Latest News

സ്‌കൂട്ടര്‍ യാത്രികരായ അമ്മയെയും മക്കളെയും ഇടിച്ചിട്ടു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

സ്‌കൂട്ടര്‍ യാത്രികരായ അമ്മയെയും മക്കളെയും ഇടിച്ചിട്ടു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
X

ഇടുക്കി: സ്‌കൂട്ടര്‍ യാത്രികരായ അമ്മയെയും രണ്ട് പെണ്‍കുട്ടികളുടെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ നടപടി. ഒരുമാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. കട്ടപ്പന സ്വദേശി ബിനോയിയുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. ഇടുക്കി ആര്‍ടിഒ ആര്‍ രമണന് കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് നടപടി. മുരിയ്ക്കാശ്ശേരി സ്വദേശി രഞ്ജിത്തിന്റെ ഭാര്യയും മക്കളായ നിരഞ്ജന, നീലാഞ്ജന എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സ്‌കൂട്ടറില്‍ വരികയായിരുന്ന അമ്മയെയും ഒന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെയും മുരിക്കാശ്ശേരിയില്‍ വച്ച് അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. രോഷാകുലരായ നാട്ടുകാര്‍ ബസ് വഴിയില്‍ തടഞ്ഞു. അപകടവിവരം പറയുകയും ചെയ്തു. അങ്ങനൊരു സംഭവം അറിഞ്ഞില്ലെന്ന നിലപാടാണ് ഡ്രൈവര്‍ സ്വീകരിച്ചത്. പിന്നീട് മുരിക്കാശ്ശേരി പോലിസില്‍ പരാതി നല്‍കി. പോലിസ് ഡ്രൈവറെ വിളിച്ചുവരുത്തി.

എന്നാല്‍, യൂനിയന്‍ പ്രവര്‍ത്തകരോടൊപ്പം സ്‌റ്റേഷനിലെത്തിയ ഡ്രൈവര്‍ സംഭവം കണ്ടില്ലെന്നുപറഞ്ഞ് ഒഴിഞ്ഞു. പോലിസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് സഹോദരിമാര്‍ ഇടുക്കി ആര്‍ടിഒ ആര്‍ രമണന് പരാതി നല്‍കിയത്. സംഭവത്തില്‍ മുരിയ്ക്കാശ്ശേരി പോലിസും അന്വേഷണം നടത്തുന്നുണ്ട്. അപകടമുണ്ടാക്കിയ ബസ് പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു. കുട്ടികളും അമ്മയും ഇപ്പോഴും ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it