Latest News

പണമില്ലെന്നത് വ്യാജപ്രചാരണം; ട്രഷറി സ്തംഭനത്തിനു പിന്നില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സോഫ്ടുവെയറിലെ തകരാറെന്ന് ധനമന്ത്രി

പണമില്ലെന്നത് വ്യാജപ്രചാരണം; ട്രഷറി സ്തംഭനത്തിനു പിന്നില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സോഫ്ടുവെയറിലെ തകരാറെന്ന് ധനമന്ത്രി
X

തിരുവനന്തപുരം: ധനകാര്യ വര്‍ഷത്തിന്റെ അവസാനത്തില്‍ ട്രഷറിയില്‍ പണമുണ്ടാകാത്തത് സാധാരണ സംഭവമാണെന്നും എന്നാല്‍ ഇത്തവണ ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സോഫ്റ്റ്‌വെയര്‍ തകരാറുകൊണ്ടാണെന്നും മറിച്ചുളള പ്രചാരണം വ്യാജമാണെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ട്രഷറി സോഫ്റ്റ് വെയറിന്റെ തകരാറുകള്‍ ശരിയാക്കാന്‍ വിദഗ്ധരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) സോഫ്ടുവെയറിലുണ്ടായ തകരാറുകള്‍ തീര്‍ക്കുന്നതിന് എന്‍ഐസി, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രണ്ടു യോഗങ്ങള്‍ ധനമന്ത്രി നേരിട്ട് വിളിച്ചുചേര്‍ത്തിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം എന്‍ഐസി ഉദ്യോഗസ്ഥരുടെ ഒരു ടീം ഒരാഴ്ചയായി കുഴപ്പം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഐബിഎം, ടെക്‌നോപാര്‍ക്ക് എന്നിവടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ ടീമും അവര്‍ക്കൊപ്പമുണ്ട്.

ട്രഷറിയില്‍ സോഫ്റ്റ്‌വെയര്‍ തകരാറുണ്ടായ സാഹചര്യത്തില്‍ ട്രഷറി പ്രവര്‍ത്തനങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നുമുതല്‍ ട്രഷറി പ്രവര്‍ത്തന സമയം രാത്രി 9 മണിവരെയാക്കിയിരിക്കുകയാണ്. പണവിതരണം രാവിലെ മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ നടക്കും. ഈ സമയം പണം വിതരണം ചെയ്യുന്നതിനുള്ള സോഫ്‌ട്വെഉയര്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. രണ്ടു മണി മുതല്‍ രാത്രി ഒന്‍പത് മണിവരെ ട്രഷറിയില്‍ ബില്ല് സമര്‍പ്പിക്കുന്നതിനുള്ള സോഫ്ടുവെയറുകള്‍ പ്രവര്‍ത്തിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബില്ലുകള്‍ സമര്‍പ്പിക്കാം. ഈ പുനക്രമീകരണംകൊണ്ട് ട്രഷറി സര്‍വ്വറിലുള്ള ലോഡ് കുറയ്ക്കാനും കമ്പ്യൂട്ടര്‍ സ്തംഭനം ഒഴിവാക്കാനും കഴിയും. ഈ മാസം അവധി ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അടുത്ത മാസത്തെ ആദ്യത്തെ ആഴ്ച അവധി ആയതിനാല്‍ പുതുക്കിയ ശമ്പള ബില്ലുകള്‍ ഈ മാസം തന്നെ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെന്‍ഷനുകള്‍ എല്ലാവര്‍ക്കും ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it