Latest News

ലൗ ജിഹാദ്: എതിര്‍പ്പ് ശക്തമായതോടെ ജോസ് കെ മാണി അഭിപ്രായം തിരുത്തി

വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനായി ജോസ് കെ. മാണി നടത്തിയ അഭിപ്രായപ്രകടനം വിവാദമായതോടെ എല്‍.ഡി.എഫും പ്രതിരോധത്തിലായി. തുടര്‍ന്നാണ് പറഞ്ഞത് തിരുത്താന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായത്.

ലൗ ജിഹാദ്: എതിര്‍പ്പ് ശക്തമായതോടെ ജോസ് കെ മാണി അഭിപ്രായം തിരുത്തി
X

കോട്ടയം: ലൗ ജിഹാദ് വിഷയത്തില്‍ പറഞ്ഞത് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ. മാണി തിരുത്തി . ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായമെന്നാണ് പുതിയ വിശദീകരണം. ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷ കാലത്തെ വികസനമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.


ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. തുടര്‍ന്ന് ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സിയും രംഗത്തെത്തി.


വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനായി ജോസ് കെ. മാണി നടത്തിയ അഭിപ്രായപ്രകടനം വിവാദമായതോടെ എല്‍.ഡി.എഫും പ്രതിരോധത്തിലായി. തുടര്‍ന്നാണ് പറഞ്ഞത് തിരുത്താന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായത്.


ജോസ് കെ.മാണിയുടെ പ്രതികരണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അതേസമയം, ജോസ് കെ.മാണിയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നും പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


ജോസ് കെ മാണിയുടെ ലൗ ജിഹാദ് അഭിപ്രായത്തെ എതിര്‍ത്ത് യാക്കോബായ സഭ രംഗത്തുവന്നിരുന്നു. 'ലൗ ജിഹാദ്' ഇല്ലാത്ത വിഷയമാണെന്നും ഇടതുപക്ഷം പോലും അതിനോട് സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് വളരെ ഖേദകരമായ വസ്തുതയാണെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞിരുന്നു. ഒരു വിഭാഗം കൃസ്തീയ സഭാ മേലധികാരികളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നതോടെയാണ് ജോസ് കെ മാണി അഭിപ്രായത്തില്‍ നിന്നും പിന്മാറിയത്. ' ഈ ഫാഷിസ്റ്റ് കാലത്ത് ഇരകളുടെ സ്ഥാനത്ത് നില്‍ക്കുന്ന എല്ലാ ന്യൂനപക്ഷങ്ങളും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് സമയത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമങ്ങള്‍ മതേതര കേരളത്തിന് ആശാവഹമല്ല. എന്ന് മാത്രമല്ല വളരെ അപകടം പിടിച്ചൊരു പ്രവണതയാണ്. ' എന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it