Latest News

കെ ടി ജലീലിന്റെ ആത്മകഥ നിര്‍ത്തിവച്ചത് എഴുതിത്തരാനുള്ള ഉത്തരവാദിത്തം പാലിക്കാതിരുന്നതുകൊണ്ട്; വിശദീകരണവുമായി സമകാലിക മലയാളം

കെ ടി ജലീലിന്റെ ആത്മകഥ നിര്‍ത്തിവച്ചത് എഴുതിത്തരാനുള്ള ഉത്തരവാദിത്തം പാലിക്കാതിരുന്നതുകൊണ്ട്; വിശദീകരണവുമായി സമകാലിക മലയാളം
X

കൊച്ചി: പച്ചകലര്‍ന്ന ചുവപ്പ് പ്രസിദ്ധീകരണം നിര്‍ത്തുന്നത് എഴുതിത്തരാനുള്ള ഉത്തരവാദിത്തം കെ ടി ജലീല്‍ പൂര്‍ത്തീകരിക്കാതിരുന്നതുകൊണ്ടെന്ന വിശദീകരണവുമായി സമകാലിക മലയാളം എഡിറ്റര്‍ സജി ജെയിംസ്. തന്റെ എഫ് ബി പേജിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. തന്റെ ആത്മകഥ നിര്‍ത്തിവച്ചതിനെതിരേ വന്ന മാധ്യമറിപോര്‍ട്ടുകള്‍ വളച്ചൊടിച്ചതായിരുവെന്ന് ജലീല്‍ തന്റെ ഫേസ് ബുക്കില്‍ വിശദീകരിച്ചു. ആ വിശദീകരണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ റിപോര്‍ട്ടുകള്‍. മിക്കവാറും മാധ്യമങ്ങള്‍ റിപോര്‍ട്ട് പുറത്തുവിട്ടിരുന്നുവെങ്കിലും മീഡിയാവണിന്റെ വ്യാഖ്യാനത്തെയാണ് ജലീല്‍ കുറ്റപ്പെടുത്തിയത്.

മുസ് ലിംലീഗ് നേതാക്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള പത്രാധിപസമിതിയുടെ വിയോജിപ്പാണ് ആത്മകഥ നിര്‍ത്തിവയ്ക്കാന്‍ കാരണയതെന്നാണ് മീഡിയാവണ്‍ റിപോര്‍ട്ട് ചെയ്തത്.

മലയാളം വാരികയുടെ എഡിറ്ററുടെ പ്രസ്താവന:

കഴിഞ്ഞ മെയ് ആദ്യ ആഴ്ച കെ ടി ജലീലിന്റെ ആത്മകഥ, പച്ചകലര്‍ന്ന ചുവപ്പ് പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ഇതുവരെ വായനക്കാരില്‍ നിന്നു ഞങ്ങള്‍ക്കു കിട്ടിക്കൊണ്ടിരുന്നത് സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ്. ആത്മകഥയെന്നല്ല എന്തു പ്രസിദ്ധീകരിച്ചാലും അനുകൂലമായും എതിര്‍ത്തും കത്തുകളും വിളികളും മറ്റുമുണ്ടാവുന്നത് പതിവാണുതാനും. എംഎല്‍എയും മുന്‍ മന്ത്രിയും പ്രമുഖ ഇടതുസഹയാത്രികരിലൊരാളുമായ കെ ടി ജലീലിന്റെ പല തുറന്നു പറച്ചിലുകളും പലരെയും അലോസരപ്പെടുത്തുന്നത് വിവിധ പ്രതികരണങ്ങളിലൂടെ അപ്പപ്പോള്‍ വാരിക അറിയുന്നുണ്ടായിരുന്നു. നേരെ മറിച്ച്, കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയണമെന്നും പഴയകാലം പറയുന്നത് പിന്നത്തേയ്ക്കു മാറ്റിവച്ച് സമകാലിക രാഷ്ട്രീയ അനുഭവങ്ങളിലേക്കു പോകണമെന്നും പറഞ്ഞവരുമുണ്ട് നിരവധി. കെ ടി ജലീലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനും കേസുകളില്‍ കുടുക്കാനും നടന്ന ശ്രമങ്ങള്‍, മന്ത്രിപദവിയില്‍ നിന്നുള്ള രാജിയിലേക്ക് എത്തിച്ച സംഭവങ്ങള്‍ തുടങ്ങിയതിലൊക്കെ അദ്ദേഹം എന്തു പറയുന്നു; 'അന്തര്‍നാടകങ്ങള്‍' എന്തൊക്കെയാണ്, പുറത്തുവരാതെ രാഷ്ട്രീയ അകങ്ങളില്‍ നീറിപ്പുകഞ്ഞത് എന്തൊക്കെയാണ് എന്നൊക്കെ അറിയാനുള്ള കേരളത്തിന്റെ ആകാംക്ഷ പത്രാധിപസമിതിയെ ചുട്ടുപൊള്ളിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം അതിന്റെ സ്വാഭാവിക ഒഴുക്കില്‍ത്തന്നെ എഴുതട്ടെ എന്നും, സമയമെടുത്തും സ്വന്തം തീരുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലും മുന്‍ഗണന നിശ്ചയിക്കട്ടെ എന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. എഴുതുന്ന ആളുടെ സ്വാതന്ത്ര്യത്തിലേക്ക് സെന്‍സേഷനലിസത്തിന്റെ സമ്മര്‍ദവും ഇടപെടലും നടത്തുന്നതല്ല സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നതു തന്നെയാണ് കാരണം.

