Latest News

കെടിയു താല്‍ക്കാലിക വിസി: സര്‍ക്കാര്‍ മൂന്നംഗ പാനല്‍ രാജ്ഭവന് കൈമാറി

കെടിയു താല്‍ക്കാലിക വിസി: സര്‍ക്കാര്‍ മൂന്നംഗ പാനല്‍ രാജ്ഭവന് കൈമാറി
X

തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വിസി സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ പാനല്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. മുന്‍ ഡീനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുമായ വൃന്ദ വി നായര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി പി ബൈജുഭായി, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. സി സതീഷ് കുമാര്‍ എന്നിവരുടെ പട്ടികയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്.

വിസി നിയമനം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പകര്‍പ്പ് ലഭിച്ചതിനുശേഷമാണ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്. ഗവര്‍ണര്‍ താല്‍ക്കാലിക വിസിയായി നിയമിച്ച സിസാ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ താല്‍ക്കാലിക വിസി നിയമനത്തിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനുള്ള അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പാനല്‍ രാജ്ഭവന് കൈമാറിയത്.

ചെന്നൈയിലുള്ള ഗവര്‍ണര്‍ മടങ്ങിയെത്തി വിധിപ്പകര്‍പ്പ് പഠിച്ച ശേഷമാവും തുടര്‍നടപടികളിലേക്ക് കടക്കുക. നേരത്തെ സുപ്രിംകോടതി വിധിയെ ത്തുടര്‍ന്ന് വിസി സ്ഥാനത്ത് നിന്നും എം എസ് രാജശ്രീ പുറത്തായതോടെ സര്‍ക്കാര്‍ താല്‍ക്കാലിക വിസിയായി ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിനെ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കെടിയു വിസി നിയമനം റദ്ദാക്കിയ കോടതി വിധി സജി ഗോപിനാഥിനും ബാധകമാണെന്ന് കാട്ടി നോട്ടീസ് നല്‍കിയതിനാല്‍ അത് ഗവര്‍ണര്‍ തള്ളുകയും സിസാ തോമസിനെ നേരിട്ട് താല്‍ക്കാലിക വിസി സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it