമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

സര്‍ക്കാരിന്റെ വ്യവസ്ഥാപിതമായ സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഈ സാഹചര്യത്തില്‍ നടത്തിയ കരാര്‍ നടപടി സംശയാസ്പദമാണെന്ന് അദ്ദേഹം ആരോപിച്ചു.

സ്പ്രിംഗ്ലര്‍: കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഐടി സെക്രട്ടറിയുടെ നടപടി അപഹാസ്യമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
X

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപാടിനും കരാറിനും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഐടി സെക്രട്ടറിയുടെ നടപടി അപഹാസ്യമെന്ന് കോണ്‍ഗ്രസ് ലോക്‌സഭ ചീഫ് കൊടിക്കുന്നില്‍ സുരേഷ് എംപി. സര്‍ക്കാരിന്റെ വ്യവസ്ഥാപിതമായ സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഈ സാഹചര്യത്തില്‍ നടത്തിയ കരാര്‍ നടപടി സംശയാസ്പദമാണെന്ന് അദ്ദേഹം ആരോപിച്ചു.ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ വ്യക്തമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കേന്ദ്ര ഏജന്‍സിയായ സിബിഐയെക്കൊണ്ട് സ്പ്രിംഗ്ലര്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി കൂട്ടിച്ചേര്‍ത്തു

നിലവിലുള്ള ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് ഏര്‍പ്പെട്ട ഈ കരാര്‍ പ്രഫഷണല്‍ തീരുമാനം എന്ന നിലയില്‍ കാണാനാവില്ലെന്നും അത്തരത്തിലൊരു ചട്ടലംഘനം ഐടി സെക്രട്ടറിയെ പോലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നടത്തിയത് എല്ലാ വ്യവസ്ഥകളും അറിഞ്ഞുകൊണ്ട് ലംഘിച്ച് ആണെന്നും അതുകൊണ്ടുതന്നെ ഈ അന്വേഷണം തീരുന്നതുവരെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവ ശങ്കറിനെ മാറ്റി നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുവാന്‍ കേരളസര്‍ക്കാര്‍ ഒരു സ്വകാര്യ സ്ഥാപനം അല്ലെന്നും സ്വകാര്യസ്ഥാപനങ്ങളില്‍ പോലും തീരുമാനങ്ങളെടുക്കാന്‍ വ്യക്തമായ ഒരു ഘടന ഉണ്ടെന്നിരിക്കെ സംസ്ഥാന സര്‍ക്കാരില്‍ ഇത്തരമൊരു ചട്ട ലംഘനം നടത്താന്‍ ഐടി സെക്രട്ടറിക്ക് ആരുടെ പിന്‍ബലം ആണുള്ളത് എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ലോകത്തെങ്ങും തന്നെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് മേല്‍ അവര്‍ക്കുള്ള അധികാരം സംരക്ഷിക്കുവാനുള്ള നിയമനടപടികളും വ്യവസ്ഥകളും ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളം പോലെ ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ജനവിരുദ്ധ തീരുമാനമെടുത്തതും സ്വകാര്യ രേഖകളെ അമേരിക്കന്‍ കുത്തക കമ്പനിക്ക് നേരിട്ട് എത്തിക്കുവാന്‍ കാരണം ആക്കിയതും ഗുരുതരമായ ഒരു കുറ്റമാണ്. അതിശക്തമായ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ഈ കാലഘട്ടത്തിലാണ് ഇത്തരമൊരു വീഴ്ച എന്നത് അതിഗുരുതരമായി തന്നെ കാണണം എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

Next Story

RELATED STORIES

Share it