Latest News

ലോക്സഭയിലെ വനിതാ പ്രാതിനിധ്യം കുറയുന്നു...?

ലോക്സഭയിലെ വനിതാ പ്രാതിനിധ്യം കുറയുന്നു...?
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നിലവില്‍വന്നിട്ടും ലോക്‌സഭയിലേക്കുള്ള വനിതകളുടെ എണ്ണത്തില്‍ മുമ്പത്തേതിലും കുറവ്. 73 വനിതകളാണ് 18ാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പെട്ടത്. സഭാ പ്രാതിനിധ്യത്തിന്റെ 13ശതമാനം മാത്രമാണിത്. 78 ആയിരുന്നു കഴിഞ്ഞ ലോക്‌സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം.

2023 സെപ്റ്റംബര്‍ 19ന് വനിത സംവരണ ബില്‍ പാസാക്കിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍പോലും അതിന്റെ അനുകൂല ഫലം കാണാനായില്ല. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെക്കുന്നതാണ് ഈ ബില്ല്.

ഇത്തവണ മത്സരിച്ച 8,337 സ്ഥാനാര്‍ഥികളില്‍ 797 പേര്‍ മാത്രമാണ് വനിതകള്‍. ഇവരില്‍ 9 ശതമാനം പേരാണ് വിജയിച്ച് പാര്‍ലമെന്റിലെത്തുന്നത്. മൊത്തം വനിത സ്ഥാനാര്‍ഥികളുടെ എണ്ണം 2019ലെ 720ല്‍നിന്ന് 10ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ടെന്നതാണ് നേരിയ ആശ്വാസം.

ദേശീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളില്‍ 12ശതമാനം മാത്രമാണ് വനിതകള്‍. ബിജെപി സ്ഥാനാര്‍ഥികളില്‍ 16 ശതമാനവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 13ശതമാനവും സ്ത്രീകളായിരുന്നു. ആം ആദ്മി പാര്‍ട്ടി വനിതകളെ നിര്‍ത്തിയില്ല. ബിജെപിയുടെ 69 വനിത സ്ഥാനാര്‍ഥികളില്‍ 31 പേര്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ 41 വനിതാ സ്ഥാനാര്‍ഥികളില്‍ 13 പേരും. തൃണമൂല്‍ കോണ്‍ഗ്രസ് 12 വനിതകളെ നിര്‍ത്തിയതില്‍ 10 പേര്‍ വിജയിച്ചു.797 വനിതകളില്‍ 276 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ചെങ്കിലും ഒരാള്‍ക്കുപോലും ജയം കാണാനായില്ല.

Next Story

RELATED STORIES

Share it