Latest News

കോഴിക്കോട് പിവിഎസ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ടി കെ ജയരാജ് അന്തരിച്ചു

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് ബിരുദം നേടിയ ജയരാജ്, കേരള ഗവ. സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് കരിയര്‍ തുടങ്ങിയത്. എംഎസ്, എഫ്‌ഐസിഎസ്, എഫ്‌ഐഎംഎസ്എ ബിരുദങ്ങളും നേടി.

കോഴിക്കോട് പിവിഎസ് ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ടി കെ ജയരാജ് അന്തരിച്ചു
X

കോഴിക്കോട്: പിവിഎസ് ആശുപത്രി മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും പ്രശസ്ത യൂറോളജി സര്‍ജനുമായ തളി 'കല്പക'യില്‍ ഡോ. ടി കെ ജയരാജ് (82) അന്തരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് ബിരുദം നേടിയ ജയരാജ്, കേരള ഗവ. സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് കരിയര്‍ തുടങ്ങിയത്. എംഎസ്, എഫ്‌ഐസിഎസ്, എഫ്‌ഐഎംഎസ്എ ബിരുദങ്ങളും നേടി.

1965 മുതല്‍ 1974 വരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവര്‍ത്തിച്ചു. 1976ല്‍ കോഴിക്കോട് പിവിഎസ് ഹോസ്പിറ്റല്‍ തുടങ്ങിയതുമുതല്‍ അതിന്റെ നേതൃത്വത്തില്‍ അദ്ദേഹമുണ്ടായിരുന്നു. എളിയനിലയില്‍ തുടങ്ങിയ സ്ഥാപനത്തെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശപുത്രിയാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. രാജ്യാന്തരതലത്തില്‍ നടന്ന മെഡിക്കല്‍ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ ഭരണസമിതിയംഗം, കേരള ചാപ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, കാലിക്കറ്റ് യൂറോളജി ക്ലബ് പ്രസിഡന്റ്, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ്, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കെടിസി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പരേതനായ തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന എടമുട്ടം തണ്ടയം പറമ്പില്‍ കുഞ്ഞുകൃഷ്ണന്റെയും കാര്‍ത്യായനിയുടെയും മകനായി 1939 ജൂലൈ ഏഴിനാണ് ജനനം. പി.വി.സാമിയുടെ മകള്‍ കുമാരി ജയരാജാണ് ഭാര്യ.

മക്കള്‍: ഡോ.ജെയ്‌സി ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ലോറിഡ, യുഎസ്), ഡോ.ദീപ സുനില്‍ (പിവിഎസ് ഹോസ്പിറ്റല്‍, കോഴിക്കോട്), ഡോ.ജയ് കിഷ് ജയരാജ് (ഡയറക്ടര്‍, പിവിഎസ്. ഹോസ്പിറ്റല്‍), ഡോ.ദീഷ്മ രാജേഷ് (പിവിഎസ് ഹോസ്പിറ്റല്‍). മരുമക്കള്‍: ഡോ.പ്രദീപ് ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ലോറിഡ, യുഎസ്), ഡോ.സുനില്‍ രാഹുലന്‍ (ദുബയ്), ഡോ.ആര്യ ജയ് കിഷ് (പിവിഎസ് ഹോസ്പിറ്റല്‍), ഡോ. രാജേഷ് സുഭാഷ് (പിവിഎസ് ഹോസ്പിറ്റല്‍).

സഹോദരങ്ങള്‍: സാവിത്രി (ഫറോക്ക്), സതി (അയ്യന്തോള്‍), പരേതരായ ഡോ.ടി കെ രവീന്ദ്രന്‍ (കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍), ഗംഗാധരന്‍ (വിമുക്തഭടന്‍), ബാലകൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. കോളജ്, ചാലക്കുടി), സുരേന്ദ്രന്‍ (റിട്ട. ഇന്ത്യന്‍ റവന്യൂ സര്‍വീസ്), സരോജിനി, സരസ്വതി.

Next Story

RELATED STORIES

Share it