Latest News

കോഴിക്കോട് ട്രെയിനിലെ തീവെയ്പ്പ്; ട്രാക്കില്‍ ബാഗും ഫോണും; നോട്ട്ബുക്കില്‍ ഹിന്ദിയില്‍ കുറിപ്പ്

ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പ്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ട്രെയിനിലെ തീവെയ്പ്പ്; ട്രാക്കില്‍ ബാഗും ഫോണും; നോട്ട്ബുക്കില്‍ ഹിന്ദിയില്‍ കുറിപ്പ്
X

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആക്രമണത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കമാണ് എന്ന് തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കല്‍ ലഭിച്ചിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും ഒരു ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അക്രമിയെന്ന് സംശയിക്കുന്ന ആള്‍ കയറിയ പോയ ബൈക്ക് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ചുവന്ന ഷര്‍ട്ടും തൊപ്പിയും വെച്ചയാളാണ് ആക്രമണം നടത്തിയത് എന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞിരുന്നു. അതേസമയം അക്രമിയുടേത് എന്ന് കരുതുന്ന ബാഗ് പൊലീസ് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപമുള്ള ട്രാക്കില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിയവരുടേത് എന്ന് സംശയിക്കുന്നവരുടെ മൃതദേഹം കിടന്ന സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ഈ ബാഗില്‍ കുപ്പി ദ്രാവകം (പെട്രോളാണ് എന്ന് സംശയം), ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പ്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

ഇതിനൊപ്പം ഒരു മൊബൈല്‍ ഫോണ്‍, പേഴ്സില്‍ നിന്ന് ഒരു കഷണം കടലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ബാഗിന് സമീപത്ത് നിന്നായി ലഭിച്ച നോട്ട് പാഡില്‍ തിരുവനന്തപുരത്തെ സ്ഥലങ്ങളായ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകള്‍ ആണുള്ളത് എന്നത് ദുരൂഹതയും ആശങ്കയും വര്‍ധിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും ആണ് നോട്ടബുക്കില്‍ പലകാര്യങ്ങളും എഴുതിയിരിക്കുന്നത്. അതേസമയം ദൃക്സാക്ഷി മൊഴികളില്‍ നിന്ന് അക്രമി മലയാളി അല്ല എന്നാണ് വ്യക്തമായിരിക്കുന്നത്.

വാഷ് ബേസിനടുത്ത് ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു എന്നും ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന ദൃക്സാക്ഷി മൊഴി. ആക്രമണത്തിനിടെ ഇയാളുടെ കാലിനും പൊള്ളലേറ്റിരുന്നു എങ്കിലും സമീപത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.

ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ ആണ് സംഭവം. ട്രെയിനിലെ ഡി ടു കോച്ചില്‍ നിന്ന് ഡി വണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തുകയായിരുന്നു. തിരക്ക് കുറവായിരുന്ന കോച്ചിലെ യാത്രക്കാരുടെ ദേഹത്തേക്ക് അക്രമി പെട്രോള്‍ ഒഴിച്ച ശേഷം പൊടുന്നനെ തീയിടുകയായിരുന്നു.

പരിഭ്രാന്തരായ യാത്രക്കാര്‍ പെട്ടെന്ന് ചെയിന്‍ വലിച്ചെങ്കിലും കോച്ച് നിന്നത് കോരപ്പുഴ പാലത്തില്‍ ആണ്. അതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനായില്ല. ഇതിനിടെയാണ് അക്രമി രക്ഷപ്പെട്ടത്. പിന്നീട് ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിര്‍ത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുന്നത്.


Next Story

RELATED STORIES

Share it