Latest News

അതിദേശീയത മാത്രം പോരെന്ന്; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയതെങ്ങനെ?

ദേശീയ നേതാക്കളും ദേശീയ പ്രശ്‌നങ്ങള്‍ക്കുമപ്പുറം പ്രാദേശിക നേതാക്കളും പ്രാദേശിക പ്രശ്‌നങ്ങളുമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്.

അതിദേശീയത മാത്രം പോരെന്ന്; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിയതെങ്ങനെ?
X

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. എല്ലാ സര്‍വെഫലങ്ങളെയും അവകാശവാദങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ബിജെപി ഈ അടുത്തകാലത്തുണ്ടായ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചു. ഹരിയാനയില്‍ ഏറ്റവും വലിയ കക്ഷിയാകാനായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ മറ്റുള്ളവരുടെ കാലുപിടിക്കേണ്ട അവസ്ഥയിലാണ്. മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. എന്താണ് ബിജെപിയെ മോശം പ്രചരണത്തിനു പിന്നില്‍? ജനാധിപത്യ ശക്തികള്‍ക്ക് ആശ്വസിക്കാന്‍ വകയുള്ളതാണോ പുതിയ സംഭവങ്ങള്‍?

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ദേശീയതക്കു ചുറ്റും കെട്ടിയിടാനായിരുന്നു തുടക്കം മുതല്‍ ബിജെപിയുടെ ശ്രമം. പങ്കെടുത്ത മൂന്ന് തെരഞ്ഞെടുപ്പു റാലികളിലും പ്രധാനമന്ത്രി മോദി അത് എടുത്തുകാട്ടി. ഈ തെരഞ്ഞെടുപ്പിനെ ദേശീയയും കുടുംബഭരണവും തമ്മിലുള്ള പോരാട്ടമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കിഴക്കന്‍ വിദര്‍ഭയിലെ അകോലയില്‍ നടന്ന ആദ്യ റാലിയില്‍ സവര്‍ക്കര്‍ക്ക് ഭാരത്‌രത്‌ന നല്‍കാനുള്ള നിര്‍ദേശത്തെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ മൂലക്കല്ലായി ദേശീയതയെ സ്ഥാപിച്ചത് സവര്‍ക്കറാണെന്ന് പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. ജല്‍നയില്‍ മറാത്ത്‌വാഡയിലെ ജല്‍നയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ്സിന്റെ കുടുംബവാഴ്ചയെ ദേശീയതയക്കെതിരേ സ്ഥാപിക്കാന്‍ ശ്രമിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുഖ്യ വാഗ്ധാനങ്ങളിലൊന്ന് സവര്‍ക്കര്‍ക്ക് ഭാരത്‌രത്‌ന നല്‍കുമെന്നതാണ്. സവര്‍ക്കര്‍ക്കു മാത്രമല്ല, മഹാരാഷ്ട്രക്കാരനായ അംബേദ്ക്കര്‍ക്കും ദീര്‍ഘകാലം ഭാരത്‌രത്‌ന നല്‍കിയില്ലെന്ന് ഓര്‍മ്മിപ്പിച്ച മോദി സവര്‍ക്കറെ അംബേദ്ക്കറുമായി ബന്ധിപ്പിക്കാനും ശ്രമിക്കാതിരുന്നില്ല.

കശ്മീരില്‍ 370 ാം വകുപ്പ് റദ്ദാക്കി ദേശീയഐക്യത്തെ ഊട്ടിയുറപ്പിച്ചുവെന്നതായിരുന്നു മറ്റൊരു തെരഞ്ഞെടുപ്പ് പ്രമേയം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ കശ്മീരിനെന്തു കാര്യമെന്ന് പ്രസംഗിച്ച പ്രതിപക്ഷ നേതാക്കളെ ബിജെപിക്കാര്‍ കണക്കിനു പരിഹസിച്ചു. ജമ്മു കശ്മീരിലെ ജനങ്ങള്‍ ഭാരതാംബയുടെ മക്കളാണെന്ന് നരേന്ദ്ര മോദി പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.

