Latest News

ഫുഡ്‌ടെക് , ഹോട്ടല്‍ടെക് പ്രദര്‍ശനങ്ങള്‍ കോഴിക്കോട്ട് മെയ് 20 മുതല്‍

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന ത്രിദിന പ്രദര്‍ശനത്തില്‍ 50ലേറെ സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും

ഫുഡ്‌ടെക് , ഹോട്ടല്‍ടെക് പ്രദര്‍ശനങ്ങള്‍ കോഴിക്കോട്ട് മെയ് 20 മുതല്‍
X

കൊച്ചി: ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് മേഖലകള്‍ക്കുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്‍ശനമായ ഫുഡ്‌ടെക് കേരളയും ഹോട്ടല്‍ടെക് കേരളയും ഇതാദ്യമായി വടക്കന്‍ കേരളത്തിലുമെത്തുന്നു. കൊച്ചിയില്‍ കഴിഞ്ഞ 12 വര്‍ഷമായി നടക്കുന്ന ഫുഡ്‌ടെകിന്റേയും 9 വര്‍ഷമായി നടക്കുന്ന ഹോട്ടല്‍ടെക്കിന്റേയും ആദ്യത്തെ വടക്കന്‍ കേരള പതിപ്പുകള്‍ മെയ് 20 മുതല്‍ 23 വരെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

മൂന്നു ദിവസമായി നടക്കുന്ന ഇരട്ട പ്രദര്‍ശനത്തില്‍ ഭക്ഷ്യസംസ്‌കരണ മെഷീനറികള്‍, പാക്കേജിംഗ് ഉപകരണങ്ങള്‍, ഭക്ഷ്യച്ചേരുവ നിര്‍മാതാക്കള്‍, ഹോട്ടല്‍ബേക്കറി ഉപകരണങ്ങള്‍, ലിനന്‍, ഫര്‍ണിഷിംഗ്‌സ്, ഹോട്ടല്‍വെയര്‍, അടുക്കള ഉപകണങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, മറ്റു അനുബന്ധ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നായി 50ലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. രാവിലെ 11 മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശനസമയം.കൊച്ചിയില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന അതേ വ്യാപ്തിയോടെത്തന്നെയാണ് ആദ്യമായിട്ടാണെങ്കിലും കോഴിക്കോട്ട് രണ്ട് പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നതെന്നും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ഇരട്ട പ്രദര്‍ശനം ഏറെ ഉപകാരപ്രദമാകുമെന്നും സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിപ്), കോഫി ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, ടൂറിസം വകുപ്പ്, മലബാര്‍ ടൂറിസം സൊസൈറ്റി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്, ബേക്, കെഎച്ച്ആര്‍എ, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ്‌കേരളാ ചാപ്റ്റര്‍ (സിഎഐടി) എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും അംഗീകാരവും പ്രദര്‍ശനങ്ങള്‍ക്കുണ്ട്. വടക്കന്‍ കേരളത്തില്‍ ഹോറെക (ഹോട്ടല്‍സ്, റെസ്‌റ്റോറന്റസ്, കേറ്ററിംഗ്) മേഖലയ്ക്കായി നടക്കുന്ന ആദ്യത്തെ ബി2ബി പ്രദര്‍ശനമാകും ഇതെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ പ്രധാനആകര്‍ഷണങ്ങളിലൊന്ന്. ഇരുപതോളം എസ്എംഇ യൂണിറ്റുകള്‍ ഈ വിഭാഗത്തില്‍ പങ്കെടുക്കും. രണ്ട് പ്രദര്‍ശനങ്ങളും വടക്കന്‍ കേരളത്തിലെ ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍, ആതിഥേയ വ്യവസായം, ബേക്കറി വ്യവസായം എന്നീ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളുടേയും ഈ രംഗത്തെ ദേശീയ തലത്തിലുള്ള സപ്ലെയേഴ്‌സിന്റേയും ഒരു സംഗമവേദിയാകുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

ഭക്ഷ്യസംസ്‌കരണ, ആതിഥേയ മേഖലകള്‍ കൊവിഡിനു ശേഷമുള്ള കുതിപ്പിലാണ്. വിശേഷിച്ചും വടക്കന്‍ കേരളത്തില്‍ ഈ മേഖലയിലുള്ള ചെറുകിട യൂനിറ്റുകള്‍ മികച്ച വളര്‍ച്ചയാണ് വരുംനാളുകളില്‍ പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രദര്‍ശനങ്ങള്‍ അങ്ങനെ ഈ മേഖലയ്ക്ക് ഇപ്പോള്‍ ആവശ്യമായ കരുത്തുപകരും. വടക്കന്‍ കേരളത്തിലെ ഭക്ഷ്യോല്‍പ്പന്ന യൂനിറ്റുകള്‍ മാത്രം 50,000ലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നാണ് കണക്ക്. സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യ, മാംസ ഉല്‍പ്പന്നങ്ങള്‍, എണ്ണകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍, റെഡിറ്റുഈറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിലാണ് ഇവയിലേറെയും പ്രവര്‍ത്തിക്കുന്നത്.

വിദേശത്തു നിന്നു തിരിച്ചു വരുന്നവര്‍ ധാരാളമായുള്ള വടക്കന്‍ കേരളത്തില്‍ ഈ മേഖലകളിലെ സംരംഭങ്ങള്‍ക്ക് മികച്ച വളര്‍ച്ചാസാധ്യതകളുണ്ടെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭക്ഷ്യോല്‍പ്പന്ന, ആതിഥേയ വ്യവസായങ്ങള്‍ വലിയ പിന്തുണ നല്‍കുന്നുണ്ട്. ഈ മേഖലകളിലെ ഉല്‍പ്പാദനം, മൂല്യവര്‍ധന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ഥിരമായ വളര്‍ച്ച കാണിക്കുന്നതും ശ്രദ്ധേയമാണ്.

വടക്കന്‍ കേരളത്തിലെ ആതിഥേയ വ്യവസായമേഖല, വിശേഷിച്ചും വയനാട്ടിലേത്, ഈ സീസണില്‍ സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു തുടങ്ങിയിട്ടുണ്ട്. 2022 മെയ് മാസത്തില്‍ ഈ മേഖലയിലെ മിക്കവാറും എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും പൂര്‍ണതോതില്‍ ബുക്ക്ഡാണ്. കോവിഡ് കാലത്ത് അടഞ്ഞു കിടന്ന ഈ മേഖലയിലെ ഹോട്ടലുകളുടേയും റിസോര്‍ട്ടുകളുടേയും നവീകരണത്തിന് ഈ പ്രദര്‍ശനങ്ങള്‍ സഹായകരമാകുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

Next Story

RELATED STORIES

Share it