പച്ച കലര്‍ന്ന ചുവപ്പ് ഇനിയും മുന്നോട്ട് എഴുതാനും രാഷ്ട്രീയ പ്രാധാന്യമുള്ള പലതും അതില്‍ വരാനുമുണ്ട് എന്നുതന്നെയാണ് കെ ടി ജലീലില്‍ നിന്നു ഞങ്ങള്‍ മനസ്സിലാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വിദേശയാത്രയുടെ സന്ദര്‍ഭത്തില്‍ എഴുത്ത് മുടങ്ങുന്ന സ്ഥിതിയുണ്ടായി. 2022 ഒക്ടോബര്‍ 17നു പുറത്തിറങ്ങിയ ലക്കത്തിനു ശേഷം ഏതാനും ആഴ്ചത്തേക്കു പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണം എന്നും തിരിച്ചുവന്ന ശേഷം എഴുതിത്തരാം എന്നും പറഞ്ഞു. അതായത് 2022 ഒക്ടോബര്‍ 24ന്റെ ലക്കം മുതല്‍ ചില ലക്കങ്ങള്‍ പച്ച കലര്‍ന്ന ചുവപ്പ് മുടങ്ങും. ഈ സമീപനം അംഗീകരിക്കാന്‍ വാരികയ്ക്കു ബുദ്ധിമുട്ടുണ്ടായി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണ്; അതനുസരിച്ച് പരമ്പര എഴുതിത്തരാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. ആ ഉത്തരവാദിത്തം അദ്ദേഹം പാലിക്കാതിരുന്നതുകൊണ്ട് ഈ ലക്കം മുതല്‍ പച്ച കലര്‍ന്ന ചുവപ്പിന്റെ പ്രസിദ്ധീകരണം സ്ഥിരമായി നിര്‍ത്തിവയ്ക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അത് വായനക്കാരെ അറിയിക്കുകയും ചെയ്തു.

അതിനപ്പുറത്ത്, അദ്ദേഹം എഴുതിയ ഉള്ളടക്കവും ഈ തീരുമാനവുമായി യാതൊരു ബന്ധവുമില്ല. പ്രസിദ്ധീകരിക്കാവുന്നത് എന്തെന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തത് എന്തെന്നും കൃത്യമായി ബോധ്യമുള്ള പത്രാധിപസമിതിയുള്ള പ്രസിദ്ധീകരണമാണ് സമകാലിക മലയാളം വാരിക.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെപ്പോലെതന്നെ തുടര്‍ന്നും വായനക്കാരുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്.

നന്ദി

സജി ജെയിംസ്

എഡിറ്റര്‌

Next Story

RELATED STORIES

Share it