മഹാരാഷ്ട്രയില്‍ മാത്രമല്ല, ഹരിയാനയിലും ബിജെപി നേതാക്കളുടെ പ്രധാന ഊന്നല്‍ ദേശീയയും ദേശീയസുരക്ഷയുമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 ാം വകുപ്പ് അവിടെയും വ്യാപകമായി ചര്‍ച്ചാവിഷയമാക്കി.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്ന ഒരു കാര്യം മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അതി ദേശീയതായുക്തി വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നു തന്നെയാണ്. മഹാരാഷ്ട്രയില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48 ല്‍ 23 സീറ്റുനേടിയ ബിജെപിക്ക് മാസങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്രയും വിജയം നിലനിര്‍ത്താനായില്ല. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 ല്‍ 122 സീറ്റ് നേടിയ ബിജെപി ഇത്തവണ 105 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഹരിയാനയില്‍ 70 സീറ്റിനുവേണ്ടി തന്ത്രം മെനഞ്ഞ സംഘ്കുടുംബം 40 ല്‍ തട്ടിവീണു. കണക്കിലെ കളികള്‍ ഉപയോഗിച്ച് ബിജെപിക്ക് അധികാരത്തിലെത്താനാവുമോ എന്നത് വ്യത്യസ്തമായ പ്രശ്‌നമാണ്.

സാമ്പത്തികപ്രതിസന്ധികള്‍ക്കും വമ്പിച്ച തൊഴിലില്ലായ്മക്കും ഇടയിലാണ് രണ്ടു സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. അതിദേശീയതയുടെ വായ്ത്താരികള്‍ കൊണ്ട് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഫലം വന്നപ്പോള്‍ പ്രാദേശികപാര്‍ട്ടികള്‍ രണ്ട് സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കി. പ്രാദേശികമായ പ്രശ്‌നങ്ങളാണ് വോട്ടര്‍മാര്‍ പരിഗണിച്ചത്. ഭൂപിന്ദര്‍ സിങ് ഹോഡ, ദുഷ്യന്ത് ചൗത്താല തുടങ്ങി നിരവധി പ്രാദേശിക നേതൃത്വങ്ങള്‍ ഉയര്‍ന്നുവന്നു.

ജാതിസമവാക്യങ്ങളും ബിജെപിയുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തി. ചെറിയ ചെറിയ ജാതികളെ സ്വന്തം കൊടിക്കീഴിലെത്തിച്ച് ജാതി കളിക്കുന്ന രീതിയായിരുന്നു ബിജെപിയുടേത്. എന്നാല്‍ ഹരിയാനയിലെ പ്രമുഖ ജാതിയായ ജാട്ട് വിഭാഗം ഇത്തവണ ബിജെപിയെ കൈയൊഴിഞ്ഞു. ജാട്ട് മേധാവിത്തമുള്ള പ്രദേശങ്ങളില്‍ ബിജെപി വലിയ പരാജയമായിരുന്നു. ജാട്ട് വിഭാഗത്തിന് സംവരണം നേടിക്കൊടുക്കാന്‍ കഴിയാത്തതും മുന്‍ ജാട്ട് പ്രക്ഷോഭത്തില്‍ പെട്ട് നിരവധി പേര്‍ ജയിലിലായതും അവരെ പ്രകോപിപ്പിച്ചു.

ഹരിയാനയിലെ മുസ്‌ലിം പ്രദേശങ്ങളും സ്വാഭാവികമായും ബിജെപിക്ക് നഷ്ടപ്പെട്ടു. മഹാരാഷ്ട്രയില്‍ മറാത്തക്കാരുടെ പിന്തുണ ഉറപ്പാക്കാനും അവര്‍ക്കായില്ല. ദേശീയ നേതാക്കളും ദേശീയ പ്രശ്‌നങ്ങള്‍ക്കുമപ്പുറം പ്രാദേശിക നേതാക്കളും പ്രാദേശിക പ്രശ്‌നങ്ങളുമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്.

Next Story

RELATED STORIES

Share it