Latest News

ചരിത്രകാരന്‍ എം ജി എസ് വിടവാങ്ങി

ചരിത്രകാരന്‍ എം ജി എസ് വിടവാങ്ങി
X

കോഴിക്കോട് : പ്രമുഖ ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. എം ജി എസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം.

മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം ജിഎസിന്റെ ജനനം. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.ഗുരുവായൂരപ്പന്‍ കോളേജില്‍ വച്ചാണ് ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം ചരിത്രഗവേഷണം ആരംഭിക്കുന്നത്.

ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായപ്പോള്‍ ചരിത്രവിഭാഗം അധ്യക്ഷനായി.അനേകം ബിരുദാനന്തരഗവേഷണപദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിച്ച അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.

ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കോഴിക്കോട് ചരിത്രത്തില്‍ ചില ഏടുകള്‍, കോഴിക്കോടിന്റെ കഥ, കള്‍ച്ചറല്‍ സിംബോസിസ് ഇന്‍ കേരള, ആസ്‌പെക്ട്‌സ് ഓഫ് ആര്യനൈസേഷന്‍ ഇന്‍ കേരള, മലബാര്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സെക്കുലര്‍ജാതിയും സെക്കുലര്‍മതവും, സാഹിത്യാപരാധങ്ങള്‍, ജാലകങ്ങള്‍; ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

Next Story

RELATED STORIES

Share it