Latest News

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവര്‍ത്തകന് സിപിഎം മര്‍ദ്ദനം

സിറ്റി പോലിസ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവര്‍ത്തകന് സിപിഎം മര്‍ദ്ദനം
X

കണ്ണൂര്‍:കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലിരിക്കെ മര്‍ദ്ദിച്ച് സിപിഎം പ്രവര്‍ത്തകര്‍.മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പോകുന്നതിനിടെ ഗസ്റ്റ്ഹൗസിന് സമീപത്ത് വെച്ച് കരിങ്കൊടി കാട്ടിയ കെഎസ്‌യു ജില്ല ജനറൽ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയെയാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.സിറ്റി പോലിസ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം.

തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ കില കാംപസിലെ ഉദ്ഘാടന പരിപാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് എത്തിയ സിപിഎം പ്രവര്‍ത്തകരാണ് പോലിസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.പോലിസ് ജീപ്പിലേക്ക് കയറ്റിയ കെഎസ്‌യു പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ജീപ്പിലേക്ക് എത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

കെഎസ്‌യുവിന്റെ സ്റ്റിക്കറുള്ള കറുത്ത് ബാഗ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. പോലിസ് ഉടനെ അയാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ പിന്നാലെ വന്ന് മര്‍ദ്ദിക്കുകയായിരുന്നു. പോലിസ് ജീപ്പിലേക്ക് കയറ്റിയതിന് ശേഷവും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു.

അതേസമയം, കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി വീശിയ മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നും മടങ്ങുന്നത് വരെ കരുതല്‍ തടങ്കലില്‍ വെക്കും.



Next Story

RELATED STORIES

Share it