Latest News

വടകരയിൽ തുറുപ്പുചീട്ടായി ഷാഫി;കോഴിക്കോട് ജില്ല തോൽപ്പിച്ചയച്ചത് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളെ

വടകരയിൽ തുറുപ്പുചീട്ടായി ഷാഫി;കോഴിക്കോട് ജില്ല തോൽപ്പിച്ചയച്ചത് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളെ
X

വടകര: അപ്രതീക്ഷിതമായി പാലക്കാട്ടുനിന്ന് വടകരയിലേക്ക് സ്ഥാനാര്‍ഥിയായി വന്നു. അപരിചിതത്വം ഒട്ടുമില്ലാതെ വടകര ഇരുകൈയും നീട്ടി സ്വീകരിച്ചു... ഇപ്പോഴിതാ 1,14,506 വോട്ടിന്റെ ചരിത്രജയം നേടി വടകരയുടെ ഹൃദയം കവര്‍ന്നിരിക്കുന്നു, ഷാഫി പറമ്പില്‍. വടകര ലോക്‌സഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായ നാലാംജയമാണ് യുഡിഎഫിന് ഷാഫി സമ്മാനിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ വടകരയിലെ റെക്കോഡ് ഭൂരിപക്ഷവും ഷാഫി നേടി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഇതുവരെയുള്ള ഉയര്‍ന്ന ഭൂരിപക്ഷം കഴിഞ്ഞതവണ കെ മുരളീധരന്‍ നേടിയതാണ്. 84,633 വോട്ട്. സിപിഎമ്മിന്റെ കരുത്തും ജനകീയതയുമുള്ള നേതാവിനെ വലിയ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചെന്നത് വിജയത്തിന്റെ തിളക്കംകൂട്ടുന്നു.

തുടക്കംമുതല്‍ ആവേശപ്പോര്...

തുടക്കം മുതല്‍ രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ വടകരയിലേക്കായിരുന്നു. ഒരുവശത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരളത്തിന്റെ ടീച്ചറമ്മ കെകെ ശൈലജ. യുഡിഎഫിനായി കെ മുരളീധരന്‍ മത്സരിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ അതാ വരുന്നു ഷാഫി പറമ്പില്‍. പിന്നെ വടകര കണ്ടത് സമാനതകളില്ലാത്ത പോരാട്ടമാണ്. വിവാദവിഷയങ്ങള്‍ പലപ്പോഴും വടകരയെ ശ്രദ്ധാകേന്ദ്രമാക്കി.

പാനൂര്‍ ബോംബ് സ്‌ഫോടനം, കെകെ ശൈലജയ്‌ക്കെതിരായ വ്യക്തിഅധിക്ഷേപം, അശഌലവീഡിയോ ആരോപണം, ആ ആരോപണത്തില്‍നിന്നുള്ള പിന്മാറ്റം, ഏറ്റവുമൊടുവില്‍ കാഫിര്‍ വാട്‌സാപ്പ് സ്‌ക്രീന്‍ഷോട്ട് വിവാദം... വിവാദങ്ങള്‍ക്കുമപ്പുറമായിരുന്നു വടകരയിലെ പോരാട്ടച്ചൂട്.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇരുമുന്നണികളും നാടിളക്കിമറിച്ചു. ആരും ജയിക്കാവുന്ന സാഹചര്യം. ജനകീയയായ കെകെ ശൈലജയെ വടകരപോലെ ഇടതിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഷാഫിയും യുഡിഎഫുമെല്ലാം ഉറപ്പിച്ചതാണ്.

പക്ഷേ, വളരെ പെട്ടെന്നുതന്നെ ജനപ്രീതി നേടി, ഷാഫി വടകരയുടെ ഹൃദയത്തിലേക്ക് കടന്നു. പോകുന്നിടത്തെല്ലാം വന്‍ജനക്കൂട്ടം. വിവാദവിഷയങ്ങളില്‍ ഷാഫിയെ പ്രതിസ്ഥാനത്ത് കൊണ്ടുവരാന്‍ എല്‍ഡിഎഫ് തുടക്കംമുതല്‍ ശ്രമിച്ചത് ഈ ജനപ്രീതി തകര്‍ക്കാനായിരുന്നു. അതൊന്നും ഫലം കണ്ടില്ല. ആള്‍ക്കൂട്ടംകൊണ്ടാണ് ഷാഫി ജയത്തിന് അടിത്തറയിട്ടത്.

ദേശീയനേതാക്കളാരും വടകരയില്‍ യുഡിഎഫിനായി പ്രചാരണത്തിന് എത്തിയിരുന്നില്ല. ഷാഫിയുടെ സ്ഥാനാര്‍ഥിത്വം തന്നെയായിരുന്നു യുഡിഎഫിന്റെ തുറുപ്പുചീട്ട്. സിപിഎം കേന്ദ്രങ്ങളെപ്പോലും ആ വ്യക്തിപ്രഭാവം ഇളക്കിമറിച്ചു. സിപിഎം കേന്ദ്രങ്ങളിലെ വോട്ടുചോര്‍ച്ച ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.

കോഴിക്കോട്, വടകര മണ്ഡലങ്ങളിലും വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയിലും യുഡിഎഫ് നേടിയത് വ്യക്തമായ മേല്‍ക്കൈ. ജില്ലയിലെ 14 അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിന് ആധിപത്യം. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ വര്‍ധിച്ചു. ജില്ലയില്‍ രണ്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പരാജയം ഇടതുപക്ഷത്തിന് കനത്ത ആഘാതമായി.

Next Story

RELATED STORIES

Share it